മകന്റെ വിവാഹം: മഅ്ദനിയുടെ ഹരജി തിങ്കളാഴ്ച പരിഗണിക്കും
ന്യൂഡല്‍ഹി: മകന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി ചെയര്മാന് അബ്ദുന്നാസര്‍ മഅ്ദനി സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും. അസുഖബാധിതരായ മാതാപിതാക്കളെ കാണുന്നതിനും മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനും ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കണമെന്ന മഅ്ദനിയുടെ ആവശ്യം ഈ മാസം 24ന് ഭാഗികമായി ബംഗളൂരു എന്‍.ഐ.എ കോടതി തള്ളിയിരുന്നു.
ഒന്നുമുതല്‍ 20 വരെയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ തങ്ങാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും മാതാവിനെ കാണാനായി ആറുദിവസത്തെ ഇളവു മാത്രമാണ് കോടതി നല്‍കിയത്. പിതാവിനെ കാണാനും വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനും അനുമതി നല്‍കിയില്ല. ഇത് അനീതിയാണെന്നു ചൂണ്ടിക്കാട്ടിയാണ് മഅ്ദനി സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്. ഇന്നലെ രാവിലെ കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് മഅ്ദനിയുടെ അഭിഭാഷകര്‍ ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണ് കേസില്‍ തിങ്കളാഴ്ച വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."