നിര്‍ത്തിയിട്ട ലോറിയില്‍ ടിപ്പറിടിച്ചു:ഡ്രൈവറെ രക്ഷപ്പെടുത്തിയത് ഒന്നരമണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവില്‍
ബാലുശ്ശേരി: ബാലുശ്ശേരി പുത്തൂര്‍വട്ടം മരപ്പാലംതല പാലത്തിനടുത്ത് നിയന്ത്രണം വിട്ട ടിപ്പര്‍ലോറി നിര്‍ത്തിയിട്ട ലോറിയിലിടിച്ച് മറിഞ്ഞ് ഡ്രൈവര്‍ക്ക് സാരമായി പരുക്കേറ്റു. ലോറിയുടെ കാബിനില്‍ കുടുങ്ങിപ്പോയ ഡ്രൈവര്‍ വയനാട് സ്വദേശി രാജീവനെ (43) പൊലിസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് ഒന്നര മണിക്കൂര്‍ ശ്രമത്തിനൊടുവില്‍ ലോറിക്കുള്ളില്‍ നിന്ന് പുറത്തെത്തിച്ചു.
ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു സംഭവം. പാലം നിര്‍മാണത്തിനാവശ്യമായ കരിങ്കല്ലുമായി വരികയായിരുന്ന ടിപ്പര്‍ ലോറി പാലത്തിലേക്കുള്ള ഇറക്കത്തില്‍ ബ്രേക്ക് നഷ്ടപ്പെട്ട് നിര്‍ത്തിയിട്ടിരുന്ന ലോറിയിലിടിച്ച് രണ്ട് ലോറികളും പാലത്തിനോട് ചേര്‍ന്ന വലിയ കുഴിയിലേയ്ക്ക് മറിയുകയായിരുന്നു.
ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നരിക്കുനി, പേരാമ്പ്ര, കൊയിലാണ്ടി എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് യൂനിറ്റ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥെരെത്തിയാണ് ഡ്രൈവര്‍ രാജീവനെ രക്ഷപ്പെടുത്തിയത്.
ഇരു കാലുകളും കാബിനില്‍ കുരുങ്ങി ഒന്നര മണിക്കൂറോളം വേദന കടിച്ചമര്‍ത്തി കഴിയുകയായിരുന്നു രാജീവന്. ലോറി കുഴിയിലകപ്പെട്ടതിനാല് രക്ഷാ പ്രവര്‍ത്തനം ഏറെ ശ്രമകരമായിരുന്നു.രാജീവനെ ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."