ശബരിമല: പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു
തിരുവനന്തപുരം: ശബരിമലയില്‍ സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത് യഥാര്‍ഥ ഭക്തരെ ദോഷകരമായി ബാധിക്കുന്നുവെന്നാരോപിച്ച് യു.ഡി.എഫ് നിയമസഭ സ്തംഭിപ്പിച്ചു.
രാവിലെ ചോദ്യോത്തരവേള ആരംഭിച്ചത് മുതല്‍ പ്രതിപക്ഷം സഭയുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്താന്‍ തുടങ്ങിയിരുന്നു. എങ്കിലും പ്രളയവുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ സ്പീക്കര്‍ മുഖ്യമന്ത്രിയെ അനുവദിച്ചു. പ്രതിപക്ഷത്തിന്റെ ബഹളം വകവയ്ക്കാതെ മുഖ്യമന്ത്രി ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നല്‍കുകയും ചെയ്തു. എന്നാല്‍, തങ്ങളുടെ പ്രതിഷേധം കണ്ടില്ലെന്നുനടിച്ച് സഭാനടപടികളുമായി സ്പീക്കര്‍ മുന്നോട്ടുപോയതിനെ തുടര്‍ന്ന് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തിപ്പിടിച്ച് സഭയുടെ നടുത്തളത്തിലിറങ്ങി സ്പീക്കറുടെ ചേമ്പറിന് മുന്നില്‍നിന്ന് മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് സ്പീക്കര്‍ ഒരുമണിക്കൂര്‍ സഭ നിര്‍ത്തിവച്ചു. 11 മണിയോടെ സഭ വീണ്ടും ചേര്‍ന്ന് അടിയന്തരപ്രമേയത്തിന് അനുമതി തേടിയുള്ള ചര്‍ച്ച ആരംഭിച്ചു. മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. തുടര്‍ന്ന് പ്രതിപക്ഷം സഭയുടെ പ്രവര്‍ത്തനം പൂര്‍ണമായി സ്തംഭിപ്പിക്കുകയായിരുന്നു.
ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുന്ന കാര്യം മറ്റു നടപടികള്‍ ഒഴിവാക്കി ചര്‍ച്ച ചെയ്യണമെന്ന ആവശ്യമാണ് തുടക്കംമുതല്‍ പ്രതിപക്ഷം ഉന്നയിച്ചത്. ശബരിമലയില്‍ നാമജപം നടത്തുന്നവരെ മര്‍ദിച്ചും വിരിവയ്ക്കാന്‍ ശ്രമിച്ചവരെ വെള്ളമൊഴിച്ചും ഓടിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയ വി.എസ് ശിവകുമാര്‍ പറഞ്ഞു. ശബരിമലയിലെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലുണ്ടായ അതൃപ്തിയുടെ ഫലമാണ് നിരീക്ഷണത്തിനായി ഹൈക്കോടതി മൂന്നംഗ സമിതിയെ നിയോഗിച്ചത്. യുവതീ പ്രവേശനം സുപ്രിംകോടതിയില്‍ നിന്ന് സര്‍ക്കാര്‍ ചോദിച്ചു വാങ്ങിയ വിധിയാണ്. ഭക്തജനങ്ങളെ എങ്ങനെ തടയാമെന്നാണ് ശബരിമലയില്‍ ബി.ജെ.പി നോക്കുന്നത്. ആചാരലംഘനങ്ങളുടെ ഘോഷയാത്രയാണ് ശബരിമലയില്‍ നടക്കുന്നത്. അതിനാല്‍ അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യണമെന്നും ശിവകുമാര്‍ ആവശ്യപ്പെട്ടു.
അതിനിടെ, ഭരണപക്ഷത്തുനിന്ന് എസ്. ശര്‍മ പോയിന്റ് ഓഫ് ഓര്‍ഡര്‍ ചൂണ്ടിക്കാട്ടി അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിക്കണമെന്ന് വാദിച്ചു. പോയിന്റ് ഓഫ് ഓര്‍ഡര്‍ നിലനില്‍ക്കില്ലെന്നും കോടതിയുടെ പരിഗണനയിലുള്ള വിഷയം മുന്‍പ് നിയമസഭ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി ശര്‍മയുടെ ആവശ്യം സ്പീക്കര്‍ തന്നെ തള്ളിക്കളഞ്ഞു. തുടര്‍ന്ന് മറുപടിക്കായി മുഖ്യമന്ത്രിയെ ക്ഷണിക്കുകയായിരുന്നു. വിധി നടപ്പാക്കല്‍ സര്‍ക്കാരിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വമാണെന്ന കാര്യത്തില്‍ ഉറച്ചുനിന്നാണ് മുഖ്യമന്ത്രി സംസാരിച്ചത്. കോടതി ഉത്തരവ് അംഗീകരിക്കില്ലെന്നുപറഞ്ഞാണ് കോണ്‍ഗ്രസും സംഘ്പരിവാറും സമരം ചെയ്യുന്നത്. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നിലപാടാണിത്.
ഭക്തര്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാന്‍ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായിരുന്നു പൊലിസ് നടപടി. ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച നടപടിയില്‍ അടിയന്തര പ്രമേയം അനുവദിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അടിന്തര പ്രമേയത്തിന് അനുമതി തേടിയുള്ള ചര്‍ച്ചയില്‍ മുഖ്യമന്ത്രിയുടെ വാദങ്ങള്‍ക്ക് ശക്തമായ ഭാഷയിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മറുപടി പറഞ്ഞത്. ശബരിമല വിഷയത്തിന്റെ പേരില്‍ ബി.ജെ.പിക്ക് വിത്തും വളവും നല്‍കി മഹത്വവല്‍ക്കരിക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും ആര്‍.എസ്.എസിന്റെ റിക്രൂട്ടിങ് ഏജന്റായി സി.പി.എം പ്രവര്‍ത്തിക്കരുതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. തുടര്‍ന്ന് പ്രതിപക്ഷം ഒന്നടങ്കം സഭയുടെ നടുത്തളത്തിലിറങ്ങി ബഹളംവച്ചു. പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തി അവര്‍ സ്പീക്കറുടെ ഡയസിനു മുന്നില്‍ മുദ്രാവാക്യം വിളിച്ചു. അതിനിടെ, സബ്മിഷനും ശ്രദ്ധക്ഷണിക്കലും റദ്ദാക്കുന്നതായി സ്പീക്കര്‍ അറിയിച്ചു. തുടര്‍ന്ന് പരിഗണിക്കാനിരുന്ന മൂന്ന് ഭേദഗതി ബില്ലുകളും ചര്‍ച്ചയില്ലാതെ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനക്ക് വിട്ടുകൊണ്ട് സഭ രണ്ടുമണിയോടെ പിരിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."