സി.എം.കെ പണിക്കര്‍: എണ്‍പതിലും കര്‍മനിരതനായ പത്രപ്രവര്‍ത്തകന്‍
കോഴിക്കോട്: പത്രപ്രവര്‍ത്തനത്തില്‍ ആറുപതാണ്ടിന്റെ ചരിത്രവുമായി സി.എം.കെ പണിക്കര്‍. മാധ്യമപ്രവര്‍ത്തനത്തിന്റെ വജ്ര ജൂബിലി പൂര്‍ത്തീകരിക്കുന്ന വേളയില്‍ തന്റെ എണ്‍പതാം വയസിലും പണിക്കര്‍ സജീവമാണ്. 1958ല്‍ ദീനബന്ധുവിലൂടെ പത്രപ്രവര്‍ത്തനം ആരംഭിച്ച സി.എം.കെ പണിക്കര്‍ മലബാറിലെ ജീവിച്ചിരിക്കുന്ന മുതിര്‍ന്ന പത്രപ്രവര്‍ത്തകരില്‍ പ്രമുഖനാണ്.
1960ല്‍ ചങ്ങനാശ്ശേരിയില്‍ തുടങ്ങിയ മലയാളി പത്രത്തിന്റെ പത്രാധിപ സമിതി അംഗവും തുടര്‍ന്ന് 1962ല്‍ കേരളധ്വനിയില്‍ ബ്യൂറോ ചീഫുമായി. തുടര്‍ന്ന് 1968ല്‍ ഏതാനും മാസം മാതൃഭൂമിയില്‍ അംഗമായി. ദീപിക ദിനപത്രത്തില്‍ 1969 മുതല്‍ 24 വര്‍ഷം പ്രവര്‍ത്തിച്ചു.
1993ല്‍ ആരംഭിച്ച ന്യൂസ് കേരള മലയാള ദിനപത്രത്തിന്റെ പത്രാധിപരായ പണിക്കര്‍ ഇപ്പോള്‍ ഇതേ സ്ഥാപനത്തിന്റെ ജനറല്‍ എഡിറ്ററാണ്. പത്രപ്രവര്‍ത്തന കാലയളവില്‍ പ്രമാദമായ പല വാര്‍ത്തകളും അഭിമുഖങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടു. മലപ്പുറം ജില്ലാ രൂപീകരണവുമായി ബന്ധപ്പെട്ട് സി.പി.എം എം.എല്‍.എ പി.സി രാഘവന്‍ നായരുമായി നടത്തിയ അഭിമുഖം ഏറെ വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് പാര്‍ട്ടിയില്‍ നിന്ന് പി.സി രാഘവന്‍ നായരെ പുറത്താക്കിയത്.
പ്രവര്‍ത്തന കാലയളവില്‍ കലാപ്രേമി പുരസ്‌കാരം, പുത്തൂര്‍ നാരായണന്‍ നായര്‍ അവാര്‍ഡ്, ചിന്മയ മിഷന്‍ അവാര്‍ഡ്, കെ.പി അപ്പുട്ടി സത്യഭാമ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ചയാണ് പണിക്കറുടെ പത്രപ്രവര്‍ത്തന വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമാവുന്നത്.
30ന് വൈകിട്ട് നാലിന് കെ.പി കേശവമേനോന്‍ ഹാളില്‍ നടക്കുന്ന ആഘോഷം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി ഉദ്ഘാടനം ചെയ്യും. ഒരു വര്‍ഷം നീളുന്ന വിവിധ പരിപാടികള്‍ വജ്രജൂബിലിയുടെ ഭാഗമായി നടക്കും. കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉപഹാരം സമര്‍പ്പിക്കും. എം.കെ രാഘവന്‍ എം.പി പൊന്നാട അണിയിക്കും.
ന്യൂസ് കേരള ദിനപത്രത്തിന്റെ 25-ാം വാര്‍ഷിക ആഘോഷം പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്യും. സി.എം.കെ പണിക്കരെ കുറിച്ച് തയാറാക്കിയ പുസ്തകത്തിന്റെ പ്രകാശനം ഒ. രാജഗോപാല്‍ എം.എല്‍.എ നിര്‍വഹിക്കും. മുന്‍ ഗവ. ചീഫ് വിപ്പ് ടി.കെ ഹംസ ആദ്യപ്രതി ഏറ്റുവാങ്ങും. സപ്ലിമെന്റ് പ്രകാശനം മുന്‍മന്ത്രി ആര്യാടന്‍ മുഹമ്മദ് കെ.പി ജഗദീശന് നല്‍കി പ്രകാശനം ചെയ്യും. ഡോ. എം.ജി.എസ് നാരായണന്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും.
സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ. പി.എസ് ശ്രീധരന്‍പിള്ള, ജനറല്‍ കണ്‍വീനര്‍ നിസാര്‍ ഒളവണ്ണ, വൈസ് ചെയര്‍മാന്‍ അഡ്വ. പി. ശങ്കരന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."