HOME
DETAILS
MAL
രാജസ്ഥാനില്‍ വീണ്ടും കോണ്‍ഗ്രസിന്റെ മുന്നേറ്റം
backup
November 20 2019 | 06:11 AM
ജയ്പൂര്‍: രാജസ്ഥാനില്‍ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റം. ആകെയുള്ള 49 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 2015 വാര്‍ഡുകളിലേക്കു നടന്ന വോട്ടെടുപ്പില്‍ കോണ്‍ഗ്രസ് 961 സ്ഥലത്തും ബി.ജെ.പി 737 സ്ഥലത്തുമാണ് വിജയിച്ചത്. ആകെയുള്ള സീറ്റുകളുടെ പകുതിയോളം നേടിയാണ് കോണ്‍ഗ്രസ് കരുത്ത് തെളിയിച്ചത്.
ബി.എസ്.പി 16 വാര്‍ഡിലും സി.പി.എം മൂന്നു വാര്‍ഡിലും എന്‍.സി.പി രണ്ടുസ്ഥലത്തും വിജയിച്ചു. വിജയിച്ചവരില്‍ 386 സ്വതന്ത്രരും ഉള്‍പ്പെടും. ജൈസാല്‍മിര്‍, ബാര്‍മര്‍, ഹനുമാന്‍ഗഡ്, സിരോഹി, ബന്‍സ്വര എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് തൂത്തുവാരിയപ്പോള്‍, ശ്രി ഗംഗ നഗറിലും അല്‍വാറിലും പുഷ്‌കറിലും മാത്രമേ ബി.ജെ.പിക്കു തിളങ്ങാന്‍ കഴിഞ്ഞുള്ളൂ.
ശനിയാഴ്ച നടന്ന വോട്ടെടുപ്പില്‍ 71.5 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. 2014ല്‍ നടന്ന ലോക്കല്‍ ബോഡി തെരഞ്ഞെടുപ്പില്‍ 49 ല്‍ 37 പഞ്ചായത്തിലും ബി.ജെ.പിക്കായിരുന്നു വിജയം. കോണ്‍ഗ്രസ് ആറിടത്ത് മാത്രം വിജയിച്ചു.
എന്നാല്‍, അഞ്ചുവര്‍ഷത്തിനു ശേഷം ബി.ജെ.പിക്ക് കനത്ത തിരിച്ചടി നല്‍കുന്നതാണ് ഇന്നലെ പുറത്തുവന്ന ഫലങ്ങള്‍. ഈ വര്‍ഷം മെയില്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനിലെ 25 സീറ്റുകളും ബി.ജെ.പി തൂത്തുവാരുകയും ചെയ്തിരുന്നു.
സര്‍ക്കാരിന്റെ പ്രകടനത്തില്‍ സന്തുഷ്ടരായതുകൊണ്ടാണ് പ്രാദേശിക തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് തന്നെ ജനങ്ങള്‍ വോട്ട് ചെയ്തതെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."