വിനായകന്റെ മരണം: ക്രൈംബ്രാഞ്ച് അന്വേഷിക്കും
തൃശൂര്‍: പൊലിസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചതിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത ദലിത് യുവാവ് വിനായകന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഡി.ജി.പി ലോക്നാഥി ബെഹ്റയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. കസ്റ്റഡിയില്‍ വച്ച് വിനായകന് മര്‍ദനമേറ്റിട്ടുണ്ടോ എന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കും
രണ്ടാഴ്ച മുന്‍പ് തൃശൂര്‍ എങ്ങണ്ടിയൂര്‍ കണ്ടന് ഹൗസില്‍ വിനായകനെയും സുഹൃത്ത് ശരതിനെയും പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. പൊലിസ് വിട്ടയച്ചതിനുശേഷം വീട്ടില്‍ വച്ചാണ് വിനായകന് ആത്മഹത്യ ചെയ്തത്. കസ്റ്റഡിയില്‍ പൊലിസിന്റെ മര്‍ദനം മൂലമാണ് വിനായകന് ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം.
പൊലിസിന്റെ ക്രൂര മര്‍ദനമേറ്റുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. ശരീരത്തില്‍ പലയിടത്തും മര്‍ദനമേറ്റ് പാടുകളുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കാലില്‍ ബൂട്ടിട്ട് ചവിട്ടിയ പാടുകളുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
പാവറട്ടി സ്റ്റേഷന് പരിധിയിലെ മുല്ലശ്ശേരി മധുക്കരയില്‍ നിന്നാണ് വനിതാ സുഹൃത്തുമായി സംസാരിച്ചു നിന്ന വിനായകനെ പൊലിസ് കസ്റ്റഡിയിലെടുത്തത്. ബൈക്കിനരികില്‍ നില്‍ക്കുകയായിരുന്ന സുഹൃത്ത് ശരത്തിനെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. തുടര്‍ന്നാണ് മൂന്നാം മുറ പ്രയോഗം നടന്നത്. പിന്നീട് പിതാവിനോടൊപ്പം വിട്ടയച്ച യുവാവിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."