ഫാത്തിമക്ക് നീതി ലഭിക്കണം, ഇക്കാര്യത്തില്‍ കേരളം ഒറ്റക്കെട്ടായി ജാഗ്രത പാലിക്കണം: എം.കെ മുനീര്‍
തിരുവനന്തപുരം: മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ഥിനി മലയാളിയായ ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യയെ കുറിച്ച് സമഗ്രവും നീതിനിഷ്ഠവുമായ അന്വേഷണം നടത്താന്‍ തമിഴ്‌നാട് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കേരള സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ നിയമസഭയില്‍ ആവശ്യപ്പെട്ടു.
പഠനത്തില്‍ അതീവ മിടുക്കിയായ, ധാരാളം പുസ്തകങ്ങള്‍ വായിക്കുന്ന, പ്രതിഭാശാലിയായ പെണ്‍കുട്ടിയായിരുന്നു ഫാത്തിമ. എട്ടാം ക്ലാസ് തൊട്ടേയുള്ള അവളുടെ ആഗ്രഹത്തിന്റെ പൂര്‍ത്തീകരണമായിരുന്നു എന്‍ട്രന്‍സില്‍ ഒന്നാം റാങ്കോടെയുള്ള ഐ.ഐ.ടി പ്രവേശനം. എത്രമാത്രം വലിയ പ്രതീക്ഷകളുമായിട്ടായിരിക്കും അവള്‍ ജീവിതത്തെ സമീപിച്ചിട്ടുണ്ടാവുക. അതെല്ലാമാണ് ഒരു സുപ്രഭാതത്തില്‍ അവസാനിച്ചിരിക്കുന്നതെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
വര്‍ത്തമാന സാമൂഹിക സാഹചര്യം ഒട്ടും സുരക്ഷിതമല്ലാത്ത ഒരു കാലത്താണ്, ക്യാംപസുകളെയും അതിന്റെ ദുര്‍ഭൂതങ്ങള്‍ പിടികൂടിയിരിക്കുന്നത്. രോഹിത് വെമൂല മുതല്‍ ഫാത്തിമയടക്കമുള്ള കുട്ടികള്‍ അതിന്റെ രക്തസാക്ഷികളാണ്. നന്മയും പാരസ്പര്യവും ഫെഡറല്‍ തത്വങ്ങളും അദ്ധ്യാപകരുടെ മനസില്‍ നിന്ന് കൂടെ നഷ്ടപ്പെട്ടാല്‍ അതെത്രമാത്രം വലിയ ഭീകരാവസ്ഥയിലേക്കാണ് സമൂഹത്തെ നയിക്കുക. ഐഡന്റിറ്റിയുടെ പേരിലുള്ള പൂര്‍വ്വ വൈരാഗ്യത്തിന്റെ ഇരകളായി ഇനിയൊരു കുട്ടിക്കും ജീവനൊടുക്കേണ്ടി വരാതിരിക്കട്ടെ. ഫാത്തിമക്ക് നീതി ലഭിക്കണം. ഇക്കാര്യത്തില്‍ കേരളം ഒറ്റക്കെട്ടായി ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."