നന്ദനയുടെ സ്വപ്നങ്ങള്‍ ചെറുതും സുന്ദരവുമാണ്
സ്‌പോര്‍ട്‌സ് ലേഖകന്‍
മാങ്ങാട്ടുപറമ്പ്: ദുരിതങ്ങളെ പിന്നിലാക്കി റെക്കോര്‍ഡിന് മീതേ നടന്നു കയറിയ നന്ദനയുടെ സ്വപ്നങ്ങള്‍ ചെറുതും സുന്ദരവുമാണ്. ദേശീയ സ്‌കൂള്‍ മീറ്റിലും മികച്ച പ്രകടനം കാഴ്ചവയ്ക്കണം.
ഭാവിയില്‍ മികച്ചൊരു കായികാധ്യാപകയാവണം. സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിലെ സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്ററില്‍ റെക്കോര്‍ഡോടെ സ്വര്‍ണം നേടിയ നന്ദന ശിവദാസ് തന്റെ കൊച്ചുകൊച്ചു മോഹങ്ങളെ മറച്ചുവയ്ക്കുന്നില്ല.
14.35.90 സെക്കന്‍ഡ് സമയം കുറിച്ചായിരുന്നു നന്ദന റെക്കോര്‍ഡുമായി പൊന്നിലേക്കുള്ള നടത്തം നിര്‍ത്തിയത്. കട്ടിപ്പാറ ഹോളി ഫാമിലി എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാര്‍ഥിയായ ഈ വയനാട്ടുകാരി പുതിയ റെക്കോര്‍ഡ് സ്വന്തം പേരിലാക്കി.
മാത്തൂര്‍ സി.എഫ്.ഡി.വി.എച്ച്.എസ്.എസിലെ എ. ദിവ്യയുടെ പേരിലുള്ള 14.47.25 സെക്കന്‍ഡ് റെക്കോര്‍ഡിന് മീതേയാണ് നന്ദന നടന്നു കയറിയത്. വി.ടി മനീഷ് പരിശീലിപ്പിക്കുന്ന നന്ദന രണ്ടുവര്‍ഷം മുന്‍പാണ് വയനാടന്‍ ചുരമിറങ്ങി കട്ടിപ്പാറയിലേക്ക് എത്തുന്നത്. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളില്‍ താലിബിനും അരുണിനും കീഴില്‍ ആയിരുന്നു ആദ്യ പരിശീലനം.
സ്‌കൂള്‍ മൈതാനത്തെ പരിശീലനത്തിന് പുറമേ ആഴ്ചയിലൊരിക്കല്‍ 40 കിലോ മീറ്ററിലേറെ സഞ്ചരിച്ചു കോഴിക്കോട് മെഡിക്കല്‍ കോളജ് സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കില്‍ പരിശീലനത്തിന് എത്തും.
കൂലിപ്പണിക്കാരനായ അച്ഛന്‍ ശിവദാസിന് കിണറില്‍ ഇറങ്ങുന്നതിനിടെ കല്ല് വീണ് തോളിന് ഗുരുതരമായി പരുക്കേറ്റതോടെ ജീവിതം തന്നെ വഴിമുട്ടിയ അവസ്ഥയിലായി. പ്രൈവറ്റ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അമ്മ വിജിലയുടെ വരുമാനമാണ് കുടുംബത്തിന്റെ ഏക ആശ്രയം. ദര്‍ശനയാണ് സഹോദരി. ഇനി ദേശീയ സ്‌കൂള്‍ മീറ്റിന്റെ ട്രാക്കില്‍ വിജയനടത്തം തുടരണം. നന്ദന തന്റെ സ്വപ്നങ്ങളെ മറച്ചുവയ്ക്കുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."