അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കിയില്ല; ട്രഷറി സമയക്രമീകരണം പ്രതിസന്ധിയിലേക്ക്
ശംസുദ്ധീന്‍ഫൈസി #
മലപ്പുറം: ട്രഷറികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കാതെയുള്ള സമയക്രമീകരണം പ്രതിസന്ധിയിലേക്ക്. സംസ്ഥാനത്തെ എല്ലാ ട്രഷറികളിലും പ്രവര്‍ത്തനസമയം, ഇടപാടുസമയം എന്നിവയ്ക്ക് ഏകീകൃത സ്വഭാവം കൊണ്ടുവരുന്നതിന്റെ ഭാഗമായി ചില സമയക്രമീകരണങ്ങള്‍ വേണമെന്ന് ചൂണ്ടിക്കാണിച്ച് സംസ്ഥാന ട്രഷറി ഡയരക്ടറേറ്റ് കഴിഞ്ഞ ദിവസം ചില നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ട്രഷറികളുടെ പൊതുവായ പ്രവര്‍ത്തന സമയം രാവിലെ 10 മുതല്‍ വൈകുന്നേരം 5വരെ ആക്കിയും പണമിടപാടു സമയം രാവിലെ 10 മുതല്‍ വൈകുന്നേരം 4വരെ നിജപ്പെടുത്തിയുമാണ് നിര്‍ദേശങ്ങള്‍. നിലവില്‍ ട്രഷറികളിലെ ഇടപാടു സമയത്തിനു ഏകീകൃതമായൊരു രീതിയില്ല . ഇതു ഇടപാടുകാരില്‍ ആശയകുഴപ്പം സൃഷ്ടിക്കുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് പുതിയ മാറ്റം .
എന്നാല്‍ ഇതു സാധാരണ ട്രഷറികളുടെ പ്രവര്‍ത്തനത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തുന്നത്. നിലവില്‍ ഒരു ട്രഷറര്‍ തസ്തികയാണ് സംസ്ഥാനത്തെ സാധാരണ ട്രഷറികളില്‍ ഉള്ളത്. ഒരു അധിക ട്രഷറര്‍ തസ്തിക കൂടി സൃഷ്ടിച്ച ശേഷമെ സമയക്രമീകരണം നടപ്പാക്കുകയുള്ളൂവെന്നായിരുന്നു സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നത്. ഇതിനു മുന്‍പ് തന്നെ ട്രഷറികളുടെ ഇടപാടു സമയത്തില്‍ മാറ്റം വരുത്തിയതു പണമിടപാടിനെ ബാധിക്കുമെന്നാണ് ജീവനക്കാര്‍ പറയുന്നത്. ട്രഷറികളില്‍ ശരാശരി സൂക്ഷിക്കാവുന്ന പണം 12ലക്ഷമാണ്. ഇതില്‍ കൂടുതല്‍ വരുന്ന പണം ദിനേ ബാങ്കില്‍ അടക്കണമെന്നാണ് നിയമം . എന്നാല്‍ ദിനംപ്രതി ട്രഷറികളില്‍ ശരാശരി 60ലക്ഷംവരെ പണം എത്തുന്നുണ്ട്. ഇതു ബാങ്കില്‍ നിക്ഷേപിക്കുകയുമാണ് ചെയ്യാറുള്ളത്. പുതിയ സമയക്രമീകരണത്തില്‍ ഇടപാടു സമയം വൈകുന്നേരം 4വരെയാണ് നിജപ്പെടുത്തിയിരിക്കുന്നത്. ബാങ്കുകളുടെ ക്ലോസിംഗ് സമയവും ഇതുതന്നെയാണ്. ഇതുകാരണം ട്രഷറികളില്‍ എത്തുന്ന അധിക പണം ബാങ്കുകളിലേക്ക് കൈമാറാന്‍ സമയം ലഭിക്കാതെ വരുമെന്നതാണ് പുതിയ പ്രതിസന്ധി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."