നെടിയശാല സെന്റ് മേരീസ് യുപി സ്‌കൂളില്‍ മോഷണം
തൊടുപുഴ: നെടിയശാല സെന്റ് മേരീസ് യുപി സ്‌കൂളില്‍ സ്റ്റാഫ് റൂം കുത്തിതുറന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന ആയിരം രൂപ അപഹരിച്ചു. വ്യാഴാഴ്ച രാത്രിയിലാണ് മോഷണം അരങ്ങേറിയത്.
മുറിക്കുള്ളില്‍ വ്യാപകമായി പരിശോധന നടത്തിയതിന്റെ ലക്ഷണമുണ്ട്. മുറിക്കുള്ളിലെ സാധനങ്ങളെല്ലാം വാരി വലിച്ചിട്ട നിലയിലാണ്. കൂടുതലായൊന്നും നഷ്ടമായിട്ടില്ലെന്നാണ് വിലയിരുത്തല്‍. വിദ്യാര്‍ഥികള്‍ക്ക് ഡയറി നല്‍കിയ ഇനത്തില്‍ ലഭിച്ച പണമാണ് മോഷ്ടാവ് അപഹരിച്ചത്.
പ്രധാനാധ്യാപികയുടെ മുറിയിലും മോഷ്ടാവ് കടന്നിരുന്നു. എന്നാല്‍, ഇവിടെ നിന്നും ഒന്നും നഷ്ടമായിട്ടില്ല. സമീപത്തെ കമ്പ്യൂട്ടര്‍ റൂം കുത്തിപ്പൊളിക്കാനും ശ്രമിച്ചിട്ടുണ്ട്.
സ്‌കൂളിലെ പാചക തൊഴിലാളി വെള്ളിയാഴ്ച രാവിലെ സ്‌കൂളില്‍ എത്തിയപ്പോള്‍ ഓഫീസിന്റെ വാതില്‍ തുറന്നു കിടക്കുകയായിരുന്നു. ഇവര്‍ സ്‌കൂള്‍ അധികൃതരെയും തുടര്‍ന്ന് പൊലീസിനെയും വിവരം ധരിപ്പിച്ചു. തൊടുപുഴ സി.ഐ എന്‍. ജി ശ്രീമോന്‍, എസ്.ഐ വി. സി വിഷ്ണുകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്ത് പരിശോധന നടത്തി. ഓഫീസിന് സമീപത്തെ കഞ്ഞിപ്പുരയില്‍ സൂക്ഷിച്ചിരുന്ന വാക്കത്തി ഉപയോഗിച്ചാണ് ഓഫീസിന്റെ വാതില്‍ കുത്തിതുറന്നതെന്ന് കണ്ടെത്തി.
കഴിഞ്ഞ ദിവസം തൊടുപുഴ തെനംകുന്ന് പള്ളിയിലും മോഷണം നടന്നിരുന്നു. സമീപത്തെ സെന്റ് സെബാസ്റ്റിയന്‍സ് ഹൈസ്‌കൂളിലും മോഷണശ്രമമുണ്ടായി. ഈ സംഭവവുമായി ബന്ധമുള്ളവര്‍ തന്നെയാകാം നെടിയശാലയിലെ മോഷണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും പൊലിസ് പറഞ്ഞു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്ത് തെളിവ്് ശേഖരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."