മാര്‍ക്ക് ദാന വിവാദം കൂടുതല്‍ രാഷ്ട്രീയവത്കരിക്കാന്‍ പ്രതിപക്ഷം: കെ.എസ്.യു മാര്‍ച്ചില്‍ തിരുവനന്തപുരത്തും കൊച്ചിയിലും സംഘര്‍ഷം
തിരുവനന്തപുരം: സര്‍വകലാശാ മാര്‍ക്ക്ദാന വിവാദത്തെ കൂടുതല്‍ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ പ്രതിപക്ഷം. കഴിഞ്ഞ ദിവസം ഷാഫി പറമ്പില്‍ എം.എല്‍.എക്കു നേരെയുണ്ടായ പൊലിസ് മര്‍ദനത്തെ ചൊല്ലി ഇന്ന് നിയമസഭയില്‍ പ്രതിപക്ഷം പ്രതിഷേധം കനപ്പിച്ചിരുന്നു. നിയമസഭയില്‍ അപ്രതീക്ഷിത സംഭവങ്ങളാണ് അരങ്ങേറിയത്. സംഭവത്തില്‍ പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു. ഷാഫി പറമ്പില്‍ എം.എല്‍.എയുടെ രക്തംപുരണ്ട വസ്ത്രം സഭയില്‍ ഉയര്‍ത്തിയായിരുന്നു ആദ്യ പ്രതിഷേധം. മുദ്രാവാക്യങ്ങളുടെ ബഹളത്തില്‍ ചോദ്യോത്തര വേള മുങ്ങിപ്പോയി. ചേദ്യോത്തരവേള നിര്‍ത്തി വച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇക്കാര്യം സഭയില്‍ ആവശ്യപ്പെട്ടുവെങ്കിലും ഇതേവിഷയത്തില്‍ അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കാമെന്നു സ്പീക്കര്‍ മറുപടി നല്‍കി. ഇതോടെയാണ് പ്ലക്കാര്‍ഡും ബാനറുമായി പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം മുഴക്കിയെത്തിയത്.
ഇതിനുപുറമേ ഇന്ന് കെയഎസ്.യു നടത്തിയ വിധ്യാഭ്യാസ ബന്ദിനെ തുടര്‍ന്നു നടത്തിയ പ്രതിഷേധ മാര്‍ച്ചും സംഘര്‍ഷത്തിലാണ് കലാശിച്ചത്. തിരുവനന്തപുരത്തും കൊച്ചിയിലുമാണ് മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചത്. പൊലിസ് ജലപീരങ്കി പ്രയോഗിച്ചപ്പോള്‍ പൊലിസിനുനേരെ സമരക്കാര്‍ കല്ലേറും നടത്തി.
എം.എല്‍.എയെ മര്‍ദിച്ചതിനെചൊല്ലിയായിരുന്നു അംഗങ്ങള്‍ നിയമസഭയെ പ്രക്ഷുബ്ധമാക്കിയത്. ഉന്നത വിദ്യാഭ്യാസം കുത്തഴിഞ്ഞു കിടക്കുന്നു. ഇതിനെതിരേ പ്രതിഷേധിച്ച എം.എല്‍.എയെ പോലും പൊലിസ് തല്ലി ചതക്കുന്നു. ഷാഫി പറമ്പില്‍ എം.എല്‍.എയെപോലും തിരിച്ചറിയാത്ത പൊലിസുകാരുണ്ടോ കേരളത്തില്‍ എന്നും പ്രതിപക്ഷം ചോദിച്ചു. ഇതിനു മന്ത്രി ഇ.പി ജയരാജന്‍ നല്‍കിയ മറുപടിയില്‍ തൃപ്തിവരാതെയാണ് പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധം കനപ്പിച്ചത്. അവര്‍ സ്പീക്കറുടെ ഡയസില്‍ കയറി പ്രതിഷേധിച്ചതോടെ സ്പീക്കര്‍ സഭ നിര്‍ത്തിവെക്കുകയും പിന്നീട്സ്പീക്കര്‍ ഇറങ്ങിപ്പോകുകയുമായിരുന്നു.
കേരളസര്‍വകലാശാല മാര്‍ക്ക് ദാനത്തില്‍ നടപടിയാവശ്യപ്പെട്ട് കെ.എസ്.യു നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തില്‍ ഷാഫി പറമ്പില്‍ എംഎല്‍എ, സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് ഉള്‍പ്പടെയുള്ളവര്‍ക്ക് പരുക്കേറ്റിരുന്നു. ഇതാണ് പ്രശ്‌നം കലുഷിതമാക്കിയത്. മാര്‍ച്ച് ഉദ്ഘാടനം ചെയ്തശേഷം പ്രവര്‍ത്തകര്‍ പൊലിസ് ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. ഇതിനെതിരേ പൊലിസ് സമരക്കാരെ കാര്യമായി തന്നെ കൈകാര്യം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."