ഇന്ത്യ-ബംഗ്ലാദേശ് ആദ്യ ടെസ്റ്റ് നാളെ
മുംബൈ: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോരാട്ടത്തിനായി കാലെടുത്തുവച്ച ശേഷം ഇന്ത്യന്‍ ടീമിന് നല്ലകാലമാണ്. കളിച്ച രണ്ട് പരമ്പരയും തൂത്തുവാരി. ആദ്യത്തേത് കരീബിയന്‍ മണ്ണില്‍ വെസ്റ്റ് ഇന്ഡീസിനെതിരേയാണെങ്കില് രണ്ടാമത്തേത് സ്വന്തം നാട്ടില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരേയും. ഇതോടെ ചാംപ്യന്‍ഷിപ്പ് പട്ടികയില്‍ അഞ്ച് മത്സരങ്ങളില്‍ അഞ്ചിലും വിജയവുമായി ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചിരിക്കുകയാണ് ഇന്ത്യന്‍ ടീം. പട്ടികയില്‍ രണ്ടു പരമ്പരകളില്‍ നിന്നായി ഇന്ത്യക്ക് 240 പോയിന്റുണ്ട്. പട്ടികയില്‍ രണ്ടാമതുള്ള ന്യൂസിലന്‍ഡുമായി 180 പോയിന്റ് വ്യത്യാസം. തുടര്‍ ജയങ്ങള്‍ക്ക് പിന്നാലെ നാളെ ഇന്‍ഡോറില്‍ ബംഗ്ലാദേശുമായുള്ള അങ്കത്തിന് ഇന്ത്യ ഒരുങ്ങിക്കഴിഞ്ഞു. അതേസമയം, ചാംപ്യന്‍ഷിപ്പ് തുടങ്ങിയതു മുതല്‍ ആദ്യമായാണ് ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരക്കായിറങ്ങുന്നത്.
രണ്ട് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. രണ്ടാമത്തെ ചരിത്രപ്രധാനമായ പിങ്ക് ബോള്‍ ടെസ്റ്റിന് ഈഡന് ഗാര്‍ഡന്‍സ് ആതിഥേയത്വം വഹിക്കും.
നേരത്തേ നടന്ന ടി20 പരമ്പര സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ നേരിട്ട പരാജയത്തില്‍നിന്ന് കരകയറിയ ഇന്ത്യ പിന്നീടുള്ള രണ്ട് മത്സരവും സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് നാളെ ഇറങ്ങുന്നത്. അതേസമയം, ടി20യില്‍ വിശ്രമമനുവദിച്ച നായകന് വിരാട് കോഹ്ലിയും ടീമിനെപ്പം ചേരുന്നതോടെ കൂടുതല്‍ കരുത്തോടെയാവും ഇന്ത്യ ബംഗ്ലാദേശിനെതിരേ അണി നിരക്കുക.
സ്ക്വാഡ്: വിരാട് കോഹ്ലി (നായകന്), രോഹിത് ശര്‍മ, മായങ്ക് അഗര്‍വാള്‍, രവിചന്ദ്രന്‍ അശ്വിന്, ശുഭ്മാന്‍ ഗില്‍, രവീന്ദ്ര ജഡേജ, വൃദ്ധിമാന്‍ സാഹ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ, ഹനുമാ വിഹാരി, കുല്‍ദീപ് യാദവ്, ഉമേഷ് യാദവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."