പ്രളയാനന്തര പുനര്‍നിര്‍മാണം അപ്പീലുകള്‍ 30 വരെ സ്വീകരിക്കും
ആലപ്പുഴ: പ്രളയത്തില്‍ തകര്‍ന്ന ജില്ലയിലെ വീടുകളുടെ പുനര്‍നിര്‍മാണത്തിനുള്ള ധനസഹായം എത്രയുംവേഗം ഗുണഭോക്താക്കളില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ല കലക്ടര്‍ എസ്. സുഹാസിന്റെ അധ്യക്ഷതയില്‍ ആസൂത്രണസമിതി ഹാളില്‍ കൂടിയ യോഗം തീരുമാനിച്ചു.
പ്രളയത്തില്‍ 75 ശതമാനത്തിലധികം നാശനഷ്ടം സംഭവിച്ച വീടുകള്‍ പുനര്‍ നിര്‍മിക്കുന്നതിന് ഇതുവരെ 554 പേര്‍ക്ക് ആദ്യഗഡുവായി 5.5 കോടി രൂപയുടെ ധനസഹായം വിതരണം ചെയ്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ആദ്യഗഡുവായി 95,100 രൂപ വീതമാണ് നല്‍കിയത്. സര്‍വേയില്‍ ഉള്‍പ്പെടാതെ പോയവര്‍ക്ക് നവംബര്‍ 30 വരെ അതത് പഞ്ചായത്തുകളിലും നഗരസഭകളിലും അപേക്ഷ നല്‍കാം. ഇതോടൊപ്പം തങ്ങളുടെ അര്‍ഹത സംബന്ധിച്ച് നിശ്ചയിച്ചിട്ടുള്ള സ്ലാബുകള്‍ സംബന്ധിച്ചുള്ള അപ്പീലുകളും സ്വീകരിക്കും. പ്രളയം ബാധിച്ച സ്ഥലങ്ങളില്‍നിന്ന് മാത്രമാണ് അപേക്ഷ സ്വീകരിക്കുക.
അപ്പീല്‍ അപേക്ഷയിന്മേല്‍ എല്‍.എസ്.ജി.ഡി. എന്‍ജിനീയര്‍ അല്ലെങ്കില്‍ ഓവര്‍സിയര്‍, വില്ലേജ് ഓഫിസര്‍, പഞ്ചായത്ത് സെക്രട്ടറി എന്നിവരുള്‍പ്പെടുന്ന സംഘം ഡിസംബര്‍ 10നകം പരിശോധനകള്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കണമെന്ന് ജില്ല കലക്ടര്‍ പറഞ്ഞു. ജില്ലയില്‍ റീ ബില്‍ഡ് ആപ്ലിക്കേഷനില്‍ സര്‍വേ പൂര്‍ത്തിയായ ശേഷം 75 ശതമാനത്തിന് മുകളില്‍ നാശ നഷ്ടം കണ്ടെത്തിയവര്‍ക്കാണ് ആദ്യഘട്ട ധനസഹായം. 75 ശതമാനത്തിന് മുകളില്‍ നാശനഷ്ടം വന്ന 1162 പേരാണ് ഗുണഭോക്താക്കളായി ഇപ്പോള്‍ ഉള്ളതെങ്കലും അപ്പീലുകള്‍ പരിഗണിച്ച് കഴിയുമ്പോള്‍ ഇത് 1300 വരെയാകാനുള്ള സാധ്യതയുണ്ടെന്ന് യോഗം വിലയിരുത്തി.
പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ പുനര്‍ നിര്‍മാണത്തിന് പൊതുജനത്തെ ഒരു തരത്തിലും ബുദ്ധിമുട്ടിക്കരുതെന്നും ഇക്കാര്യത്തില്‍ ചുവപ്പുനാട പൂര്‍ണമായും ഒഴിവാക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്നും ജില്ല കലക്ടര്‍ പറഞ്ഞു.
അപ്പീലുകളില്‍ താഴെത്തലത്തിലുള്ള പരിശോധന പൂര്‍ത്തിയാക്കി ജില്ല കലക്ടര്‍ക്ക് നല്‍കുക വഴി ചുവപ്പുനാടയുടെ ഒരു ഘട്ടം ഒഴിവാക്കാന്‍ കഴിയും. ഗുണഭോക്താക്കള്‍ക്ക് ആവശ്യമായ സാങ്കേതിക സഹായം നല്‍കുന്നതിനുള്ള ഫെസിലിറ്റേഷന്‍ സെന്ററുകള്‍ ബ്ലോക്ക് തലത്തില്‍ ഉടന്‍ തുടങ്ങണമെന്ന് യോഗത്തില്‍ നിര്‍ദേശിച്ചു.
സംയുക്ത സര്‍വേ പൂര്‍ത്തിയാക്കുന്നതിനും മറ്റും അധിക ജീവനക്കാരെ പരമാവധി ലഭ്യമാക്കാന്‍ ശ്രമിക്കുമെന്ന് ജില്ല കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."