പീരുമേട് ടൗണില്‍ പുലിയിറങ്ങിയതായി അഭ്യൂഹം
പീരുമേട്: ജനവാസ കേന്ദ്രത്തില്‍ വീണ്ടും പുലി ഇറങ്ങിയതായി അഭ്യൂഹം. ജനങ്ങള്‍ ഭീതിയില്‍. പീരുമേട് ടൗണില്‍ നിന്നും മീറ്ററുകള്‍ മാത്രം അകലെ റിവര്‍ വ്യൂ ലൈനിലുള്ള പുരയിടത്തിലാണ് പുലിയുടേതെന്നു സംശയിക്കുന്ന കാല്‍പ്പാടുകള്‍ കണ്ടെത്തിയത്. ഇന്നലെ പുലര്‍ച്ചെ മുല്ലക്കല്‍ പരമേശ്വരന്റെ വീട്ടിലെ കോഴിക്കൂട് തകര്‍ത്ത നിലയിലും എട്ടു കോഴികളെ ചത്ത നിലയിലും കണ്ടെത്തിയിരുന്നു.
പുലി പിടിച്ചതാണോ എന്നും വിട്ടുകാര്‍ സംശയിക്കുന്നു. രാത്രിയില്‍ കോഴിക്കൂടിന് സമീപം ബഹളം കേട്ടെങ്കിലും മഴയായതിനാല്‍ പുറത്തിറങ്ങാനായില്ലെന്നു വീട്ടുകാര്‍ പറഞ്ഞു. രണ്ടു ദിവസങ്ങള്‍ക്കു മുന്‍പ് വീട്ടിലെ രണ്ടു പൂച്ചകളും സമാനമായ രീതിയില്‍ ചത്തിരുന്നു.
കോഴിക്കൂടിനു സമീപത്തും അടുത്ത പുരയിടങ്ങളിലും നിറയെ പുലിയുടെ കാല്പാടുകളുണ്ട്. വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥലത്തെത്തിയത് ക്യാറ്റ് ലെപ്പേര്‍ഡിനത്തില്‍ പെട്ട ജീവിയാണെന്നാണ് പ്രാഥമിക നിഗമനം. പീരുമേട് അമ്പല പരിസരത്തും പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടതായി നാട്ടുക്കാര്‍ പറഞ്ഞു. മാസങ്ങള്‍ക്ക് മുന്‍പ് പീരുമേട് സര്‍ക്കാര്‍ അതിഥിമന്ദിരത്തിനു സമീപത്തും പീരുമേട് സബ് ജയിലിന് സമീപത്തെ കൃഷിയിടത്തിലും പുലിയിറങ്ങിയിരുന്നു. അന്ന് പുലി വളര്‍ത്തുനായകളെ കൊന്നു തിന്നു. സമീപത്തെ വിനോദ സഞ്ചാര കേന്ദ്രമായ പരുന്തുംപാറയിലും മുന്‍പ് പുലിയെത്തിയിരുന്നു. വളര്‍ത്തു മൃഗങ്ങളേയും കാട്ടുമൃഗങ്ങളേയും വേട്ടയാടിയിരുന്ന പുലിയുടെ ചിത്രം വനം വകുപ്പ് സ്ഥാപിച്ചിരുന്ന ക്യാമറയില്‍ പതിഞ്ഞിരുന്നു. പീരുമേട് മേഖല വനപാലകരുടെ നിരീക്ഷണത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."