അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിന്റെ ഡ്രൈവര്‍ അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂഷന് വാദം അംഗീകരിച്ചാണ് കോടതിയുടെ തീരുമാനം.
ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കാനാവില്ലെന്നും അപ്പുണ്ണി അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ കീഴടങ്ങി ചോദ്യം ചെയ്യലുമായി സഹകരിക്കണമെന്നും സിംഗിള്‍ബെഞ്ച് നിര്‍ദേശിച്ചു. ഹരജി പരിഗണിച്ചപ്പോള്‍ അപ്പുണ്ണിയെ ഇതുവരെ കേസില്‍ പ്രതിയാക്കിയിട്ടില്ലെന്നും നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ ഗൂഢാലോചന തെളിയിക്കാന്‍ അപ്പുണ്ണിയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷന് വ്യക്തമാക്കിയിരുന്നു. ഇതു കൂടി കണക്കിലെടുത്താണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.
അറസ്റ്റിലായ ദിലീപിനെതിരേ പൊലിസിന് തെളിവൊന്നും കിട്ടിയില്ലെന്നും തന്നെയും നാദിര്‍ഷയെയും മാപ്പുസാക്ഷിയാക്കി ദിലീപിനെതിരേ തെളിവുണ്ടാക്കാനാണ് പൊലിസ് ശ്രമിക്കുന്നതെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അപ്പുണ്ണി ആരോപിച്ചിരുന്നു. പൊലിസ് പലതവണ ചോദ്യം ചെയ്തിരുന്നു. തന്നെ അറസ്റ്റ് ചെയ്ത് മൂന്നാംമുറ പ്രയോഗിക്കുമെന്ന് ആശങ്കയുണ്ടെന്നും ഹരജിയില്‍ പറഞ്ഞിരുന്നു. ഹരജിയിലെ വാദത്തിനിടെ അഭിഭാഷകന് ഇക്കാര്യം പറയുകയും ചെയ്തു. എന്നാല്‍, കേസിലെ മറ്റൊരു പ്രതി വിഷ്ണുവിനെ നേരിട്ടു കണ്ടതിലും പള്‍സര്‍ സുനിയുടെ ജയിലില്‍നിന്നുള്ള കത്ത് കൈമാറിയതിലും അപ്പുണ്ണിയുടെ പങ്കിനെക്കുറിച്ച് സംശയമുണ്ടെന്ന് പ്രോസിക്യൂഷന് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."