ജീന്‍ എഡിറ്റിങ്ങിലൂടെ കുട്ടികള്‍; ചൈന അന്വേഷണത്തിന് ഉത്തരവിട്ടു
ബെയ്ജിങ്: ജനിതക മാറ്റംവരുത്തി ഇരട്ടക്കുട്ടികള്‍ ജനിച്ചെന്ന ഗവേഷകന്റെ അവകാശംവാദം സംബന്ധിച്ച് അന്വേഷണം നടത്താന്‍ ചൈന ഉത്തരവിട്ടു. ഇതു വളരെ ആശങ്കയുണ്ടാക്കുന്നതാണെന്നു വ്യക്തമാക്കിയ ചൈനീസ് നാഷനല്‍ ഹെല്‍ത്ത് കമ്മിഷന്‍, പ്രവിശ്യ ആരോഗ്യ ഉദ്യോഗസ്ഥരോട് അടിയന്തരമായി അന്വേഷണം നടത്തി വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ടു.
ചരിത്രത്തിലാദ്യമായി ജീന്‍ എഡിറ്റ് ചെയ്തു ജനിതകമാറ്റം വരുത്തിയ ഇരട്ടക്കുട്ടികള്‍ ജനിച്ചെന്ന അവകാശവാദവുമായി ചൈനയിലെ ഷെന്‍ചെനിലെ സതേണ്‍ യൂനിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ ഗവേഷകനായ ഹി ജിയാന്‍കൂയാണ് കഴിഞ്ഞ ദിവസം രംഗത്തെത്തിയത്.
'ക്രിസ്പര്‍ കാസ് 9' എന്ന ജീന്‍ എഡിറ്റിങ് വിദ്യയുപയോഗിച്ചു ജനിതകഘടനയില്‍ മാറ്റം വരുത്തിയ ഇരട്ടപ്പെണ്‍കുട്ടികള്‍ ജനിച്ചെന്നായിരുന്നു അവകാശവാദം. ഇവര്‍ക്ക് എച്ച്.ഐ.വി ബാധയുണ്ടാകില്ലെന്നും അദ്ദേഹം പുറത്തുവിട്ട വിഡിയോയില്‍ വ്യക്തമാക്കി.
എന്നാല്‍, ഗവേഷകന്റെ അവകാശവാദത്തിനെതിരേ നിരവധി പേര്‍ രംഗത്തെത്തി. ജനിതക മാറ്റത്തിലൂടെ കൂട്ടികള്‍ ജനിച്ചുവെന്നതു വസ്തുതാപരമല്ലെന്നും വിചിത്രമാണെന്നും 120 ചൈനീസ് ശാസ്ത്രജ്ഞര്‍ ഒപ്പുവച്ച കത്തിലൂടെ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."