കേരള സ്‌കൂള്‍ കലോത്സവം വിശന്ന് മടങ്ങില്ല; പ്രതിഭകള്‍ക്ക് കരുതലിന്റെ പൊതിച്ചോര്‍
സ്വന്തം ലേഖകന്‍
കാഞ്ഞങ്ങാട്: കലോത്സവ നഗരിയില്‍നിന്ന് മടക്കയാത്ര തിരിക്കുന്ന പ്രതിഭകള്‍ക്ക് പൊതിച്ചോറും നല്‍കി യാത്രയാക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകസമിതി. 28 വര്‍ഷങ്ങള്‍ക്കുശേഷം കാസര്‍കോടന്‍ മണ്ണില്‍ വിരുന്നെത്തിയ കലാമേളയെ വ്യത്യസ്തമാക്കുന്നതും ഈ ജനതയുടെ സ്‌നേഹസ്പര്‍ശമായിരിക്കും. പങ്കെടുക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും കലോത്സവ ഓര്‍മയ്ക്കായി ട്രോഫി സമ്മാനിക്കുന്നതിനു പിന്നാലെയാണ് വഴിയാത്രയില്‍ പോലും വിശന്നിരിക്കാതിരിക്കാന്‍ പൊതിച്ചോറും നല്‍കി യാത്രയാക്കുന്നത്.
കാസര്‍കോടന്‍ മണ്ണില്‍ വിരുന്നെത്തുന്ന കേരള സ്‌കൂള്‍ കലോത്സവത്തില്‍നിന്ന് ആരെയും മുഷിപ്പിക്കാതെ സന്തോഷത്തോടെ യാത്രയാക്കാനുള്ള ഒരുക്കത്തിലാണ് ഭക്ഷണ കമ്മിറ്റി. ആരും വിശന്നിരിക്കരുതെന്ന കരുതലിലാണ് അവര്‍.
മത്സരം കഴിഞ്ഞ് തിരിച്ചു പോകുന്ന മത്സരാര്‍ഥികളേയും വെറും വയറോടെ ഭക്ഷണകമ്മിറ്റി തിരിച്ചു വിടില്ല. കൈകളില്‍ പൊതിച്ചോറും നല്‍കി, കരുതലോടെ മാത്രമേ കലാനഗരിയില്‍നിന്ന് യാത്ര അയക്കൂ. ഭക്ഷണപ്പുരയിലെത്തുന്ന എല്ലാവര്‍ക്കും വയറു നിറയെ ഉണ്ണാനുള്ള സൗകര്യവും ഒരുങ്ങുകയാണ്. 27ന് പാലുകാച്ചല്‍ ചടങ്ങിനുശേഷം ഭക്ഷണപ്പുര ഉണരും. മലബാറിന്റെ രുചിക്കൂട്ടുകള്‍ക്കൊപ്പം തുളുനാടന്‍ സീറയും, ഹോളിഗയും മത്സരാര്‍ഥികള്‍ക്ക് ആസ്വദിക്കാം.
പാല്‍പായസം, പ്രഥമന്‍ തുടങ്ങി പായസങ്ങളുടെ നീണ്ട നിര തന്നെ സദ്യയിലുണ്ടാകും. പ്രഭാത ഭക്ഷണത്തിന് ഇടിയപ്പവും ഇഷ്ടുവും കൊഴക്കട്ടയും മറ്റ് കേരളീയ ഭക്ഷണങ്ങളും ഉള്‍പ്പെടുത്തും.
പ്രധാനവേദിയായ ഐങ്ങോത്തുനിന്ന് 1.5 കിലോമീറ്റര്‍ അകലെയായി കൊവ്വല്‍പ്പള്ളിയിലാണ് ഭക്ഷണപ്പുര സജ്ജമാക്കിയിരിക്കുന്നത്.
പതിനെട്ട് കൗണ്ടറുകളിലായി 2750 പേര്‍ക്ക് ഒരേസമയം ഭക്ഷണം കഴിക്കാം. വിവിധ വേദികളില്‍നിന്ന് മത്സരാര്‍ഥികള്‍ക്ക് ഭക്ഷണപ്പുരയിലേക്കെത്താന്‍ സ്‌കൂള്‍ ബസുകളുടെ സൗജന്യസേവനം ലഭ്യമാണ്.
ഭക്ഷണപ്പുരയില്‍ വിളമ്പാനും ക്ലീനിങിനും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കുമായി രണ്ടായിരത്തിലേറെ വളണ്ടിയര്‍മാര്‍ പ്രവര്‍ത്തിക്കും.
ഓരോ ദിവസവും 500 വളണ്ടിയര്‍മാര്‍ ഭക്ഷണപ്പുര നിയന്ത്രിക്കും. അധ്യാപകര്‍, എന്‍.എസ്.എസ്, ഹയര്‍സെക്കന്‍ഡറി വിഭാഗം, എന്‍.സി.സി, റെഡ്‌ക്രോസ് തുടങ്ങിയവര്‍ ഭക്ഷണപ്പുരയിലെ വളണ്ടിയര്‍മാരാകും. ഭക്ഷണപ്പുരയോട് ചേര്‍ന്നുതന്നെ ഭക്ഷണ കമ്മിറ്റി ഓഫിസും പ്രവര്‍ത്തിക്കും. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ നാളെ ഭക്ഷണപ്പന്തല്‍ സന്ദര്‍ശിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."