സൗന്ദര്യവത്കരണത്തിന്റെ മറവില്‍ റോഡ് കയ്യേറ്റമെന്ന് ;വ്യക്തിക്ക് പി.ഡബ്ല്യു.ഡി നോട്ടീസ് അയച്ചു
പടിഞ്ഞാറങ്ങാടി: കുണ്ടുകാട് പട്ടിത്തറ ഗ്രാമപഞ്ചായത്തിന് മുന്‍വശം സ്വകാര്യ വ്യക്തിയുടെ സ്ഥലത്തിന് മുന്‍വശത്ത് സൗന്ദര്യ വത്കരണത്തിന്റെ മറവില്‍ സ്ഥലം കയ്യേറുന്നു എന്നാരോപിച്ച് വിവിധ രാഷ്ട്രീയ കക്ഷികള്‍ രംഗത്ത് വന്നു. സ്ഥലം കയ്യേറിയവര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഫ്‌ളക്‌സ് ബോര്‍ഡുകളും വന്നതോടെയാണ് വിഷയത്തിന്റെ ഗൗരവം മറ്റുള്ളവര്‍ തിരിച്ചറിയുന്നത്. സന്ദര്യ വത്കരണത്തിന്റെ പേരിലാണ് സ്ഥലം കയ്യേറി പ്രകൃതിക്ക് ഭംഗി കൂട്ടുന്നതെങ്കിലും പിന്നീട് ഈ സ്ഥലങ്ങളെല്ലാം സ്വന്തം പേരിലാക്കുമോ എന്നാണ് ആശങ്ക. ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കുന്നുകള്‍ ഇടിച്ചും മണ്ണിട്ട് നിരത്തിയുമാണ് വില്ലകള്‍ നിര്‍മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതിന്റെ മുന്‍വശം മോഡി പിടിപ്പിക്കുന്നതിന്നാണ് റോഡ് സൈഡില്‍ വൃക്ഷങ്ങളും, ചെടികളും, പുല്ലുകളും, വച്ച് പിടിപ്പിച്ചിരിക്കുന്നത്. പി.ഡബ്ല്യു.ഡി അനുമതി നല്‍കിയത് കൊണ്ടാണ് സ്വകാര്യ വ്യക്തി ഇതെല്ലാം ചെയ്യുന്നതെന്നാണ് ആക്ഷേപകര്‍ പറയുന്നത്.
പട്ടിത്തറ മണ്ഡലം യൂത്ത് കോണ്‍ഗ്രസും, സി.പി.ഐ.എം പട്ടിത്തറ ലോക്കല്‍ കമ്മിറ്റിയുമാണ് കയ്യേറ്റം ഒഴിപ്പിച്ചില്ലെങ്കില്‍ പ്രക്ഷോഭസമരങ്ങള്‍ സംഘടിപ്പിക്കുമെന്ന തീരുമാനവുമായി മുന്നോട്ട് വന്നിരിക്കുന്നത്. എന്നാല്‍ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ സ്വകാര്യ വ്യക്തി കയ്യേറി സൗന്ദര്യവത്കരണം നടത്തിയ റോഡ് സൈഡിലെ എല്ലാ വൃക്ഷങ്ങളും, ചെടികളും, പുല്ലുകളും, മറ്റും നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടു കൊണ്ട് സ്വകാര്യ വ്യക്തിക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും, സ്വകാര്യ വ്യക്തി നീക്കം ചെയ്യാന്‍ അനുവദിച്ച സമയപരിധിക്കുള്ളില്‍ നീക്കം ചെയ്യാനുള്ള ശ്രമം നടത്തിയില്ലെങ്കില്‍ പി.ഡബ്ല്യു.ഡി ഇടപെട്ട് നീക്കം ചെയ്യുമെന്നും തൃത്താല പി.ഡബ്ല്യു.ഡി എ.ഇ.ഒ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."