ഊര്‍ജസംരക്ഷണ സന്ദേശമുയര്‍ത്തി ഊര്‍ജോത്സവം
കോഴിക്കോട്: ഊര്‍ജസംരക്ഷണ സാക്ഷരത കുട്ടികളില്‍ എത്തിക്കാന്‍ സര്‍ക്കാറിന്റെ എനര്‍ജി മാനേജ്മെന്റ് സെന്റര്‍ പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഊര്‍ജോത്സവം 2018 ബി.ഇ.എം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്നു.
കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ 269 സ്കൂളുകളില്‍ നിന്നായി നിരവധി അധ്യാപകരും വിദ്യാര്‍ഥികളും പങ്കെടുത്തു. കാര്‍ട്ടൂണ്‍, ഉപന്യാസ രചന, പ്രശ്നോത്തരി എന്നീ ഇനങ്ങളില്‍ നടന്ന മത്സരങ്ങളില്‍ ഓരോ സ്കൂളില്‍ നിന്നും ഹൈസ്കൂള്‍, യു.പി വിഭാഗങ്ങളില്‍നിന്നു നാലു വീതം വിദ്യാര്‍ഥികള്‍ കൂടെ അധ്യാപകരും എത്തിച്ചേര്‍ന്നു.
പ്രളയ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കിയിരുന്നെങ്കിലും ഉത്സവത്തിന്റെ പ്രതീതി ഉണര്‍ത്തി വരയും വര്‍ണങ്ങളുമായി സന്തോഷത്തിലായിരുന്നു കുട്ടികള്‍. എത്തിയ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും എല്‍.ഇ.ഡി ബള്‍ബുകളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
കോര്പറേഷന് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എം. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. മാലിന്യത്തില്‍ നിന്ന് ഊര്‍ജം ഉല്പാദിപ്പിക്കാനുള്ള രീതി സാര്‍വത്രികമാക്കണമെന്നും പാരമ്പര്യേതര ഊര്‍ജത്തെ കൂടുതല്‍ പ്രയോജനപ്പെടുത്തി പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ വി.പി മിനി അധ്യക്ഷയായി. ചടങ്ങില്‍ ഡപ്യൂട്ടി കലക്ടര്‍ സി. ബിജു വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടര്‍ ഇ.കെ സുരേഷ്കുമാറിന് കൈമാറി എല്‍.ഇ.ഡി ബള്‍ബ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. പ്രൊഫ. ശോഭീന്ദ്രന് ഊര്‍ജ ഹരിതസന്ദേശം നല്കി. എനര്‍ജി മാനേജ്മെന്റ് സെന്റര്‍ ജില്ലാ കോഡിനേറ്റര്‍ ഡോ. എന്‍. സിജേഷ് സ്വാഗതവും ബി.ഇ.എം.എച്ച്.എസ് പ്രധാനാധ്യാപകന് മുരളി ഡെന്നിസ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."