ബി.എസ്.എന്‍.എല്‍ നെറ്റ്‌വര്‍ക്കില്‍ സൈബര്‍ ആക്രമണം; നൂറുകണക്കിന് മോഡങ്ങള്‍ തകരാറിലായി
വടക്കാഞ്ചേരി: ബി.എസ്.എന്‍.എല്‍ നെറ്റ്‌വര്‍ക്കില്‍ സൈബര്‍ ആക്രമണം. ഇതോടെ ബ്രോഡ്ബാന്റ് കണക്ഷന്റെ നിരവധി മോഡങ്ങള്‍ തകരാറിലായി. ബി.എസ്.എന്‍.എല്ലില്‍ നിന്നുള്ള നെറ്റ് കണക്ഷനുകള്‍ തൃശൂര്‍ ജില്ല മുഴുവന്‍ താറുമാറായതായാണ് റിപ്പോര്‍ട്ട്. വടക്കാഞ്ചേരി ഡിവിഷന്‍ ഓഫിസില്‍ നൂറ് മോഡവും, അഡാപ്റ്ററുമാണ് തകരാറിലായിട്ടുള്ളത്.
കഴിഞ്ഞ ദിവസമാണ് സൈബര്‍ ആക്രമണം നടന്നതെന്ന് ബി.എസ്.എന്‍.എല്‍ അധികൃതര്‍ പറയുന്നു. ചില പ്രത്യേക കമ്പനികളുടെ മോഡങ്ങളാണ് വ്യാപകമായി തകരാറിലായത്. ഇതിനെത്തുടര്‍ന്ന് ഈ മോഡങ്ങളിലെ മുഴുവന്‍ ഡാറ്റകളും മാഞ്ഞ് പോയ അവസ്ഥയിലാണ്. തകരാറിലായ മോഡത്തില്‍ പച്ച ലൈറ്റിന് പകരം ചുവന്ന ലൈറ്റാണ് തെളിയുക. ഇത്തരം മോഡങ്ങള്‍ അറ്റകുറ്റപണി നടത്താതെ ഉപയോഗിക്കാനാവില്ല. ബി.എസ്.എന്‍.എല്‍ ഓഫിസിലെത്തിച്ച് മോഡം പൂര്‍വസ്ഥിതിയിലാക്കണം. ഇതിന് വേണ്ടി വടക്കാഞ്ചേരി ഡിവിഷന്‍ ഓഫിസില്‍ പ്രത്യേകക്രമീകരണം ഒരുക്കിയിട്ടുണ്ട്. മൂന്ന് ജീവനക്കാരെ ഇതിന് വേണ്ടി നിയോഗിച്ചിട്ടുണ്ട്. ഒരു മോഡവും അഡാപ്റ്ററും തകരാര്‍ പരിഹരിയ്ക്കുന്നതിന് അര മണിക്കൂര്‍ സമയമെങ്കിലും എടുക്കുമെന്നതിനാല്‍ തകരാര്‍ പരിഹരിച്ച് മൊത്തമായി നെറ്റ്‌വര്‍ക്ക് സുഗമമാക്കാന്‍ ഏറെനാള്‍ എടുക്കുമെന്നതാണ് അവസ്ഥ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."