ഇറാന്‍ പുതിയ എണ്ണപ്പാടം കണ്ടെത്തി; രാജ്യത്തെ രണ്ടാമത്തെ വലുതെന്ന്
തെഹ്‌റാന്‍: യു.എസ് ഉപരോധത്തില്‍ കഷ്ടപ്പെടുന്ന ഇറാനില്‍ ഒരു പുതിയ എണ്ണപ്പാടം കണ്ടെത്തി. 5,300 കോടി ബാരല്‍ അസംസ്‌കൃത എണ്ണ ഇവിടെയുണ്ടെന്നാണ് കണക്കാക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തികനില മെച്ചപ്പെടാന്‍ ഇതു സഹായിക്കുമെന്ന് പ്രസിഡന്റ് ഹസന്‍ റൂഹാനി പറഞ്ഞു.
ഇറാനിലെ ഖൂസിസ്താന്‍ പ്രവിശ്യയിലാണ് 2,400 ച.കി.മീ വിസ്തൃതിയുള്ള എണ്ണപ്പാടം കണ്ടെത്തിയത്.
രാജ്യത്തെ രണ്ടാമത്തെ വലിയ എണ്ണപ്പാടമാണിത്. 6,500 കോടി ബാരലുള്ള അഹ്‌വാസാണ് രാജ്യത്തെ ഏറ്റവും വലിയ എണ്ണപ്പാടം. രാജ്യത്തെ ജനങ്ങള്‍ക്കുള്ള സര്‍ക്കാരിന്റെ ചെറിയൊരു സമ്മാനമാണിതെന്ന് റൂഹാനി പറഞ്ഞു.
എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ സംഘടനയായ ഒപെകില്‍ അംഗമായ ഇറാനില്‍ നിലവില്‍ 15,560 കോടി ബാരല്‍ എണ്ണശേഖരമുണ്ട്. മൊത്തം എണ്ണശേഖരത്തില്‍ 34 ശതമാനം ഇതോടെ വര്‍ധിക്കുമെന്ന് എണ്ണ ഭീമനായ ബിപി അറിയിച്ചു.
ലോകത്ത് ഏറ്റവുമധികം എണ്ണയുള്ള രാജ്യങ്ങളില്‍ നാലാംസ്ഥാനത്താണ് ഇറാനെന്ന് യു.എസ് എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ പറയുന്നു. പുതിയ എണ്ണപ്പാടത്തുനിന്ന് പ്രതീക്ഷിക്കുന്നപോലെ ഉല്‍പാദനം തുടങ്ങാനായാല്‍ സഊദിക്കു പിന്നില്‍ മൂന്നാംസ്ഥാനക്കാരായി ഇറാന്‍ മാറും.
പ്രകൃതിവാതകശേഖരത്തില്‍ രണ്ടാംസ്ഥാനത്താണ് ഇറാന്‍. 4,000 കോടി ഡോളര്‍ വരുമാനമുണ്ടാക്കുന്ന പുതിയൊരു പ്രകൃതിവാതക ശേഖരം കണ്ടെത്തിയതായി കഴിഞ്ഞമാസം റൂഹാനി പറഞ്ഞിരുന്നു.
അതേസമയം യു.എസ് ഉപരോധം മൂലം ഇറാന് പുതിയ എണ്ണശേഖരം കണ്ടെത്തിയതിന്റെ ഗുണഫലം ലഭിക്കുമോ എന്ന ആശങ്ക വിദഗ്ധര്‍ പങ്കുവയ്ക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."