സര്‍ക്കാര്‍ രൂപീകരിക്കാതെ ഇസ്‌റാഈല്‍; വീണ്ടും തെരഞ്ഞെടുപ്പിലേക്ക്
ടെല്‍ അവീവ്: സെപ്റ്റംബറില്‍ നടന്ന തെരഞ്ഞെടുപ്പിന് ശേഷം ഇതുവരെ സര്‍ക്കാര്‍ രൂപീകരിക്കാനാവാതെ ഇസ്‌റാഈല്‍ പാര്‍ട്ടികള്‍. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ലഭിച്ച ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടിക്കും സാധിക്കാതെയാതോടെ രാജ്യം വീണ്ടും തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയേക്കും. ബ്ലൂ ആന്‍ഡ് വൈറ്റ് സഖ്യ നേതാവ് ബെന്നി ഗാന്റ്‌സിന് സര്‍ക്കാര്‍ രൂപീകരണത്തിന് പ്രസിഡന്റ് റ്യൂവിന്‍ റിവ്‌ലിന്‍ അനുവദിച്ച 28 ദിവസത്തെ സമയം അവസാനിച്ചതോടെയാണ് ഒരു വര്‍ഷത്തിനിടെ മൂന്നാമത്തെ പൊതു തെരഞ്ഞെടുപ്പിലേക്ക് ഇസ്‌റാഈല്‍ നീങ്ങാനുള്ള സാധ്യതയുള്ളത്. പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ നേരത്തെ സമയം അനുവദിച്ചെങ്കിലും അദ്ദേഹം പരാജയപ്പെടുകയായിരുന്നു.
ഐക്യ സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും സാധിച്ചില്ലെന്ന് ഗാന്റ്‌സ് പറഞ്ഞു. സര്‍ക്കാര്‍ രൂപീകരണത്തിന് 61 അംഗങ്ങളുടെ പിന്തുണയാണ് ആവശ്യമുള്ളത്. ഇസ്‌റാഈല്‍ ചരിത്രത്തില്‍ ആദ്യമായാണ് സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ രണ്ട് പാര്‍ട്ടികളും പരാജയപ്പെടുന്നത്. മുന്‍ പ്രതിരോധ മന്ത്രി അവദ്‌ഗോര്‍ ലൈബര്‍മാന്റെ പാര്‍ട്ടിയുടെ പിന്തുണയില്ലാതെ ഒരു പാര്‍ട്ടിക്കും സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കില്ല.
എന്നാല്‍ തങ്ങളെ ആരെയും പിന്തുണയ്ക്കാനില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചതോടെയാണ് സര്‍ക്കാര്‍ രൂപീകരണ ശ്രമങ്ങള്‍ പാളിയത്. കഴിഞ്ഞ മാസം അവസാനത്തിലായിരുന്നു സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നെതന്യാഹുവിന്റെ സമയം അവസാനിച്ചത്.
സര്‍ക്കാര്‍ രൂപീകരണത്തിന് അന്തിമമായി 21 ദിവസത്തെ സമയമാണുള്ളത്. ഈ ദിവസത്തിനുള്ളില്‍ ഭൂരിപക്ഷം അവകാശപ്പെട്ട് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആരെങ്കിലും രംഗത്തെത്തി പാര്‍ലമെന്റിന്റെ പിന്തുണ നേടണം. ഇല്ലെങ്കില്‍ രാജ്യം വീണ്ടും തെരഞ്ഞെടുപ്പിലേക്ക് നീങ്ങും.
പൊതു തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് നെതന്യാഹുവും ഗാന്റ്‌സെയും പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അധികാരം പങ്കിടുന്നതില്‍ ധാരണയിലെത്താന്‍ ഇരുവര്‍ക്കും സാധിച്ചിരുന്നില്ല. സെപ്റ്റംബര്‍ 17ന് നടന്ന തെരഞ്ഞെടുപ്പില്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിക്ക് 31 സീറ്റുകളാണ് ലഭിച്ചത്. ഗാന്റ്‌സിന്റെ ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടി 32 സീറ്റും നേടി. ഏപ്രിലില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് സെപ്റ്റംബറില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടന്നത്. നിര്‍ണായക നീക്കങ്ങളൊന്നുമുണ്ടായിട്ടില്ലെങ്കില്‍ 2020 ആദ്യത്തില്‍ പൊതു തെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."