ഓഖി ദുരന്തത്തിനു വയസ് ഒന്ന്: മാറ്റങ്ങളില്ലാതെ തീരദേശം
കൊടുങ്ങല്ലൂര്‍: തീരമേഖലയുടെ ജീവനൊഴികെ മറ്റെല്ലാം നശിപ്പിച്ച ഓഖിദുരന്തത്തിനു ഒരു വയസ് തികയുമ്പോള്‍ കടപ്പുറത്തു മാറ്റമേതുമില്ല.
തകര്‍ന്ന കടല്‍ഭിത്തി, നിലം പതിച്ച വീടുകള്‍, സഞ്ചാരയോഗ്യമല്ലാതായ റോഡുകള്‍ എല്ലാം അതുപോലെ തന്നെ. കടല്‍ പിന്‍വാങ്ങി എന്നതൊഴിച്ചാല്‍ ദുരന്തത്തിന്റെ അടയാളങ്ങള്‍ അതേപടി അവശേഷിച്ചിട്ടുണ്ടിവിടെ.
കഴിഞ്ഞ നവംബര്‍ 29ന് കരയിലേക്കാഞ്ഞടിച്ച ഓഖി തിരമാല പിന്‍വാങ്ങിയതു ദിവസങ്ങള്‍ക്കു ശേഷമാണ്. രാപ്പകല്‍ ഭേദമില്ലാതെ കടല്‍ കരയെടുത്തപ്പോള് ജീവന് കൈയില്‍ പിടിച്ചാണ് കടപ്പുറം പാലായനം ചെയ്തത്. രണ്ടു കിലോമീറ്റര്‍ കടന്നു കടല്‍ ടിപ്പു സുല്‍ത്താന്‍ റോഡിനെ തൊട്ടത് ഭീതിയോടെയാണ് നാടു കണ്ടുനിന്നത്. വസ്ത്രങ്ങള്‍, ഭക്ഷണ സാധനങ്ങള്‍, വീട്ടുപകരണങ്ങള്‍, പാഠപുസ്തകങ്ങള്‍ എന്നിങ്ങനെ കുടുംബത്തിന്റെ മുഴുവന്‍ സമ്പാദ്യവും അന്നു കടലെടുത്തു. തകര്‍ന്നു വീണ വീടുകളും കടപുഴകിയ മരങ്ങളും ഏറെയാണ്.
തീരദേശ ഗ്രാമങ്ങളുടെ നട്ടെല്ലാണ് തിരയടിയില്‍ തകര്‍ന്നത്. ഇതിന് ശേഷം തീരദേശത്തേക്ക് നിരവധി വാഗ്ദാനങ്ങള്‍ ഒഴുകിയെത്തിയെങ്കിലും ഒന്നും നടപ്പിലായില്ല.
കടല്‍ഭിത്തി പുനര്‍നിര്‍മിക്കണമെന്നാവശ്യപ്പെട്ടു തീരദേശവാസികള്‍ പലവട്ടം റോഡ് ഉപരോധം നടത്തിയെങ്കിലും നടപടി വാക്കിലൊതുങ്ങി.
എല്ലാം ഫയലിലുണ്ടെന്ന മറുപടിയില്‍ അധികൃതര്‍ കൈമലര്‍ത്തുമ്പോള്‍ വാഗ്ദാന ലംഘനത്തിന്റെ ഇരകളായി മാറുകയാണ് തീരദേശവാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."