ആദ്യം അന്വേഷണസംഘത്തെ കബളിപ്പിച്ച പ്രതികള്‍ രണ്ടാംവട്ടം വലയില്‍
കോഴിക്കോട്: സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫിസിനു ബോംബെറിഞ്ഞ കേസില്‍ അറസ്റ്റിലായ പ്രതികള്‍ നേരത്തെ ക്രൈംബ്രാഞ്ചിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടത് തന്ത്രപൂര്‍വം. കഴിഞ്ഞ ജനുവരി മൂന്നിനു ഷിജിനിനെ കുറ്റ്യാടിയില്‍ നിന്ന് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബിജു കെ. സ്റ്റീഫന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കസ്റ്റഡിയില്‍ എടുത്തിരുന്നെങ്കിലും ചോദ്യം ചെയ്യലില്‍ വിദഗ്ധമായി രക്ഷപ്പെടുകയായിരുന്നു.
ബോംബേറ് നടന്ന ദിവസം ഷിജിന് കോഴിക്കോട്ടെത്തിയതായി മനസിലാക്കിയ അന്വേഷണസംഘം 'അടുത്തകാലത്ത് എന്നെങ്കിലും രാത്രി സമയത്ത് കോഴിക്കോട് പോയിട്ടുണ്ടോ' എന്നു ചോദിച്ചപ്പോള്‍ അതെ എന്ന മറുപടി നല്‍കിയാണ് ഷിജിന് അന്വേഷണ സംഘത്തെ വെട്ടിലാക്കിയത്. വടകരയില്‍ ആക്രമിക്കപ്പെട്ട ആര്.എസ്.എസ് പ്രവര്‍ത്തകനായ ബിജുവിനു ചികിത്സാസഹായം നല്‍കുന്നതിനായി നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം കോഴിക്കോട് പോയിരുന്നതായാണ് അന്നു ഷിജിന് മൊഴിനല്‍കിയിരുന്നത്. ഒപ്പം സുഹൃത്ത് രാജേഷും ഉണ്ടായിരുന്നതായും ബിജുവിനു നല്‍കേണ്ട പണം കേസിലെ മറ്റൊരു പ്രതിയായ രൂപേഷിനെ ഏല്‍പ്പിച്ചെന്നും പറഞ്ഞു.
എന്നാല്‍ രാജേഷിന്റെയും രൂപേഷിന്റെയും മൊഴികള്‍ പിന്നീട് ശാസ്ത്രീയമായി വിശകലനം ചെയ്തപ്പോള്‍ രണ്ടുപേരും കളവു പറയുകയാണെന്ന് അന്വേഷണസംഘത്തിനു വ്യക്തമായി. അതേസമയം ബിജു തനിക്ക് ആരും പണം നല്‍കിയില്ലെന്ന് അന്വേഷണ സംഘത്തിനു മൊഴി നല്‍കിയതോടെ അന്വേഷണം വഴിമുട്ടിയ കേസ് ഒന്നര വര്‍ഷത്തിനു ശേഷം തെളിയുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."