ചൈനയ്‌ക്കെതിരേ ഉപരോധത്തിന് മുറവിളി
വാഷിങ്ടണ്‍: ഉയിഗുര്‍ മുസ്‌ലിം വിഭാഗങ്ങളെ തടങ്കലില്‍ പീഡിപ്പിക്കുന്ന ചൈനയ്‌ക്കെതിരേ ഉപരോധമേര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. ചൈനയ്‌ക്കെതിരേ ലോക രാജ്യങ്ങള്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു നൂറുകണക്കിനു വിദ്യാഭ്യാസ വിചക്ഷണരാണ് ഇന്നലെ യു.എസില്‍ രംഗത്തെത്തിയത്.
നടപടിയെടുക്കുന്നതില്‍ പരാജയപ്പെട്ടാല്‍ നിരപരാധികളായ പൗരന്മാരെ പീഡിപ്പിക്കുന്നതിനുള്ള അംഗീകാരമാകുമെന്ന് അവര്‍ പറഞ്ഞു.
തടങ്കല്‍ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടണമെന്നു 26 രാജ്യങ്ങളില്‍ നിന്നായി വ്യത്യസ്ത മേഖലകളിലെ 278 പണ്ഡിതന്മാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പീഡനങ്ങള്‍ക്കു കൂട്ടുനില്‍ക്കുന്ന കമ്പനികള്‍, ചൈനീസ് നേതാക്കള്‍ എന്നിവര്‍ക്കെതിരേ ഉപരോധമേര്‍പ്പെടുത്തണമെന്നും ആവശ്യമുണ്ട്.
ഷിന്‍ജിയാങ് മുസ്‌ലിംകളുടെ അഭയാര്‍ഥി അപേക്ഷയിലെ നടപടികള്‍ രാജ്യങ്ങള്‍ വേഗത്തിലാക്കണം. കൂട്ട തടങ്കല്‍ കേന്ദ്രങ്ങള്‍ സംബന്ധിച്ച് അന്വേഷിക്കാനും അവ അടച്ചുപൂട്ടാനുമായി യു.എന്‍ നടപടികള്‍ ഊര്‍ജിതപ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
എന്നാല്‍, തടങ്കല്‍ കേന്ദ്രങ്ങള്‍ സംബന്ധിച്ചുള്ള ആരോപണങ്ങള്‍ ചൈന നിഷേധിച്ചു. മത, സാംസ്‌കാരിക ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നുണ്ടെന്നും തീവ്രവാദ സംഘങ്ങളുടെ സ്വാധീനം തടയണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു.
ഉയിഗുര്‍ തടങ്കല്‍ കേന്ദ്രങ്ങള്‍ക്കെതിരേ അന്താരാഷ്ട്രതലത്തില്‍ വന്‍ വിമര്‍ശനമുയര്‍ന്നിരുന്നു. പീഡനങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരേ ഉപരോധമേര്‍പ്പെടുത്തണമെന്നു യു.എസ് സെനറ്റ് പ്രതിനിധികള്‍ ആവശ്യപ്പെട്ടിരുന്നു.
പത്തു ലക്ഷത്തോളം ഉയിഗുറുകള്‍ ഷിന്‍ജിയാങ്ങിലെ വ്യത്യസ്ത തടങ്കല്‍ കേന്ദ്രങ്ങളില്‍ പീഡിപ്പിക്കപ്പെടുന്നുണ്ടെന്നു യു.എന്‍ മനുഷ്യാവകാശ സംഘടന ഓഗസ്റ്റില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനുള്ള തെളിവുകളും പുറത്തുവിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."