തോപ്പുംപടിയില്‍ പൈപ്പ് പൊട്ടി റോഡ് തകര്‍ന്നു; കുടിവെള്ള വിതരണം തടസപ്പെട്ടു
മട്ടാഞ്ചേരി: തോപ്പുംപടിയില്‍ ശുദ്ധജല വിതരണ പൈപ്പ് പൊട്ടിയത് ഏറെ പ്രതിസന്ധിക്കിടയാക്കി. റോഡിന് അടിയിലൂടെ വൈദ്യുതി കേബിള്‍ സ്ഥാപിക്കുന്നതിനിടെയാണ് കുടിവെള്ള പൈപ്പ് പൊട്ടിയത്. ഇതോടെ റോഡ് തകരുകയും വെള്ളം നിറയുകയും ചെയ്തു. തുടര്‍ന്ന് പടിഞ്ഞാറന്‍ കൊച്ചിയില്‍ ശുദ്ധജല വിതരണം തടസപ്പെട്ടു. പശ്ചിമകൊച്ചിയിലെ തോപ്പുംപടി മട്ടാഞ്ചേരി, ഫോര്‍ട്ട്‌കൊച്ചി എന്നിവിടങ്ങളിലാണ് കുടിവെള്ളം മുടങ്ങിയത്.
വ്യാഴാഴ്ച്ച പുലര്‍ച്ചെയോടെ തോപ്പുംപടിയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ വസ്ത്രശാലയിലേക്ക് ഹൈടെന്‍ഷന്‍ വൈദ്യുതി കേബിള്‍ സ്ഥാപിക്കുന്നതിനായി റോഡിനു സമീപം കുഴിയെടുത്തത്. വസ്ത്രശാലയില്‍ നിന്ന് നൂറ് മീറ്ററോളം അകലെ നില്‍ക്കുന്ന ട്രാന്‍ഫോര്‍മറിന് സമീപത്തേക്കാണ് പ്രധാന റോഡിന് അടിയിലൂടെ ഡ്രില്‍ മെഷിന്‍ ഉപയോഗിച്ച് കുഴിയെടുക്കാന്‍ ശ്രമിച്ചത്. ഇതിനിടെ സമീപം ഉണ്ടായിരുന്ന കുടിവെള്ള പൈപ്പില്‍ ഡ്രില്‍ ഉപകരണം തട്ടി പൈപ്പ് പൊട്ടുകയായിരുന്നു. പൈപ്പ് പൊട്ടിയതോടെ റോഡ് തകര്‍ന്ന് വെള്ളം ശക്തിയോടെ പുറത്തേക്ക് ഒഴുകി തോപ്പുംപടി ജങഷന്‍ വെള്ളക്കെട്ടിലായി. ഇതോടെ ഇതുവഴിയുള്ള ഗതാഗതവും തടസപ്പെട്ടു. പൊട്ടിയ കുടിവെള്ള പൈപ്പ് മണിക്കൂറുകളോളം സമയമെടുത്ത് രാത്രിയോടെയാണ് നന്നാക്കിയത്.
വൈദ്യുത കേബിള്‍ സ്ഥാപിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ്, ജല അതോറിറ്റി, ബി.എസ്.എന്‍.എല്‍ എന്നിവിടങ്ങളില്‍ നിന്നും അനുമതി വാങ്ങണമെന്നും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരിക്കണമെന്നും അനുമതി പത്രത്തില്‍ പറയുന്നുണ്ടെങ്കിലും ഇവയൊന്നും പാലിക്കാതെയാണ് കേബിള്‍ സ്ഥാപിക്കാന്‍ സ്വകാര്യ സ്ഥാപനം ശ്രമിച്ചത്.
ഇതോടെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സമരം. വെള്ളം നിറഞ്ഞ റോഡില്‍ കുത്തിയിരുന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം.
പ്രതിഷേധത്തെ തുടര്‍ന്ന് കേബിള്‍ സ്ഥാപിക്കുന്നതിനായി ആലുവയില്‍ നിന്ന് എത്തിച്ച ഡ്രില്ലിംങ് ഉപകരണങ്ങളും വാഹനവും പൊലിസ് കസ്റ്റഡിയില്‍ എടുത്തു. സമരത്തിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഷമീര്‍ വളവത്ത്, സുമിത് ജോസഫ്, സേവ്യര്‍ ജാക്‌സണ്‍, ആര്‍.ബഷീര്‍, പ്രത്യുഷ് പ്രസാദ്, മന്‍സൂര്‍ അലി, ഇ.എ.ഹാരിസ്,സനല്‍ ഈസ,സി.എക്‌സ്. ജൂഡ്, അമല്‍ പി.എക്‌സ് എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."