' വേണം, വെറ്റിലപ്പാറ വെട്ടത്ത് കടവില്‍ ആദിവാസികള്‍ക്കൊരു പാലം'
അരീക്കോട്: മഴ കനത്താല്‍ ഊര്‍ങ്ങാട്ടിരി ആദിവാസി കോളനികള്‍ക്ക് ആധിയാണ്. വെറ്റിലപ്പാറ വെട്ടത്ത് കടവിലെ തകര്‍ന്നുവീഴാറായ മുളപ്പാലമാണ് ഇവരെ ഭീതിയിലാക്കുന്നത്. ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് വെറ്റിലപ്പാറ വാര്‍ഡിലാണ് വെണ്ടേക്കുംപൊയില്‍, പന്നിയാന്‍മല, ചീങ്കണ്ണിപ്പാലി കോളനികള്‍. കോളനിയുടെ ഒരുഭാഗം വനമേഖലയാണ്. മറുഭാഗത്ത് പതഞ്ഞെഴുകുന്ന ചെറുപുഴയും. മറുകരയെത്താന്‍ കോളനിവാസികള്‍ക്ക് ആകെയുള്ളത് ചെറുപുഴക്ക് കുറുകെ നാട്ടുകാര്‍ കെട്ടിയുണ്ടാക്കിയ പാലം മാത്രമാണ്.
30 കുടുംബങ്ങള്‍ ആശ്രയിക്കുന്ന പാലത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. മുളയും ചെറിയകമ്പിയും കയറും ഉപയോഗിച്ച് നിര്‍മിച്ച പാലത്തിന്റെ തൂണുകള്‍ പുഴയില്‍ കുത്തിയാണ് നില്‍ക്കുന്നത്. ശക്തമായ മഴയത്ത് വെള്ളം കുത്തിയൊഴുകുമ്പോള്‍ തടിക്കഷ്ണങ്ങളും മറ്റും ഒഴുകിയെത്തി തൂണിനിടിക്കുന്നത് നിലനില്‍പ്പിന് ഭീഷണിയാണ്. സ്‌കൂളിലേക്ക് പോകുന്ന വിദ്യാര്‍ഥികളും ഏറെ ഭീതിയോടെയാണ് ഇതുവഴിയാണ് പോകുന്നത്.
അല്ലെങ്കില്‍ മറ്റ് വഴികളിലൂടെ കിലോമീറ്റര്‍ ചുറ്റണം. അറ്റകുറ്റപ്പണികളെല്ലാം നിര്‍വഹിക്കുന്നത് നാട്ടുകാരാണ്. മഴ കനത്താല്‍ തകര്‍ന്ന മുളപ്പാലത്തിലൂടെ കുട്ടികളെ വിടാന്‍ രക്ഷിതാക്കള്‍ക്ക് ഭയമാണ്.
ചെറുവാഹനങ്ങള്‍ക്കുള്‍പ്പെടെ കടന്നുപോകാന്‍ കഴിയുന്ന വിധത്തില്‍ കോണ്‍ക്രീറ്റ് പാലം നിര്‍മിക്കണമെന്ന ആവശ്യമാണ് നാട്ടുകാരുടേത്. ഈ പ്രദേശത്തുകാരുടെ സുരക്ഷ ഉറപ്പാക്കുന്ന നിലയില്‍ നടപടി വേണമെന്നാവശ്യപ്പെട്ട് അധികൃതരെ കാണാനൊരുങ്ങുകയാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."