നീന്തല്‍ കുളത്തില്‍ ആദ്യ ദിനത്തില്‍ പിറന്നത് മൂന്നു ലോക റെക്കോര്‍ഡുകള്‍
റിയോ ഡി ജനീറോ: ആസ്‌ത്രേലിയന്‍ ആധിപത്യം കണ്ട നിന്തല്‍ കുളത്തിലെ ആദ്യ ദിവസത്തില്‍ പിറന്നത് മൂന്നു ലോക റെക്കോര്‍ഡുകള്‍. വനിതകളുടെ 4-100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയില്‍ ആസ്‌ത്രേലിയന്‍ വനിതകള്‍ ലോക റെക്കോര്‍ഡോടെ സ്വര്‍ണം നേടി. വനിതകളുടെ 400 മീറ്റര്‍ വ്യക്തിഗത മെഡ്‌ലെയില്‍ ഹംഗറിയുടെ കറ്റിങ്ക ഹൊസ്സു ലോക റെക്കോര്‍ഡ് തിരുത്തി സുവര്‍ണ താരമായി. പുരുഷന്‍മാരുടെ 100 മീറ്റര്‍ ബ്രെസ്റ്റ് സ്‌ട്രോക്കില്‍ ബ്രിട്ടീഷ് താരം ആദം പീറ്റിയാണ് റെക്കോര്‍ഡോടെ സ്വര്‍ണം നേടിയ മറ്റൊരു താരം.
കാത്തി ലെഡ്ക്കി ഉള്‍പ്പെട്ട അമേരിക്കന്‍ ടീമിനെ പിന്തള്ളിയാണ് ആസ്‌ത്രേലിയന്‍ വനിതകള്‍ സ്വന്തം റെക്കോര്‍ഡ് തിരുത്തിയത്. മൂന്നു മിനുട്ട് 30.65 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ടീം മൂന്നു മിനുട്ട് 30.98 സെക്കന്‍ഡിന്റെ റെക്കോര്‍ഡാണ് മാറ്റിയെഴുതിയത്. എമ്മ മകോന്‍, ബ്രിട്ടനി എംസ്ലി, ബ്രോണ്ട്, കെയ്റ്റ് കാംബല്‍ സഹോദരിമാരാണ് ആസ്‌ത്രേലിയക്കായി മത്സരിച്ചത്.
വനിതകളുടെ 400 മീറ്റര്‍ വ്യക്തിഗത മെഡ്‌ലെയില്‍ റെക്കോര്‍ഡ് നേട്ടത്തോടെ സ്വര്‍ണം നേടിയ ഹംഗറിയുടെ കറ്റിങ്ക ഹൊസ്സു കരിയറിലെ ആദ്യ ഒളിംപിക് മെഡലാണ് നേടിയത്. ചൈനയുടെ യെ ഷിവെന്‍ സ്ഥാപിച്ച 4.28.43 സെക്കന്‍ഡിന്റെ റെക്കോര്‍ഡാണ് കറ്റിങ്ക 4.26.36 സെക്കന്‍ഡാക്കി തിരുത്തിയത്. സ്വന്തം റെക്കോര്‍ഡ് തിരുത്തിയാണ് ബ്രിട്ടന്റെ ആദം പീറ്റി 100 മീറ്റര്‍ ബ്രെസ്റ്റ് സ്‌ട്രോക്കില്‍ സുവര്‍ണ താരമായത്. 57.55 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ബ്രിട്ടീഷ് താരം കഴിഞ്ഞ വര്‍ഷം സ്ഥാപിച്ച 57.92 സെക്കന്‍ഡിന്റെ റെക്കോര്‍ഡ് പിന്തള്ളി. പുരുഷന്‍മാരുടെ 400 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ ആസ്‌ത്രേലിയയുടെ മാക്ക് ഹോര്‍ട്ടന്‍ സ്വര്‍ണം സ്വന്തമാക്കി. പുരുഷന്‍മാരുടെ 400 മീറ്റര്‍ വ്യക്തിഗത മെഡ്‌ലെയില്‍ അമേരിക്കന്‍ ആധിപത്യം അവസാനിപ്പിച്ച് ജപ്പാന്റെ കൊസുകെ ഹാഗിനോ സുവര്‍ണ താരമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."