ഇമ്രാന്‍ഖാനുമായി നര്‍മം പങ്കിട്ട് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്
ലാഹോര്‍: ഇന്ത്യ-പാക് ബന്ധം വിളക്കിച്ചേര്‍ക്കാന്‍ തുടക്കമായേക്കാവുന്ന കര്‍ത്താര്‍പുര്‍ ഇടനാഴി ഉദ്ഘാടനത്തോടനുബന്ധിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനുമായി നര്‍മം പങ്കിട്ട് പഞ്ചാബ് മുഖ്യമന്ത്രിയും 1965ലെ ഇന്ത്യ-പാക് യുദ്ധത്തിലെ ക്യാപ്റ്റനുമായിരുന്ന അമരീന്ദര്‍ സിങ്. പാകിസ്താനില്‍വച്ച് കര്‍ത്താര്‍പുര്‍ സാഹിബ് ഗുരുദ്വാരയിലേക്കുള്ള യാത്രയ്ക്കിടെ ഇമ്രാന്‍ഖാനുമൊത്ത് അഞ്ചു മിനുട്ട് ബസ് യാത്ര നടത്താന്‍ അവസരം ലഭിച്ചപ്പോള്‍ ഇരുവരും ചര്‍ച്ച ചെയ്തത് ക്രിക്കറ്റ് വിശേഷങ്ങള്‍. ഇമ്രാന്‍ ക്രിക്കറ്റ് കളിക്കുന്നത് താന്‍ കാണാറുണ്ടെന്ന് പറഞ്ഞ സിങ് ഇമ്രാന്‍ഖാന്റെ കുടുംബത്തെയും പരിചയപ്പെട്ടു.
കര്‍ത്താര്‍പുര്‍ ഇടനാഴിയുടെ അന്താരാഷ്ട്ര അതിര്‍ത്തിയിലെ സീറോ പോയിന്റില്‍വച്ച് ഇമ്രാന്‍ഖാനും വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷിയും ചേര്‍ന്നാണ് അമരീന്ദര്‍ സിങ് ഉള്‍പ്പെടെയുള്ള ആദ്യ സംഘത്തിലെ സിഖ് തീര്‍ഥാടകരെ സ്വീകരിച്ചത്.
ഇമ്രാന്‍ഖാന്റെ അമ്മാവന്‍ ജഹാന്‍ഗീര്‍ ഖാന്‍ പട്യാലക്കുവേണ്ടി ലാല അമര്‍നാഥിനും ഫാസ്റ്റ് ബൗളര്‍ അമര്‍ സിങ്ങിനുമൊപ്പം കളിച്ച കാര്യം അമരീന്ദര്‍ അനുസ്മരിച്ചു. ഇവരുടെ ടീമിനെ നയിച്ചത് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ അച്ഛന്‍ മഹാരാജ യദ്‌വീന്ദര്‍ സിങ്ങായിരുന്നു. അന്ന് പട്യാല ഭരണാധികാരി കൂടിയായിരുന്നു അദ്ദേഹം. ആ അഞ്ചു മിനുട്ട് ബസ് യാത്ര ഇരുവര്‍ക്കുമിടയിലെ അകല്‍ച്ച ഉരുക്കിയെന്ന് അമരീന്ദര്‍ സിങ്ങിന്റെ ഓഫിസ് പിന്നീട് പ്രസ്താവനയില്‍ പറഞ്ഞു.
ഹമാരാ സിദ്ദു കിഥര്‍ ഹേ...
കര്‍ത്താര്‍പുര്‍ ഇടനാഴി ഉദ്ഘാടനച്ചടങ്ങിനിടെ മന്‍മോഹന്‍ വരുന്നു എന്ന് ആരോ പറയുന്നത് ഇമ്രാന്‍ഖാന്‍ കേട്ടു. മന്‍മോഹന്‍ സിങ്ങും സംഘവും അപ്പോള്‍ വാഗാ അതിര്‍ത്തിയില്‍ എത്തിയിട്ടേ ഉണ്ടായിരുന്നുള്ളൂ.
ഉടന്‍ പാക് ഉദ്യോഗസ്ഥരോട് ഇമ്രാന്‍ഖാന്‍ പറഞ്ഞതിങ്ങനെ: അച്ഛാ, ഹമാരാ വഹ് സിദ്ദു കിഥര്‍ ഹേ (നല്ലത്, നമ്മുടെ സിദ്ദു എവിടെ?). ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന നവജ്യോത് സിങ് സിദ്ദുവിനെയാണ് ഉദ്ദേശിച്ചത്. ഉദ്ഘാടനച്ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് സാധാരണ തീര്‍ഥാടകനായാണ് എത്തിയത്.
സിദ്ദുവിനെ ഇമ്രാന്‍ഖാന്‍ നമ്മുടെ സിദ്ദു എന്നു വിശേഷിപ്പിച്ചത് സമൂഹമാധ്യമങ്ങളില്‍ വൈറലായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."