ഭിന്നശേഷിയുള്ളവരുടെ ക്ഷേമത്തിനായി ശശിലേഖയുടെ കാന്‍വാസ് പോരാട്ടം
വടക്കാഞ്ചേരി: ഭിന്നശേഷിയുള്ളവരുടെ ക്ഷേമ ഐശ്വര്യങ്ങള്‍ ഉറപ്പാക്കാന്‍ കാന്‍വാസ് പോരാട്ടമാക്കി മാറ്റുകയാണ് കുമ്പളങ്ങാട് കണ്ടേരി വീട്ടില്‍ മനോജ് കുമാറിന്റെ ഭാര്യ ശശിലേഖ. മൂകയും ബധിരയുമായ യുവതി സമൂഹത്തോട് സംവദിക്കുന്നത് മ്യൂറല്‍ പെയിന്റിങിന്റെ വിസ്മയത്തിലൂടെയാണ്. ജീവിത പ്രയാസങ്ങള്‍ക്കിടയില്‍ തുന്നിയെടുക്കുന്ന വസ്ത്രങ്ങള്‍ക്കുമുണ്ട് ഇഴയടുപ്പത്തിന്റെ സുന്ദര ചാരുത.
മ്യൂറല്‍ പെയിന്റിങില്‍ പ്രത്യേക പരിശീലനമൊന്നും ലഭിച്ചിട്ടില്ലെങ്കിലും ചിത്രങ്ങളെല്ലാം പിറവിയെടുക്കുന്നത് വൈവിധ്യത്തിന്റെ മേലാപ്പുമായാണ്. ചിത്രരചനയോടൊപ്പം ടൈലറിങും മികവായി വഴങ്ങും ശശിലേഖയ്ക്ക്. കാഴ്ചക്കാരോട് സംവദിച്ച് കൊണ്ടിരിക്കുന്ന ചിത്രങ്ങള്‍ ജന്മനാ തന്നെ കേള്‍വിയും ശബ്ദവുമില്ലാത്ത ശശിലേഖയുടെ സമൂഹത്തോടുള്ള പ്രതികരണങ്ങളാണ്.
ഇതിനകം തന്നെ നൂറു കണക്കിന് ചിത്രങ്ങള്‍ വരച്ചു കഴിഞ്ഞു ഈ യുവതി. ദൈവങ്ങള്‍, നാട്ടു ഭംഗി, വെള്ളച്ചാട്ടങ്ങള്‍ അങ്ങിനെ പോകുന്നു ആ മികവുറ്റ കാഴ്ചകള്‍. ഭിന്നശേഷിക്കാര്‍ക്ക് വേണ്ടിയുള്ള പോരാട്ടങ്ങളില്‍ മുന്‍നിരയിലേക്ക് എത്തിപ്പെടാനുള്ള മനസുമായി ഇതിന് വേണ്ടിയുള്ള ഭഗീരഥ പ്രയത്‌നത്തിലാണ് ഈ കുമ്പളങ്ങാട്ടുകാരി. ഭര്‍ത്താവ് മനോജ് കുമാറിന്റെ മികച്ച പിന്തുണയാണ് നേട്ടങ്ങള്‍ വെട്ടി പിടിപ്പിക്കാനുള്ള ശശിലേഖയുടെ കരുത്ത്. ശശിലേഖയുടെ ചിത്രങ്ങളുടെ ഒരു പ്രദര്‍ശനം തന്നെ സംഘടിപ്പിക്കാനുള്ള തയാറെടുപ്പും പുരോഗമിക്കുകയാണ്. ഇതില്‍ നിന്ന് ലഭിക്കുന്ന വരുമാനം ഭിന്നശേഷിക്കാരുടെ ക്ഷേമ ഐശ്വര്യങ്ങള്‍ക്ക് വേണ്ടി വിനിയോഗിക്കുമെന്ന് അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."