ഗാര്‍ഹിക പീഡനക്കേസുകളില്‍ വസ്തുത പരിശോധിച്ച ശേഷം മാത്രം അറസ്റ്റ്
ന്യൂഡല്‍ഹി: ഗാര്‍ഹിക പീഡനക്കേസുകളില്‍ ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കും എതിരേ സ്ത്രീകള്‍ നല്‍കുന്ന പരാതികളില്‍ നിജസ്ഥിതി പരിശോധിക്കാതെ പെട്ടെന്ന് അറസ്റ്റ് വേണ്ടെന്ന് സുപ്രിംകോടതി.
പരാതികളില്‍ വസ്തുതയുണ്ടോ എന്നു ജില്ലാതലത്തില്‍ കുടുംബക്ഷേമ സമിതികള്‍ (എഫ്.ഡബ്ല്യു.സി) പരിശോധിച്ച ശേഷം മാത്രമെ അറസ്റ്റ് പാടുള്ളൂവെന്നും ജസ്റ്റിസുമാരായ എ.കെ.ഗോയലും യു.യു.ലളിതും അടങ്ങുന്ന രണ്ടംഗസുപ്രിംകോടതി ബെഞ്ച് വ്യക്തമാക്കി.
ഗാര്‍ഹിക പീഡനം തടയുന്നതിനുള്ള നിയമത്തില്‍ ക്രിമിനല്‍ നടപടിയെ കുറിച്ചു വിശദീകരിക്കുന്ന ഐ.പി.സി 498 എ ഉള്‍പ്പെടുത്തുന്നതു വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതു ചൂണ്ടിക്കാട്ടിയാണ് രണ്ടംഗബെഞ്ചിന്റെ സുപ്രധാന ഉത്തരവ്. ഗാര്‍ഹികപീഡനം, സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനം തുടങ്ങിയ കേസുകളില്‍ അന്വേഷണ ഉദ്യോഗസ്ഥരും കോടതികളും സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് മാര്‍ഗനിര്‍ദേശങ്ങളും രണ്ടംഗബെഞ്ച് പുറപ്പെടുവിച്ചു.
ഓരോ ജില്ലയിലും മൂന്ന് അംഗങ്ങളെങ്കിലുമുള്ള കുടുംബക്ഷേമസമിതികളാണ് പരാതികള്‍ പരിശോധിക്കേണ്ടത്. നിയമപരമായ കാര്യങ്ങളില്‍ ഇവര്‍ക്കു പരിശീലനം ലഭ്യമായിരിക്കണം. മാന്യമായ പ്രതിഫലം ഇവര്‍ക്കു നല്‍കണമെന്നും കോടതിയുടെ നിര്‍ദേശമുണ്ട്. ഇക്കാര്യം കൈവശമുള്ള ഫണ്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ, സെഷന്‍ മജിസ്‌ട്രേറ്റാണ് തീരുമാനിക്കേണ്ടത്.
ഇത്തരം പരാതികള്‍ അതിനായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥനാണ് അന്വേഷിക്കേണ്ടത്. അതിന് അയാള്‍ക്ക് പരിശീലനം നല്‍കണം. കേസുകളില്‍ ഒത്തുതീര്‍പ്പ് സാധ്യതയുണ്ടായാല്‍ അത് ജില്ലാ, സെഷന്‍സ് ജഡ്ജിമാരുടെയോ അവര്‍ നിര്‍ദേശിക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയോ മേല്‍നോട്ടത്തിലാണ് നടക്കേണ്ടത്.
കേസുകളിലുള്ള ജാമ്യാപേക്ഷകള്‍ അന്നുതന്നെയോ ഒരു ദിവസത്തിനകമോ പരിഗണിക്കണം. സ്ത്രീധനത്തുക കണ്ടെടുത്തിട്ടില്ലെന്നത് ജാമ്യം നിഷേധിക്കാന്‍ കാരണമാവരുത്. രാജ്യത്തിന് പുറത്തുള്ള ആള്‍ക്കെതിരേയാണ് ആരോപണമെങ്കില്‍ പാസ്‌പോര്‍ട്ട് ജപ്തി ചെയ്യുക, റെഡ്‌കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കുക തുടങ്ങിയ നടപടികള്‍ വേണ്ട. രാജ്യത്തിന് പുറത്തുള്ളവര്‍ കോടതിയില്‍ നേരിട്ട് ഹാജരാകേണ്ടതില്ല. വിചാരണയ്ക്കു വിഡിയോ കോണ്‍ഫറന്‍സ് സംവിധാനം പോലുള്ളവ സ്വീകരിക്കാം. പരാതിക്കാരിക്ക് മരണം സംഭവിക്കുകയോ പരുക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ഈ നിര്‍ദേശങ്ങളൊന്നും ബാധകമാവില്ലെന്നും കോടതി പറഞ്ഞു. ഈ നിര്‍ദേശങ്ങളില്‍ എന്തെങ്കിലും മാറ്റം ആവശ്യമുണ്ടെങ്കില്‍ അറിയിക്കാന്‍ നാഷണല്‍ ലീഗല്‍ സര്‍വിസ് അതോറിറ്റിക്ക് രണ്ടംഗബെഞ്ച് നിര്‍ദേശം നല്‍കി.
പ്രധാന മാര്‍ഗനിര്‍ദേശങ്ങള്‍
- ഓരോ ജില്ലയിലും ഒന്നോ അതിലധികമോ കുടുംബക്ഷേമ സമിതികള്‍(എഫ്.ഡബ്ല്യു.സി) വേണം
- ജില്ലാ ലീഗല്‍ സര്‍വിസ് അതോറിറ്റിയാണ് സമിതി രൂപീകരിക്കേണ്ടത്
- പരാതികള്‍ പൊലിസിനോ മജിസ്‌ട്രേറ്റിനോ ലഭിച്ചാല്‍ സമിതിക്കു കൈമാറണം
- പരാതികള്‍ അതത് സമയങ്ങളില്‍ സമിതി പരിശോധിക്കണം
- സമിതിയുടെ പ്രവര്‍ത്തനം ജില്ലാ ജഡ്ജിയോ സെഷന്‍ ജഡ്ജിയോ വര്‍ഷത്തിലൊരിക്കലെങ്കിലും അവലോകനം ചെയ്യണം
- സമിതിക്കു വേണമെങ്കില്‍ സാമൂഹ്യപ്രവര്‍ത്തകരെയോ വളണ്ടിയര്‍മാരുടെയോ സംഘം രൂപീകരിക്കാം
- ഇത്തരം കേസുകളില്‍ സമിതി അംഗങ്ങളെ സാക്ഷികളാക്കരുത്
- കേസുകളിലെ വാദിയെയും ആരോപണവിധേയരെയും സമിതിക്കു വിളിപ്പിക്കാം
- പരാതി ലഭിച്ച് അവ തീര്‍പ്പാക്കി ഒരു മാസത്തിനുള്ളില്‍ ബന്ധപ്പെട്ടവര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം
- റിപ്പോര്‍ട്ടില്‍ വസ്തുതക്കൊപ്പം സമിതിയുടെ അഭിപ്രായങ്ങളും ഉള്‍പ്പെടുത്താം
- സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ അറസ്റ്റ് പാടുള്ളൂ
- സമിതിയുടെ റിപ്പോര്‍ട്ട് പൊലിസിനോ മജിസ്‌ട്രേറ്റിനോ മെറിറ്റ് അടിസ്ഥാനത്തില്‍ പരിഗണിക്കാം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."