പ്രശസ്ത ഗായകന്‍ കൊച്ചിന്‍ ആസാദ് അന്തരിച്ചു; വിടവാങ്ങിയത് കേരള 'റഫി'
കൊച്ചി: പ്രശസ്ത ഗായകന്‍ കൊച്ചി ആസാദ് അന്തരിച്ചു. 62 വയസ്സായിരുന്നു. ഇന്നലെ രാത്രിയില്‍ നെഞ്ചുവേദനമൂലം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. 'കേരള റഫി' എന്നറിയപ്പെട്ടിരുന്ന മട്ടാഞ്ചേരി സ്വദേശിയായ ആസാദ് അനശ്വര ഗായകനായ മുഹമ്മദ് റഫിയുടെ ഗാനങ്ങള്‍ ആലപിച്ചാണ് ആസ്വാദകഹൃദയങ്ങളില്‍ ഇടംപിടിച്ചത്. മൂന്നു പതിറ്റാണ്ടുകളായി റഫി ഗാനങ്ങള്‍ മാത്രമാണ് പാടിയിരുന്നത്.
ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്‍പ്പടെ ആയിരത്തിലധികം വേദികളില്‍ റാഫിയുടെ ഗാനങ്ങള്‍ പാടിയ ആസാദ്, റാഫിയുടെ ശബ്ദം ചുണ്ടുകളില്‍ ആവാഹിച്ചെടുത്ത ഗായകനായാണ് അറിയപ്പെട്ടിരുന്നത്. പിതാവ് പരേതനായ യൂസുഫും നന്നായി ഹിന്ദി പാട്ടുകള്‍ പാടിയിരുന്നു. ആസാദിനു റഫി ഗാനങ്ങള്‍ പരിചയപ്പെടുത്തിയതും പിതാവാണ്. 1977ല്‍ ബഹ്‌റൈനിലേക്കു പോയ ആസാദ് അവിടെയും സംഗീതപരിപാടികളില്‍ സജീവമായി.
ഭാര്യ: സക്കീന. മക്കള്‍: നിഷാദ് ആസാദ്, ബിജു ആസാദ്. മരുമക്കള്‍: ഷംജ നിഷാദ്, ഫെമിന ബിജു. ഖബറടക്കം ഇന്നു വൈകീട്ട് മൂന്നിന് പള്ളുരുത്തി തങ്ങള്‍ നഗര്‍ മുഹമ്മദ് പള്ളിയില്‍.
Singer Cochin Azad passes away
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."