മുട്ടില്‍ ഓര്‍ഫനേജ് യു.പി സ്‌കൂളില്‍ പാര്‍ക്കൊരുങ്ങി; കുട്ടികള്‍ക്കിനി 'പാര്‍ക്കിലിരുന്നും പഠിക്കാം'
മുട്ടില്‍: ക്ലാസ് മുറിയിലുള്ള പഠനത്തിന് പുറമെ പാര്‍ക്കിലിരുന്നും കുട്ടികള്‍ക്ക് പഠിക്കാം, രസിക്കാം. മുട്ടില്‍ ഓര്‍ഫനേജ് യു.പി സ്‌കൂളിലാണ് കുട്ടികള്‍ക്കായി മനോഹര പാര്‍ക്കൊരുക്കിയത്.
സമഗ്രവും സമ്പൂര്‍ണവുമായ പഠനാന്തരീക്ഷം ലക്ഷ്യംവെച്ചാണ് മുട്ടില്‍ ഓര്‍ഫനേജ് യു.പി സ്‌കൂളില്‍ ചില്‍ഡ്രന്‍സ് പാര്‍ക്ക് നിര്‍മിച്ചത്. വിദ്യാലയത്തിന്റെ വികസനത്തില്‍ പുതിയ കാല്‍വെപ്പാണിത്. പി.ടി.എ കമ്മിറ്റിയുടെ സഹകരണത്തോടെയാണ് പാര്‍ക്ക് നിര്‍മിച്ചത്. പാര്‍ക്ക് കുരുന്നുകളുടെ മാനസിക വളര്‍ച്ചക്കും കായിക ക്ഷമതക്കും പഠനത്തിനും ഗുണകരമാകും.
ഉദ്ഘാടനം ജില്ലാ കലക്ടര്‍ എസ് സുഹാസ് നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് ലത്തീഫ് കക്കറത്ത് അധ്യക്ഷനായി. ഡബ്ല്യു.എം.ഒ പ്രസിഡന്റ് കെ.കെ അഹമ്മദ് ഹാജി വിവിധ മല്‍സര വിജയികള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു. സ്‌കൂള്‍ ലൈബ്രറിക്കുള്ള പുസ്തകങ്ങള്‍ ഒ.എം മുനീര്‍ ലൈബ്രറി കണ്‍വിനര്‍ ദിയ ഫാത്തിമക്ക് നല്‍കി. സുല്‍ത്താന്‍ ബത്തേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ ഇ സൈദലവി, ഡബ്ല്യു.എം.ഒ ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ ഇ അബ്ദുല്‍ അസീസ്, മദര്‍ പി.ടി.എ പ്രസിഡന്റ് സ്വപ്ന പ്രജീഷ്, ഹൈസ്‌കുള്‍ ഹെഡ്മാസ്റ്റര്‍ പി.വി മൊയ്തു, ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ പി.എ ജലീല്‍, അഷ്‌റഫ് എം, റസാഖ് ഇ.കെ, അബ്ദുല്ല പി, സീന റഫീഖ്, വിദ്യാര്‍ഥി പ്രതിനിധി ഫിദ നൗറിന്‍ സംസാരിച്ചു. പ്രധാനാധ്യാപിക മോളി കെ ജോര്‍ജ് സ്വാഗതവും എം അബ്ദുല്ല നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."