കണ്ണുകളില്‍ ഇരുട്ട് നിറയുമ്പോഴും ചുറ്റുമുള്ളവരിലേക്ക് വെളിച്ചം വിതറി ഹാറൂണ്‍ കരീം
പി. മുസ്തഫ വെട്ടത്തൂര്‍
മേലാറ്റൂര്‍: ഒരു പൂവിന്റെ ഫോട്ടോക്കായി ഹാറൂണിന്റെ മൊബൈല്‍ കാമറയില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഉടനടി ശബ്ദസന്ദേശവുമെത്തും. 'ഇറ്റ്‌സ് എ ഫ്‌ളവര്‍' ! ജന്മനാ കാഴ്ച ശേഷിയില്ലാത്ത ഹാറൂണ്‍ തന്നെ വികസിപ്പിച്ചെടുത്ത ചിത്രമിഴി എന്ന ആപ്പാണ് ഈ സംവിധാനം സാധ്യമാക്കുന്നത്. ഒരു ടെക്സ്റ്റിന്റെ ഫോട്ടോ എടുത്തു കഴിഞ്ഞാല്‍ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്ത ടി.ടി.എം.എസ് ആപ് അത് മുഴുവന്‍ വായിച്ചുനല്‍കും.
ഇരുകണ്ണിലും ഇരുട്ട് നിറയുമ്പോഴും ചുറ്റുമുള്ളവരിലേക്ക് വെളിച്ചം വിതറിയാണ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ ഹാറൂണ്‍ കരീം ഡിജിറ്റല്‍ ലോകത്തിന്റെ പുതിയ സാധ്യതകളിലേക്ക് മുന്നേറുന്നത്. ജന്മനാ ഇരുട്ടിലായ ജീവിതങ്ങളെ അറിവിന്റെയും വെളിച്ചത്തിന്റെയും ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന മൊബൈല്‍ ആപ്പുകളും കംപ്യൂട്ടര്‍ സോഫ്റ്റ് വെയറുകളുമാണ് ഹാറൂണ്‍ നിര്‍മിക്കുന്നത്. 25ഓളം മൊബൈല്‍ ആപ്പും സോഫ്റ്റ് വെയറും ഈ 15കാരന്റെ തലച്ചോറില്‍ നിന്നും പിറവിയെടുത്തു. കാഴ്ചയുള്ളവരും കാഴ്ചാ വെല്ലുവിളി നേരിടുന്നവരും വൈരുധ്യങ്ങളില്ലാതെ പരസ്പരം ഇടപഴകുന്ന സമൂഹമാണ് ഹാറൂണിന്റെ ലക്ഷ്യം. കാഴ്ചയുള്ളവര്‍ക്ക് സാധ്യമായതൊക്കെയും ജീവിതം ഇരുട്ടിലായവര്‍ക്ക് എങ്ങനെ നേടിയെടുക്കാമെന്ന അന്വേഷണമാണ് ആപ്പുകള്‍ വികസിപ്പിച്ചെടുക്കുന്നതിലേക്കുള്ള വാതിലുകള്‍ തുറന്നത്. ശബ്ദക്ഷരം, ടി.ടു.എസ്, വോയ്‌സ് ഐ, ഐ.സി ഡോട്ട് ഐ.ഡി.ഇ, ഐ.ഡി.ഇ ലേണ്‍ എന്നിവയാണ് പ്രധാനപ്പെട്ട മറ്റുചില ആപ്പുകള്‍. ഗൂഗിള്‍ വോയ്‌സ് ടൈപ്പിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് ദൈര്‍ഘ്യമുള്ള ടെക്സ്റ്റ് ടൈപ്പ് ചെയ്യാന്‍ സാധിക്കുന്ന മൊബൈല്‍ ആപ്പാണ് ശബ്ദാക്ഷരം. വോയ്‌സ് ഐ ആപ് ഇന്റര്‍നെറ്റിന്റെ സഹായമില്ലാതെ തന്നെ ശബ്ദംകേട്ട് മൊബൈലിലെ വിവിധ പ്രോസസുകള്‍ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നതാണ്. ഫോണിലെ ഏതെങ്കിലും കോണ്‍ടാക്റ്റിലേക്ക് വിളിക്കണമെങ്കിലോ വീഡിയോ പ്ലേ ചെയ്യണമെങ്കിലോ ശബ്ദരൂപത്തിലുള്ള നിര്‍ദേശം നല്‍കിയാല്‍ മതിയാകും. ആപ്ലിക്കേഷന്‍ ഇതുവരെ ഒരുലക്ഷം പേര്‍ ഡൗണ്‍ലോഡ് ചെയ്തു. ടി.ടു.എസ് അഥവാ ടെക്‌സ്റ്റ് ടു സ്പീച്ച് ആപ് ഫോണില്‍ വരുന്ന സന്ദേശങ്ങള്‍ വായിച്ചുനല്‍കും. പതിനാലുകാരന്റെ വൈഭവത്തിന് ലോക പ്രശസ്ത മള്‍ട്ടിനാഷണല്‍ കമ്പനിയിലെ ജോലിയും തേടിയെത്തി. ഏഴുമാസത്തോളം ജോലിചെയ്ത ഹാറൂണ്‍ കാഴ്ചയുടെ പരിമിതി നേരിടുന്നവര്‍ക്കായി കംപ്ലീറ്റ് എയിം എന്ന കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ നിര്‍മിക്കുന്നതിന്റെ പണിപ്പുരയിലാണിപ്പോള്‍. മേലാറ്റൂര്‍ തൊടുകുഴിക്കുന്നുമ്മല്‍ അബ്ദുല്‍ കരീമിന്റെയും മേലാറ്റൂര്‍ ആര്‍.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക സാബിറയുടെയും മൂന്ന് മക്കളില്‍ ഇളയവനാണ് ഹാറൂണ്‍ കരീം. ഒന്നുമുതല്‍ ഏഴാംക്ലാസ് വരെ വള്ളിക്കാപ്പറ്റയിലെ കേരള സ്‌കൂള്‍ ഫോര്‍ ബ്ലൈന്‍ഡിലായിരുന്നു പഠനം. ഏഴില്‍ പഠിക്കുമ്പോള്‍ പുളിക്കല്‍ എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ഡിസേബിള്‍ഡിന്റെ നേതൃത്വത്തില്‍ നല്‍കിയ കംപ്യൂട്ടര്‍ പഠനക്ലാസാണ് ഈ മേഖലയിലേക്കുള്ള വാതായനം തുറന്നുനല്‍കിയത്. മങ്കട ജി.എച്ച്എസ്എസില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ ഹാറൂണിന്റെ പഠനവും പരീക്ഷ എഴുത്തുമെല്ലാം ലാപ്‌ടോപ് ഉപയോഗിച്ചാണ്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ക്കുപുറമെ സ്പാനിഷും കൈകാര്യംചെയ്യുന്ന ഹാറൂണ്‍ സംസ്ഥാന സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവത്തില്‍ തുടര്‍ച്ചയായ അഞ്ചുതവണ മലയാളം പ്രസംഗത്തില്‍ ഒന്നാംസ്ഥാനം നേടിയിട്ടുണ്ട്. ഐടി മേഖലയിലെ നൂതന രീതികളെകുറിച്ചും സ്‌പോക്കണ്‍ ഇംഗ്ലീഷ് പഠനരീതികളെകുറിച്ചും ക്ലാസും എടുക്കുന്നു. സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറിങ്ങിലെ ബിരുദത്തിനുശേഷം സിവില്‍ സര്‍വിസാണ് ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."