ശബരിമല നിറപുത്തരിക്ക് നെല്‍കതിര്‍ കറ്റയുമായി അയ്യപ്പ ഭക്തസംഘം പുറപ്പെട്ടു
കൊല്ലങ്കോട്: കടുത്ത വേനലും ജല ദൗര്‍ലഭ്യവും വകവെക്കാതെ ഒരേക്കറില്‍ കൊല്ലങ്കോട് നെന്മേനി ചുട്ടിച്ചിറക്കളം കൃഷ്ണകുമാര്‍ വിത്തെറിഞ്ഞു നൂറാം നാള്‍ പിന്നിട്ടപ്പോള്‍ ലഭിച്ചത് നൂറുമേനി വിളവ്. ഈ വിളവില്‍ നിന്നും കഴിഞ്ഞ ഒന്‍പത് വര്‍ഷവും ശബരിമല നിറപുത്തരിക്ക് കതിര്‍ കറ്റയുമായി പോയ സംഘം പത്താം വര്‍ഷവും ഇരുന്നൂറ്റി അമ്പത്തി ഒന്ന് കതിര്‍ കറ്റയുമായി യാത്രയായി പറപ്പെട്ടു. ഇന്നലെ രാവിലെ ഒമ്പതരയോടെ നെന്മേനി പാടശേഖര സമിതിയിലെ അംഗവും അഖില ഭാരത അയ്യപ്പ സംഘത്തിലെ സെക്രട്ടറിയുമായ നെന്മേനി ചുട്ടിച്ചിറക്കളം കൃഷ്ണ കുമാറിന്റെ നെല്‍പ്പാടത്ത് കതിര്‍കറ്റ കൊയ്‌തെടുക്കല്‍ ചടങ്ങ് ഭക്തിനിര്‍ഭയമായി.
പനങ്ങാട്ടരി മോഹനന്റെ നേതൃത്വത്തില്‍ പഞ്ചവാദ്യമേളത്തിന്റെ മുന്‍പായുള്ള ശങ്കുവിളി ശബ്ദം ഉയര്‍ന്നതോടെ പഞ്ചവാദ്യത്തിന്റെ അടമ്പടിയില്‍ കൊയ്‌തെടുത്ത കതിര്‍കറ്റ ശബരിമല മുന്‍ മേല്‍ശാന്തി ദാമോധരന്‍ പോറ്റിയുടെ നേതൃത്വത്തില്‍ ഭക്തസംഘം നെല്‍പ്പാടത്തുനിന്നും നിറവള്ളിയും ചേര്‍ത്ത് വാദ്യാഘോഷത്തിന്റെ അകമ്പടിയോടെ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് എത്തിച്ചു.
ചടങ്ങില്‍ കൊല്ലങ്കോട് കൃഷിഭവന്‍ ഓഫിസര്‍ ദിലീപ് കുമാര്‍, ജീവനക്കാര്‍ നെന്മേനി പാടശേഖര സമിതി സുനില്‍ കുമാര്‍, അരവിന്ദാക്ഷന്‍, ചന്ദ്രന്‍, അഖില കേരളഅയ്യപ്പഭക്ത സംഘം പ്രസിഡന്റ് വിശ്വനാഥന്‍, രക്ഷാധികാരി ചന്ദ്രന്‍ സെക്രട്ടറി കഷ്ണകുമാര്‍, അയ്യപ്പഭക്തര്‍, കര്‍ഷകര്‍ നേതൃത്വം നല്‍കി.
വിഷു കഴിഞ്ഞ അടുത്ത ദിവസം തന്നെ മൂപ്പ് കുറഞ്ഞ വിത്തായ എ.എസ്.ടി ഒരേക്കില്‍ കൃഷിയിറക്കിയിരുന്നു. ജില്ലയിലും സമീപപ്രദേശങ്ങളിലും വേനല്‍ കടത്തതും കാലവര്‍ഷം അനുകൂലമല്ലാതായിട്ടും കുഴല്‍ കിണര്‍ വെള്ളം ഉപയോഗിച്ചാണ് നെല്‍ കതിര്‍ വിളവെടുപ്പിനായത്. ജില്ലയ്ക്കകത്തും പുറത്തും തമിഴ്‌നാട്, ബംഗളൂരു എന്നിവിടങ്ങളിലെ നൂറ്റി ഇരുപതോളം ക്ഷേത്രങ്ങളിലേക്കായി ഭാരവാഹികള്‍ നിറപുത്തരിക്കായുള്ള കതിര്‍ കറ്റകള്‍ ഇവിടന്നുകൊണ്ടു പോകുന്നുണ്ട്. ശബരിമലയില്‍ നടക്കുന്ന നിറപുത്തരിക്ക് കൊല്ലങ്കോട്ടില്‍ നിന്നു എണ്‍പത്തിയഞ്ച് അംഗ ഭക്തസംഘം കതിര്‍ കറ്റയുമായാണ് യാത്രയായത്. നാളെയാണ് നിറപുത്തരി ആഘോഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."