സി.പി.എം ഓഫിസിന് ബോംബേറ്: വിട്ടൊഴിയാതെ വിവാദം; ഒടുവില്‍ അറസ്റ്റ്
കോഴിക്കോട്: സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസിനു നേരെ അക്രമം നടന്ന് ഒന്നര വര്‍ഷത്തിനു ശേഷമാണ് കേസില്‍ രണ്ടു പേര്‍ അറസ്റ്റിലാകുന്നത്. സി.പി.എമ്മിന്റെ ജില്ലാ ആസ്ഥാനത്തു തന്നെ അക്രമം നടന്നത് ജില്ലയിലെ പൊലിസ് സംവിധാനത്തെ ഞെട്ടിച്ചിരുന്നുവെങ്കിലും പ്രതികളെ പിടികൂടാന്‍ വൈകുന്നതില്‍ പിന്നീട് കാര്യമായ പ്രതിഷേധം സി.പി.എം ഉയര്‍ത്തിയില്ല എന്നതും പൊലിസിന് ആശ്വാസമായിരുന്നു. എന്നാല്‍ ഒന്നര വര്‍ഷത്തിനു ശേഷം ഇപ്പോള്‍ ആര്‍.എസ്.എസ് നേതാക്കള്‍ ഉള്‍പ്പെടെ രണ്ടു പേരെ ക്രൈംബ്രാഞ്ചിന് അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത് കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരുന്ന ഒരുപാട് രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കൂടിയാണ് തടയിടുന്നത്.
എന്നാല്‍ ഇത്ര ഗൗരവമേറിയ ഒരു കേസില്‍ ആര്‍.എസ്.എസിന്റെ ജില്ലയിലെ പ്രധാനി തന്നെ പ്രതിയായിട്ടും ക്രൈംബ്രാഞ്ചിന് അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ക്കായി ഇത്ര വൈകിയതെന്തെന്ന വിശദീകരണം പൊലിസിനു നല്‍കേണ്ടി വരും. ഈ വാദമുയര്‍ത്തിയാണ് ആര്‍.എസ്.എസ് അറസ്റ്റ് സംഭവത്തെ പ്രതിരോധിക്കുന്നതും.
2017 ജൂണ്‍ ഒന്‍പതിന് പുലര്‍ച്ചെയാണ് കണ്ണൂര്‍ റോഡിലെ ക്രിസ്ത്യന്‍ കോളജിനു സമീപത്തുള്ള സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫിസായ സി.എച്ച് കണാരന്‍ സ്മാരക മന്ദിരത്തിന് നേരെ ബോംബേറുണ്ടായത്. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്ക് നേരെ ഡെല്‍ഹിയില്‍ അക്രമം നടന്നതിനെ തുടര്‍ന്ന് സംസ്ഥാനത്തുടനീളം സി.പി.എം പ്രതിഷേധം നടന്നുവരവെയാണ് പുലര്‍ച്ചെ ജില്ലാ കമ്മിറ്റി ഓഫിസിനു ബോംബേറുണ്ടാകുന്നത്.
ജില്ലയിലുണ്ടായ പ്രതിഷേധത്തിനിടെ ആര്‍.എസ്.എസ്, ബി.ജെ.പി ഓഫിസുകള്‍ക്ക് നേരെ കല്ലേറുണ്ടായിരുന്നു. സി.പി.എം ഓഫിസുകള്‍ക്ക് നേരെയും ആക്രമമുണ്ടായി. ഇത്തരം സാഹചര്യം നിലനില്‍ക്കെയാണ് പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫിസിനു നേരെ ബോംബേറുണ്ടായത്. കാറില്‍ ഓഫിസില്‍ വന്നിറങ്ങിയ ജില്ലാ സെക്രട്ടറി പി. മോഹനന്‍ ഓഫിസിനുള്ളിലേക്ക് കയറിപ്പോയ ഉടന്‍ ആയിരുന്നു ബോംബേറ്. അത്ഭുതകരമായാണു മോഹനന്‍ രക്ഷപ്പെട്ടത്.
ബോംബേറില്‍ ഓഫിസിന്റെ മുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറിന്റെ ചില്ലുകള്‍ തകര്‍ന്നു. ബോംബിനത്തെ ചീളുകള്‍ ഓഫിസിനുള്ളിലേക്കും തെറിച്ചിരുന്നു. സി.പി.എം ഓഫിസിനു നേരെ ബോംബെറിഞ്ഞ് ജില്ലാ സെക്രട്ടറി വധിക്കാന്‍ ശ്രിമിച്ചതിനു പിന്നില്‍ ആര്‍.എസ്.എസാണെന്ന് ആരോപണം സി.പി.എം ഉന്നയിച്ചുവെങ്കിലും ആര്‍.എസ്.എസും ബി.ജെ.പിയും ഇതു നിഷേധിച്ചു. ബോംബേറുണ്ടായ പാര്‍ട്ടി ഓഫിസ് മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സന്ദര്‍ശിച്ചുവെങ്കിലും സിറ്റി പൊലിസ് കമ്മിഷണര്‍ക്ക് സ്ഥലം മാറ്റമുണ്ടായതൊഴിച്ച് മറ്റൊന്നും സംഭവിച്ചില്ല. ഒന്നര വര്‍ഷത്തിന് ശേഷമാണ് പ്രതികളെ കുറിച്ചുള്ള നിര്‍ണായക വിവരം ലഭിച്ചത്.
പഴയ ബോംബേറ് കേസുകളെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിച്ചപ്പോഴാണ് ഈ കേസിനും വഴിത്തിരിവായത്. പഴയ കേസുകളിലുള്‍പ്പെട്ട പ്രതികളുടെ ഫോണ്‍ കോളുകളും മറ്റും പരിശോധിച്ചതിലൂടെയാണ് പ്രതികളിലേക്ക് എത്താന്‍ സാധിച്ചതെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ശാസ്ത്രീയമായ രീതിയില്‍ എല്ലാ തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചതിനു ശേഷമായിരുന്നു അറസ്റ്റ്. ആദ്യഘട്ടത്തില്‍ അന്വേഷണം മത തീവ്രവാദ സംഘടനകളിലേക്കായിരുന്നു എത്തിയത്. നിര്‍ണായക ഘട്ടത്തിലെത്തിയപ്പോള്‍ ശാസ്ത്രീയ തെളിവുകള്‍ ലഭിച്ചില്ല. തുടര്‍ന്ന് മാസങ്ങളോളം പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇപ്പോഴത്തെ അറസ്റ്റ്. ബോംബേറ് നടന്ന് അഞ്ചു ദിവസത്തിനുള്ളില്‍ അന്വേഷണത്തിനു മേല്‍നോട്ടം വഹിച്ചിരുന്ന സിറ്റി പൊലിസ് കമ്മിഷണര്‍ ജെ. ജയനാഥിനെ മാറ്റിയത് ഏറെ ചര്‍ച്ചയായിരുന്നു. സംഭവത്തിനു പിന്നില്‍ സി.പി.എം തന്നെയാണെന്ന് ആരോപണം ഉയര്‍ന്നപ്പോള്‍ കൂടിയാണ് ക്രൈംബ്രാഞ്ചിന് കേസ് കൈമാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."