കെ.എം മാണിയുടെ യാത്ര എങ്ങോട്ട്?
പ്രതീക്ഷിച്ചതു പോലെ കേരള കോണ്‍ഗ്രസ് യു.ഡി.എഫ് വിട്ടിരിക്കുകയാണ്. ചരല്‍കുന്നിലെ ക്യാംപ് കഴിഞ്ഞതിനു ശേഷം പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണിതന്നെയാണ് പത്രസമ്മേളനത്തില്‍ യു.ഡി.എഫുമായും കോണ്‍ഗ്രസുമായും വഴിപിരിയുന്നതായി അറിയിച്ചത്.
പാര്‍ട്ടിയെയും ചെയര്‍മാനെയും ദുര്‍ബലപ്പെടുത്തുന്നതിനും അപകീര്‍ത്തിപ്പെടുത്തുന്നതിനും കോണ്‍ഗ്രസിലെ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വം നടത്തിയ ശ്രമങ്ങ ളെത്തുടര്‍ന്നാണ് മുന്നണി വിടുന്നതെന്നാണ് കെ.എം മാണി അറിയിച്ചത്. തീര്‍ത്തും ബാലിശമായൊരു നിലപാടാണിത്. ബാര്‍കോഴ ആരോപണത്തിന് ശേഷം യു.ഡി.എഫിന് ഒപ്പം നിന്ന് തെരഞ്ഞെടുപ്പിനെ നേരിട്ട് വിജയിച്ചുവന്നതിനു ശേഷം വിട്ടുപോകാനുള്ള തീരുമാനം തീര്‍ത്തും ദുരുപദിഷ്ടമാണ്. നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കുകയും ഇരുമുന്നണികളോടും സമദൂരം പാലിക്കുകയും ചെയ്യുമെന്നാണ് പറയുന്നത്. കേന്ദ്രത്തില്‍ യു.പി.എയ്ക്ക് പ്രശ്‌നാധിഷ്ഠിത പിന്തുണയും വാഗ്ദാനം ചെയ്യുന്നുണ്ട്.
കോണ്‍ഗ്രസിലെ രമേശ് ചെന്നിത്തല വിഭാഗം നയിക്കുന്ന ഐ ഗ്രൂപ്പിനെ അതിനിശിതമായി വിമര്‍ശിച്ചുകൊണ്ടാണ് കേരള കോണ്‍ഗ്രസ് മുന്നണി വിട്ടത്. പ്രാദേശികതലത്തില്‍ പഴയ ബന്ധവും, യു.പി.എ ബന്ധത്തില്‍ പ്രശ്‌നാധിഷ്ഠിത നിലപാടും തുടരുമെന്ന കേരള കോണ്‍ഗ്രസിന്റെ തീരുമാനത്തിനെതിരേ കോണ്‍ഗ്രസ് ഇപ്പോള്‍തന്നെ രൂക്ഷമായി പ്രതികരിച്ചുകഴിഞ്ഞു. നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കുക എന്നതും പുറത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണത്തില്‍ പങ്കാളിത്തം തുടരുകയെന്നതും ഒരു മുന്നണിക്കും സമ്മതിക്കനാവില്ല. പ്രത്യേക ബ്ലോക്കായിരിക്കുക എന്നതുതന്നെ മുന്നണിയില്‍ നിന്നും വിട്ടുപോവുക എന്നതാണ്. പിന്നെയൊരു പ്രാദേശിക സഖ്യത്തിന് എന്തര്‍ഥം? ഈ യാഥാര്‍ഥ്യം ചെയര്‍മാന്‍ കെ.എം മാണിക്കും അറിയാതിരിക്കുവാന്‍ വഴിയില്ല. ഇതിലൊളിഞ്ഞിരിക്കുന്ന തന്ത്രം വളരെ വ്യക്തമാണ്. ഇരുമുന്നണികളെയും മോഹവലയത്തില്‍ നിര്‍ത്തി കാര്യം നേടുക എന്നതാണ് ആ തന്ത്രം. അതു വിജയിക്കാത്തപക്ഷം കെ.എം മാണിയുടെ യാത്ര എങ്ങോട്ടാണെന്ന് കാലം തന്നെ നിശ്ചയിക്കേണ്ടിവരും. ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എയിലേക്കില്ലെന്ന് കെ.എം മാണി പറയുന്നുണ്ടെങ്കിലും അവസാന ലക്ഷ്യം അതുതന്നെയായിരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പു നടക്കാന്‍ ഇനിയും മൂന്നുവര്‍ഷം ബാക്കിയുണ്ട്. അവസരവാദ രാഷ്ട്രീയം പയറ്റാന്‍ ഈ കാലയളവ് ധാരാളം.
ബി.ജെ.പിക്ക് തന്നെയാണ് ഇനിയും സാധ്യതയെങ്കില്‍ എന്‍.ഡി.എയുമായി പുതിയൊരു സഖ്യം രൂപപ്പെടുത്താമെന്ന് കെ.എം മാണി കരുതുന്നുണ്ടാകണം. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയോടൊപ്പം പോകാനുള്ള ശ്രമം അവസാന നിമിഷം മാറ്റിവയ്ക്കുകയായിരുന്നു. ചുണ്ടിനും കപ്പിനും ഇടയില്‍വച്ച് ജോസ് കെ മാണിക്ക് കേന്ദ്രമന്ത്രിസ്ഥാനം നഷ്ടപ്പെട്ടതു പോലെയായി ആ തീരുമാനം. യു.പി.എ മൂന്നാം തവണയും അധികാരത്തില്‍ വരുമെന്ന കണക്കുകൂട്ടലിനെത്തുടര്‍ന്നായിരുന്നു യു.പി.എയില്‍ തുടര്‍ന്നത്. വരാനിരിക്കുന്ന മൂന്നുവര്‍ഷവും എന്‍.ഡി.എ മുന്നണി ഇതേ പ്രഭാവത്തോടെ നില്‍ക്കുകയാണെങ്കില്‍ സമദൂരം മതിയാക്കി എന്‍.ഡി.എ മുന്നണിയിലേക്കുപോകാം. അതല്ല, മൂന്നുവര്‍ഷത്തിനുള്ളില്‍ യു.പി.എ മുന്നണിക്കും യു.ഡി.എഫിനും തന്നെയാണ് സാധ്യതയെങ്കില്‍ തെറ്റുതിരുത്തി വരികയാണെന്ന് പറഞ്ഞ് വീണ്ടും യു.ഡി.എഫിലേക്ക് ചേക്കേറാം. ഇതിനൊക്കെ മൂന്നുവര്‍ഷം ധാരാളം. 2019 ലോ 2020 ലോ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പോടെ പ്രത്യേക ബ്ലോക്കായി ഇരിക്കുന്ന പരിപാടി അവസാനിപ്പിച്ച് വീണ്ടും അവസരവാദ രാഷ്ട്രീയ നിലപാടുകളുമായി കേരള കോണ്‍ഗ്രസ് വരും. സുവര്‍ണാവസരത്തിനുള്ള കാത്തിരിപ്പിന് ഞൊണ്ടി ന്യായം പറഞ്ഞ് യു.ഡി.എഫ് വിട്ടു എന്നല്ലാതെ മറ്റെന്ത് ആദര്‍ശത്തിന്റെ പേരിലാണ് കെ.എം മാണി യു.ഡി.എഫ് വിട്ടത്? കര്‍ഷകതാല്‍പര്യം പറയുന്ന പാര്‍ട്ടിക്ക് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ പ്രതിഷേധിച്ച് മുന്നണി വിടാമായിരുന്നില്ലേ? പാര്‍ട്ടിക്ക് എന്തെങ്കിലും ആക്ഷേപമുണ്ടായിരുന്നുവെങ്കില്‍ ഒരിക്കലെങ്കിലും അത് മുന്നണിയോഗത്തില്‍ ഉന്നയിക്കാതിരുന്നത് എന്തുകൊണ്ട്?
പ്രതിപക്ഷത്ത് യു.ഡി.എഫിനൊപ്പം കഴിയുന്നതു കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നും കിട്ടാനില്ല. പ്രത്യേക ബ്ലോക്കായി ഇരിക്കുകയാണെങ്കില്‍ ബാര്‍കോഴ കേസില്‍ ഇടതുപക്ഷ മുന്നണിയുടെ ഭാഗത്തുനിന്ന് മൃദുസമീപനം പ്രതീക്ഷിക്കുകയും ചെയ്യാം. അവര്‍ മുന്നണിയിലെടുക്കുകയില്ലെങ്കിലും. യു.ഡി.എഫ് കെ.എം മാണിക്കെതിരേ പ്രത്യക്ഷത്തില്‍ നീങ്ങിയതായി ഇതുവരെ ആരോപിക്കപ്പെട്ടിട്ടില്ല. യു.ഡി.എഫ് ആയിരുന്നില്ല അദ്ദേഹത്തെ ബാര്‍കോഴ കേസില്‍ കുടുക്കിയത്. ബാര്‍കോഴ കേസില്‍ നിന്ന് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത് യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തുമാണ്. സാങ്കല്‍പികമായ ചില കുറ്റാരോപണങ്ങളുടെ പേരില്‍ മുപ്പത് വര്‍ഷത്തെ ബന്ധമാണ് കെ.എം മാണി നഷ്ടപ്പെടുത്തിയതെന്ന് അദ്ദേഹം ഓര്‍ക്കണം. ബാര്‍കോഴ കേസ് കത്തിനില്‍ക്കേ അദ്ദേഹത്തിന്റെ രാജിക്കുവേണ്ടി മുറവിളി കൂട്ടിയവരും തെരുവില്‍ അദ്ദേഹത്തിനെതിരേ പ്രത്യക്ഷസമരം നടത്തിയവരുമായിരുന്നു ബി.ജെ.പിയും സി.പി.എമ്മും. അവരുടെ അന്നത്തെ നിലപാടുകളെ അവര്‍ ഇന്നും ന്യായീകരിക്കുമ്പോള്‍ അടുത്തൊന്നും ആ മുന്നണിയിലേക്ക് കാലെടുത്തുവയ്ക്കാന്‍ അവസരവാദ രാഷ്ട്രീയത്തിന്റെ ചരിത്രം പേറുന്ന കേരള കോണ്‍ഗ്രസിന് കഴിയുകയുമില്ല. എങ്കിലും കാത്തിരുന്നു കാത്തിരുന്ന് മൂന്നുവര്‍ഷം തികയ്ക്കാം.
സാധ്യതകളുടെ കലയാണ് രാഷ്ട്രീയം എന്നൊരു ആപ്തവാക്യമുണ്ട്. എന്നാല്‍ അവസരവാദ രാഷ്ട്രീയത്തിന്റെ കലയും കൂടിയാണ് രാഷ്ട്രീയമെന്ന് കേരള കോണ്‍ഗ്രസ് തെളിയിച്ചുകൊണ്ടിരിക്കുന്നു. അത്തരം സംഭവങ്ങള്‍ക്ക് അവരുടെ മുന്‍കാല ചരിത്രം തന്നെ സാക്ഷിയാണ്. അത്തരമൊരു സാധ്യതയെ ഉപയോഗപ്പെടുത്താനുള്ള ഇപ്പോഴത്തെ തീരുമാനം പക്ഷേ, ദുരന്തത്തിലായിരിക്കും കലാശിക്കുക. കെ.എം മാണിക്കൊപ്പം ബി.ജെ.പിയിലേക്ക് മുഴുവന്‍ കേരള കോണ്‍ഗ്രസ് നേതാക്കളും എം.എല്‍.എമാരും പോകുമെന്ന് യാതൊരുറപ്പുമില്ല. കെ.എം മാണിയോട് ആറ് എം.എല്‍.എമാരും പാര്‍ട്ടി തീരുമാനത്തിനൊപ്പം നില്‍ക്കുമെന്ന് ഇപ്പോള്‍ കട്ടായം പറയുന്നുണ്ടെങ്കിലും നാളെ അങ്ങനെയാവണമെന്നില്ല. കെ.എം മാണിതന്നെ ആവിഷ്‌കരിച്ച സിദ്ധാന്തമാണ് വളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുന്ന പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ് എന്നത്. അതൊരിക്കല്‍കൂടി പുലരാന്‍ ഏറെക്കാലം കാത്തിരിക്കേണ്ടിവരില്ല. സമദൂരസിദ്ധാന്തമെന്ന പൊള്ളത്തരം വിലപേശാനുള്ള തന്ത്രം മാത്രമാണ്. നല്ലത് ചെയ്യുന്നവരെ പിന്തുണക്കുമെന്ന് പറയുന്നവര്‍ നല്ലത് ചെയ്തിരുന്നുവോ എന്ന് ആത്മപരിശോധന നടത്തണം.
ഘടകക്ഷികള്‍ മുന്നണിയില്‍ നിന്നും വിട്ടുപോകുന്നത് മുന്നണിക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിന് ഒരിക്കലും ഭൂഷണമല്ല. ഗ്രൂപ്പുകളുടെ അതിപ്രസരം കോണ്‍ഗ്രസിനെ നശിപ്പിക്കുന്നതോടൊപ്പം ഘടകകക്ഷികളെ അകറ്റുകയും ചെയ്യുന്നതിലേക്ക് കാര്യങ്ങള്‍ നീങ്ങരുത്. ജനാധിപത്യ മതേതര കക്ഷികള്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ട ഒരു സമയത്ത് അവരെ നിലനിര്‍ത്തേണ്ട ബാധ്യത കോണ്‍ഗ്രസിനുണ്ട്. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ ആര്‍ക്കും തനിയേ മത്സരിച്ചു ജയിക്കാനാവാത്തതു കൊണ്ടാണ് മുന്നണി രാഷ്ട്രീയ പരീക്ഷണം നടന്നുകൊണ്ടിരിക്കുന്നത്. ഘടകകക്ഷികളെ തുല്യപരിഗണനയോടെ കോണ്‍ഗ്രസിനു കാണാന്‍ കഴിയുന്നില്ലെങ്കില്‍ യു.ഡി.എഫ് ആയിരിക്കും തകരുക. അതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് കോണ്‍ഗ്രസിലെ ഗ്രൂപ്പു നേതാക്കള്‍ക്ക് ഒഴിഞ്ഞുമാറാനും ആവില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."