വൈദ്യുതി മേഖലയിലെ പ്രശ്‌നങ്ങളുന്നയിച്ച് വയറിങ് തൊഴിലാളികള്‍ പ്രക്ഷോഭത്തിലേക്ക്
തിരൂര്‍: അധികൃതര്‍ക്ക് സമര്‍പ്പിച്ച നിവേദനങ്ങള്‍ പരിഗണിച്ച് നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് വയറിങ് തൊഴിലാളികള്‍ പ്രക്ഷോഭത്തിലേക്ക്. വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട് അപേക്ഷകരും ഉപഭോക്താക്കളും വയറിങ് തൊഴിലാളികളും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് സമരം. ഇതിന്റെ ഭാഗമായി ഈ മാസം 28ന് വയറിങ് തൊഴിലാളികള്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തുമെന്ന് ഇലക്ട്രിക്കല്‍ വയര്‍മാന്‍ സൂപ്പര്‍വൈസര്‍ ആന്റ് കോണ്‍ട്രാക്ടേഴ്‌സ് ഏകോപന സമിതി തിരൂര്‍ ഡിവിഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
വൈദ്യുതി കണക്ഷനായുള്ള ഓണ്‍ലൈന്‍ അപേക്ഷകളില്‍ കോണ്‍ട്രാക്ടര്‍, സൂപ്പര്‍വൈസര്‍, വയര്‍മാന്‍ എന്നിവരുടെ ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഉള്‍പ്പെടുത്താനുള്ള സംവിധാനമാരുക്കുക, സി ക്ലാസ് ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടര്‍ ലൈസന്‍സ് അനുവദിക്കുന്നതിനുള്ള പ്രതിസന്ധി പരിഹരിക്കുക, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ്, കെ.എസ്.ഇ.ബി എന്നിവയെ ഒരൊറ്റ നെറ്റ് വര്‍ക്ക് മുഖേന ബന്ധിപ്പിച്ച് വയറിങ് സംബന്ധിച്ച രേഖകള്‍ കൈമാറുന്നതിന് നടപടി സ്വീകരിക്കുക, സര്‍വിസ് കണക്ഷന് അപേക്ഷ സമര്‍പ്പിച്ച് ഡെപ്പോസിറ്റ് സ്വീകരിക്കുന്നതിന് മുമ്പ് ലൈസന്‍സി സുരക്ഷാ പരിശോധന കാര്യക്ഷമമായി നടത്തണമെന്ന നിബന്ധന കര്‍ശനമായി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഏകോപന സമിതി സമരരംഗത്തേക്കിറങ്ങുന്നത്. സെക്രട്ടേറിയറ്റ് മാര്‍ച്ച് സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനം ചെയ്യും. മാര്‍ച്ചില്‍ അയ്യായിരം വയറിങ് തൊഴിലാളികള്‍ പങ്കെടുക്കുമെന്ന് തിരൂര്‍ ഡിവിഷന്‍ പ്രസിഡന്റ് ഷാജഹാന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."