ഹോര്‍ട്ടികോര്‍പ്പ് വഴി സംഭരിച്ച പച്ചക്കറിക്ക് വില ലഭിക്കുന്നില്ല; കര്‍ഷകര്‍ ദുരിതത്തില്‍
മുക്കം: ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പന്നങ്ങള്‍ നേരിട്ട് വില്‍പന നടത്തുന്നതിനും പരമാവധി വില ലഭ്യമാക്കുന്നതിനുമായി സംസ്ഥാന കൃഷിവകുപ്പ് ആരംഭിച്ച ഹോര്‍ട്ടികോര്‍പ്പ് വഴി സംഭരിച്ച ഉല്‍പന്നങ്ങള്‍ക്ക് വില ലഭിക്കുന്നില്ലന്ന് പരാതി. ജില്ലയിലെ ഒട്ടുമിക്ക കര്‍ഷകരും കോഴിക്കോട് വേങ്ങേരിയിലെ ഹോര്‍ട്ടികോര്‍പ്പിനാണ് ഉല്‍പന്നങ്ങള്‍ നല്‍കിയിരുന്നത്. മുന്‍വര്‍ഷങ്ങളിലെല്ലാം സംഭരിക്കുന്ന ഉല്‍പന്നങ്ങള്‍ക്ക് ഉടന്‍ തന്നെ വില ലഭിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ മാസങ്ങള്‍ കഴിഞ്ഞാണ് വില ലഭിക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. മലപ്പുറം ജില്ലയില്‍ ഉള്‍പ്പെടെയുള്ള പല കര്‍ഷകര്‍ക്കും ഇപ്പോള്‍ ഹോര്‍ട്ടികോര്‍പ്പില്‍ നിന്നും ലക്ഷങ്ങളാണ് ലഭിക്കാനുള്ളത്.
ഇതോടെ ബാങ്ക് ലോണെടുത്തും പലിശയ്ക്ക് പണം കടമെടുത്തും കൃഷിയിറക്കിയ പല കര്‍ഷകരും ദുരിതത്തിലായിരിക്കുകയാണിപ്പോള്‍. നേരത്തെ സംഭരിക്കുന്ന സ്ഥലത്ത് വച്ച് തന്നെ വില നല്‍കുകയായിരുന്നു പതിവ്. എന്നാല്‍ പുതിയ സര്‍ക്കാര്‍ കര്‍ഷകരുടെ അക്കൗണ്ട് നമ്പര്‍ വാങ്ങി ഈ അക്കൗണ്ടിലേക്ക് പണം നല്‍കുമെന്നാണ് പറയുന്നത്. എന്നാല്‍ അക്കൗണ്ട് നമ്പര്‍ വാങ്ങിപ്പോയതല്ലാതെ പണം ഇതുവരെ ലഭിച്ചില്ലെന്ന് കര്‍ഷകര്‍ പറയുന്നു. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയ സമയത്ത് കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ വേങ്ങേരിയില്‍ മിന്നല്‍ സന്ദര്‍ശനം നടത്തുകയും നിരവധി ക്രമക്കേടുകള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. കൃഷി വകുപ്പിലെ അഴിമതിയും ഉദ്യോഗസ്ഥ കെടുകാര്യസ്ഥതയും അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന മന്ത്രിയുടെ ഉറപ്പില്‍ കര്‍ഷകര്‍ ഏറെ പ്രതീക്ഷയിലുമായിരുന്നു.
എന്നാല്‍ എല്ലാം തകിടം മറിക്കുന്ന നിലയിലേക്കാണ് ഇപ്പോള്‍ കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. പണം ലഭിക്കാന്‍ താമസം വന്നതോടെ പല കര്‍ഷകരും ഹോര്‍ട്ടികോര്‍പ്പിന് തങ്ങളുടെ ഉല്‍പന്നങ്ങള്‍ നല്‍കുന്നത് നിര്‍ത്തിവയ്ക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ വേങ്ങേരിയിലും പച്ചക്കറികള്‍ ഉള്‍പ്പെടെയുള്ളവക്ക് ക്ഷാമം അനുഭവപ്പെടും. ഹോര്‍ട്ടികോര്‍പ്പ് വഴി വില്‍പന കുറഞ്ഞാല്‍ പൊതുമാര്‍ക്കറ്റില്‍ വില വര്‍ധിക്കുന്നതിനും കാരണമാവുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. സംസ്ഥാനത്ത് പച്ചക്കറിയടക്കമുള്ള അവശ്യ സാധനങ്ങളുടെ വില വന്‍തോതില്‍ കുതിച്ചുയരുമ്പോഴാണ് പൊതുജനങ്ങള്‍ക്ക് ആശ്വാസമായ ഹോര്‍ട്ടികോര്‍പ്പിനെ നശിപ്പിക്കാന്‍ അധികൃതര്‍ ബോധപൂര്‍വം ശ്രമിക്കുന്നത്. സംസ്ഥാന തലത്തിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ പൊതുവിപണിയിലെ ഇടനിലക്കാരുമായി ഒത്തുകളിച്ച് മനഃപൂര്‍വം പണം നല്‍കല്‍ വൈകിപ്പിക്കുകയാണന്നും ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."