ജനപങ്കാളിത്തമില്ല; ഗ്രാമസഭകള്‍ പ്രഹസനമാവുന്നതായി ആക്ഷേപം
കുന്നുംകൈ: ജനങ്ങള്‍ക്കു ഭരണവികസന കാര്യങ്ങളില്‍ നേരിട്ട് ഇടപെടുന്നതിനും പഞ്ചായത്ത് ഭരണ സംവിധാനത്തിന്റെ അടിത്തറയുമാകേണ്ട ഗ്രാമസഭകള്‍ പലതും പ്രഹസനമാവുന്നതായി ആക്ഷേപം. മലയോരത്തെ ചില പഞ്ചായത്തുകളില്‍ നടന്ന ഗ്രാമസഭകള്‍ പലതും ചടങ്ങിനു വേണ്ടി മാത്രമായി മാറിയെന്നാണ് ആക്ഷേപം. ഒരു ഗ്രാമസഭയുടെ ക്വാറം ആകെ വോട്ടര്‍മാരുടെ പത്തു ശതമാനമാണെങ്കിലും പല യോഗങ്ങളിലും ആയിരത്തോളം വരുന്ന വോട്ടര്‍മാരില്‍ അമ്പതില്‍ താഴെ വോട്ടര്‍മാരാണു സംബന്ധിക്കുന്നത്.
കഴിഞ്ഞ ദിവസം വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തില്‍ വിവിധ വാര്‍ഡുകളില്‍ 2017-18 വര്‍ഷത്തെ പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട് പല ഗ്രാമസഭകളിലുംപങ്കാളിത്തം കുറവായിരുന്നു. വാര്‍ഡുകളില്‍ നിശ്ചയിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ തന്നെ യോഗങ്ങളില്‍ സംബന്ധിക്കാത്തത് സംബന്ധിച്ചു ഗ്രാമസഭയില്‍ തന്നെ ജനങ്ങള്‍ ആരോപണമുന്നയിച്ചു.
യോഗത്തിന്റെ മിനിട്‌സും തീരുമാനങ്ങളും യോഗ സ്ഥലത്തു വച്ചു തന്നെ എഴുതി പൂര്‍ത്തീകരിക്കണമെന്ന നിയമവും ഇവിടെ പലപ്പോഴും പാലിക്കപ്പെടാറില്ല. ഇതിനായി നിയോഗിക്കപ്പെട്ട കോഓര്‍ഡിനേറ്റര്‍മാര്‍ മാസങ്ങള്‍ക്കു ശേഷമാണു മിനുട്‌സ് തയാറാക്കുന്നതെന്നും ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."