കുപ്പാടി മരം ഡിപ്പോ: മരങ്ങള്‍ ലേലത്തില്‍ പോകുന്നില്ല; തൊഴിലാളികള്‍ക്ക് പണിയുമില്ല
സുല്‍ത്താന്‍ ബത്തേരി: കുപ്പാടി മരം ഡിപ്പോയില്‍ മരങ്ങള്‍ കെട്ടിക്കിടക്കുന്നു.തൊഴിലാളികള്‍ക്ക് പണിയുമില്ല. മരങ്ങള്‍ ലേലത്തില്‍ പോകാത്തതിനാല്‍ ദുരിതമനുഭവിക്കുന്നത് തൊഴിലാളികളാണെന്ന് സംയുക്ത മരം കയറ്റിറക്ക് തൊഴിലാളി യൂണിയന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വീട്ടി, തേക്ക് മരങ്ങളാണ് കെട്ടിക്കിടക്കുന്നത്. 200 ലോഡിന് മുകളില്‍ മരം കെട്ടിക്കിടക്കുന്നുണ്ട്. ഓണ്‍ലൈന്‍ ലേലത്തില്‍ വ്യാപാരികള്‍ സഹകരിക്കുന്നില്ല. ഓണ്‍ലൈനില്‍ പോകാത്ത മരങ്ങള്‍ നേരിട്ട് ലേലം ചെയ്യുന്നതിന് നടപടിയുണ്ടാകണം. ഉപഭോക്താവിന് ആവശ്യമായ അളവിലല്ല മരം മുറിക്കുന്നത്. അതാണ് മരങ്ങള്‍ ലേലത്തില്‍ പോകാന്‍ തടസം. ലേലത്തില്‍ മരം പോയാല്‍ മാത്രമേ തൊഴിലാളികള്‍ക്ക് തൊഴിലുണ്ടാവുകയുള്ളു. 50 ഓളം തൊഴിലാളികളാണ് ഡിപ്പോമൂലം ജീവിതമാര്‍ഗം തേടുന്നത്. എന്നാല്‍ കയറ്റിപ്പോകാതെ ഡിപ്പോയില്‍ മരം നിറഞ്ഞുകിടക്കുകയാണ്. വീട്ടി തടികള്‍ മഴയും വെയിലും കൊണ്ട് നശിച്ചുപോകും. നല്ല നിലവാരമുള്ള തടികള്‍ ഡിപ്പോയിലുണ്ട്. എന്നാല്‍ കടുത്ത അവഗണനയാണ് ഡിപ്പോ നേരിടുന്നത്. കേരളത്തില്‍ കല്ലായ് കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഡിപ്പോയാണ് കുപ്പാടി. 50 വര്‍ഷത്തിലേറെയായി തൊഴിലാളികള്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. തൊഴിലാളികളുടെ പ്രശ്നങ്ങള്‍ ആരും ശ്രദ്ധിക്കുന്നില്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു. മരങ്ങളുടെ സ്പോട്ട് ലേലം നടക്കുകയാണെങ്കില്‍ മാറ്റങ്ങളുണ്ടാകും. കൃത്യമായ അളവില്‍ ആവശ്യക്കാര്‍ക്ക് ആവശ്യാനുസരണം ഉപയോഗിക്കാന്‍ സാധിക്കുന്ന വിധത്തില്‍ മരം മുറിക്കാത്തതും മരം എടുക്കാന്‍ ആളുകള്‍ വരാന്‍ തടസമാണെന്നും ഇവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ എം.കെ. ബാബു, എം. ഷംസുദ്ദീന്, ടി.കെ സുമേഷ്, സി. സുബ്രമണ്യന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."