വനിതാ ഹോക്കി: ഇന്ത്യ സമനില പിടിച്ചു വാങ്ങി
റിയോ ഡി ജനീറോ: ഒളിംപിക്സിലെ വനിതാ ഹോക്കി പോരാട്ടത്തില്‍ ജപ്പാനെതിരേ ഇന്ത്യ സമനില പിടിച്ചു വാങ്ങി. രണ്ടു വീതം ഗോള്‍ നേടിയാണ് ഇരു ടീമും സമനിലയില്‍ പിരിഞ്ഞത്. 36 വര്‍ഷത്തിന് ശേഷം ഒളിംപിക്സിന് യോഗ്യത സ്വന്തമാക്കിയ വനിതാ ടീം രണ്ടു ഗോളിന് പിന്നിട്ടു നിന്ന ശേഷം ഉജ്ജ്വലമായി തിരിച്ചടിച്ചാണ് ജപ്പാനെ സമനിലയില്‍ കുരുക്കിയത്.
ജയ പ്രതീക്ഷയുമായിറങ്ങിയ ഇന്ത്യക്ക് വളരെ വേഗത്തില്‍ തന്നെ തിരിച്ചടിയേറ്റു. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ നിഷികോരി ഗോള്‍ നേടി ജപ്പാനെ മുന്നിലെത്തിച്ചു. ഇന്ത്യയുടെ ദുര്‍ബല പ്രതിരോധം ജപ്പാന്റെ മുന്നേറ്റത്തിനു മുന്നില്‍ തകര്‍ന്നു. കൗണ്ടര്‍ അറ്റാക്കിലൂടെ ജപ്പാന് മുന്നേറിയപ്പോള്‍ പ്രതിരോധക്കോട്ട കാക്കാന്‍ ഇന്ത്യ പാടുപെട്ടു. ആദ്യ ക്വാര്‍ട്ടറില്‍ ഗോളിലേക്ക് നാലു ഷോട്ടുകളാണ് ജപ്പാന് ഉതിര്‍ത്തത്.
രണ്ടാം ക്വാര്‍ട്ടറിലും മികവോടെയാണ് ജപ്പാന് തുടങ്ങിയത്. നിരവധി തവണ ടീം ഗോളിനടുത്തെത്തി. എന്നാല്‍ ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ സവിത പൂനിയയുടെ സേവുകളാണ് ഇന്ത്യയെ രക്ഷിച്ചത്. ആദ്യ പകുതി അവസാനിക്കാനിരിക്കെ ജപ്പാന് ലീഡുയര്‍ത്തി. നകാഷിമയായിരുന്നു സ്കോറര്‍. തോല്‍വി ഉറപ്പിച്ച ഘട്ടത്തിലാണ് ഇന്ത്യ ഉണര്‍ന്നു കളിക്കാന്‍ തുടങ്ങി. മികവോടെ പൊരുതിയ ടീം റാണി രാംപാലിലൂടെ ഒരു ഗോള്‍ മടക്കി. പെനാല്‍റ്റി കോര്‍ണറിലായിരുന്നു ഗോള്‍ പിറന്നത്. ഇതോടെ രണ്ടാം ഗോളിനുള്ള ശ്രമം ഇന്ത്യ ഊര്‍ജിതപ്പെടുത്തി. ലിലിമ മിന്സിലൂടെ അവസാന നിമിഷം ഇന്ത്യ സമനില ഗോള്‍ നേടുകയും ചെയ്തു.
അവസാന നിമിഷം ജാപ്പനീസ് താരങ്ങള്‍ വിജയ ഗോളിനായി കിണഞ്ഞു ശ്രമിച്ചെങ്കിലും സവിതയുടെ തകര്‍പ്പന്‍ സേവുകള്‍ ഇന്ത്യക്ക് സമനില സമ്മാനിക്കുകയായിരുന്നു.
ഇന്ന് ജര്‍മനിയുമായിട്ടാണ് ഇന്ത്യയുടെ അടുത്ത മത്സരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."