സംഘര്‍ഷം, നിരോധനാജ്ഞ; ഭീതിയൊഴിയാതെ നഗരവാസികള്‍
തിരുവനന്തപുരം : ജനങ്ങളെയൊന്നാകെ ആശങ്കയിലാക്കിയ സംഭവങ്ങളെ തുടര്‍ന്ന് തലസ്ഥാന നഗരത്തില്‍ പൊലിസ് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി. രണ്ടായിരത്തിലധികം പൊലിസുകാരെയാണ് നഗരത്തില്‍ വിവിധയിടങ്ങളിലായി നിയോഗിച്ചിരിക്കുന്നത്. മൂന്നു ദിവസത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനു പിന്നാലെ എ.കെ.ജി സെന്റര്‍ ഉള്‍പ്പടെ നഗരത്തിലെ എല്ലാ പാര്‍ട്ടി ഓഫിസുകള്‍ക്കു മുന്നിലും പൊലിസിനെ വിന്യസിച്ചു.
പൊലിസ് ആക്ട് പ്രകാരമുള്ള നിരോധനാജ്ഞയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ദിവസങ്ങളില്‍ നഗരത്തില്‍ പ്രകടനങ്ങളും പൊതുയോഗങ്ങളും നിരോധിച്ചിട്ടുണ്ട്. പൊതു സ്ഥലങ്ങളിലും, ഇലക്ട്രിക് പോസ്റ്റുകളിലും സ്ഥാപിച്ചിരുന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടികള്‍ അഴിച്ചു മാറ്റി.
ഐരാണിമുട്ടത്തെ ഹോമിയോ കോളജിലെ എസ്.എഫ്.ഐയുടെ കൊടിമരം എ.ബി. വി.പി പ്രവര്‍ത്തകര്‍ തകര്‍ത്തതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. വ്യാഴാഴ്ച പകലായിരുന്നു ഈ സംഭവം. അന്നു വൈകുന്നേരത്തോടെ സി.പി.എം, യുവമോര്‍ച്ച നേതൃത്വം ഇടപെട്ട് പ്രശ്‌നം പരിഹരിച്ചെങ്കിലും രാത്രി എട്ടരയോടെ മേഖലയില്‍ സംഘര്‍ഷാവസ്ഥയായി.
സി.പി.എം ചാല ഏരിയ സെക്രട്ടറി ഉണ്ണിയുടെ ആറ്റുകാലിലെ വീട് ആര്‍.എസ്.എസുകാര്‍ ആക്രമിച്ചതായിരുന്നു തുടക്കം. മിനുട്ടുകള്‍ക്കകം ആറ്റുകാല്‍ വാര്‍ഡ് കൗണ്‍സിലറും ബി.ജെ.പി ജില്ലാ സെക്രട്ടറിയുമായ ബീനയുടെ വീട് സി.പി.എം പ്രവര്‍ത്തകര്‍ ആക്രമിച്ചു. തിരിച്ചടിച്ച ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ സി.പി.എം ചാല ഏരിയാ സെക്രട്ടറി അഡ്വ. സുന്ദറിന്റെ വീട് അടിച്ച് തകര്‍ത്തു. ബി.ജെ.പി കൗണ്‍സിലന്‍മാരായ സിമി ജ്യോതിഷ്, രമേശ് , ആര്‍.എസ്.എസ് ജില്ലാ സേവാ പ്രമുഖ് സുരേഷ് ബി.ജെ.പി ഏരിയ സെക്രട്ടറി സുനില്‍ കുമാര്‍ തുടങ്ങിയ 11 വീടുകള്‍ സി.പി.എമ്മുകാര്‍ തകര്‍ത്തു.
തിരിച്ചടി എന്നോളം സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗങ്ങളായ കരമന ഹരി, പുഷ്പലത എന്നിവരുടെ വീടുകളിലേക്ക് ആര്‍.എസ്.എസുകാര്‍ പെട്രോള്‍ ബോംബ് എറിഞ്ഞു.ഇതേ സമയത്താണ് കളിപ്പാന്‍കുളത്തെ വാര്‍ഡ് കൗണ്‍സിലര്‍ റസിയാബീഗത്തിന്റെ വീട്ടിലും അക്രമികള്‍ കൊലവിളിയുമായെത്തിയത്.
മറ്റൊരു സംഘം ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ മണക്കാട്ടെ സി.പി.എം പ്രവര്‍ത്തകന്‍ ശിവരഞ്ജിത്തിന്റെ വീട്ടില്‍ കയറി. വീട്ടില്‍ ശിവരഞ്ജിത്ത് ഇല്ലാത്തതിനാല്‍ അച്ഛന്‍ രാജനെ മര്‍ദിച്ചു.
അക്രമികള്‍ മടങ്ങുംവഴി മണക്കാട് ജങ്ഷനില്‍ നില്‍ക്കുകയായിരുന്ന സി.പി.എം പ്രവര്‍ത്തകനായ ശ്യാമിന്റെ തലയ്ക്ക് അടിച്ചുവീഴ്ത്തി. രാത്രി പന്ത്രണ്ട് മണിയോടെ കുന്നുകുഴി വാര്‍ഡ് കൗണ്‍സിലര്‍ ഐ.പി ബിനുവിന്റെ വീട് ആക്രമിച്ചതോടെ നഗരം മുള്‍ മുനയിലായി.രാത്രി ഒന്നരയോടെ ഐ.പി ബിനു, എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി പ്രജിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘം ബി.ജെ.പി സംസ്ഥാന കാര്യാലയം ആക്രമിച്ചു.
സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റേത് ഉള്‍പ്പടെ 6 കാറുകള്‍ അക്രമികള്‍ അടിച്ചു തകര്‍ത്തു.മൂന്നു ബൈക്കുകളിലായാണ് അക്രമികള്‍ എത്തിയത്.
ഈ സമയത്ത് സ്ഥലത്തുണ്ടായിരുന്ന അഞ്ചു പൊലിസുകാരില്‍ ഒരാളൊഴിക, ബാക്കിയുള്ളവര്‍ കാഴ്ച്ചക്കാരായി നില്‍ക്കുകയായിരുന്നു. ബി.ജെ.പി ഓഫിസിലെ സി.സി.ടി.വി ക്യാമറയില്‍ ഈ ദൃശ്യങ്ങള്‍ കൃത്യമായി പതിഞ്ഞിട്ടുണ്ട്. ഇതിന്റെയടിസ്ഥാനത്തിലാണ് ഐ.പി ബിനു ഉള്‍പ്പടെയുള്ളവരെ പൊലിസ് അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."