മോഡറേഷന്‍ തട്ടിപ്പ്; കംപ്യൂട്ടര്‍ സെല്‍ മേധാവിയെ സസ്‌പെന്‍ഡ് ചെയ്തു
തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ മോഡറേഷന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കംപ്യൂട്ടര്‍ സെല്‍ മേധാവി ഡോ. വിനോദ് ചന്ദ്രനെ കേരള സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് സസ്‌പെന്‍ഡ് ചെയ്തു.
സോഫ്റ്റ്‌വെയര്‍ പുതുക്കണമെന്ന് നിര്‍ദേശിച്ചിട്ടും അത് പരിശോധിക്കാത്തതിനാണ് കംപ്യൂട്ടര്‍ സെല്‍ ഡയറക്ടറെ സസ്‌പെന്‍ഡ് ചെയ്തത്. സോഫ്റ്റ്‌വെയറിലെ പ്രശ്‌നങ്ങള്‍ സിഡാക്കിനെകൊണ്ട് പരിശോധിക്കാനും സിന്‍ഡിക്കേറ്റ് തീരുമാനിച്ചു.
ആകെ 727 വിദ്യാര്‍ഥികളുടെ മൊഡറേഷനിലാണ് അപാകതയുണ്ടായത്. ഇതില്‍ 390 വിദ്യാര്‍ഥികള്‍ മാര്‍ക്ക് ലിസ്റ്റ് ഡൗണ്‍ലോഡ് ചെയ്തു. ഈ മാര്‍ക്ക് ലിസ്റ്റുകളും അധികമായി ലഭിച്ച മാര്‍ക്കും റദ്ദാക്കും. സൂക്ഷ്മ പരിശോധന നടത്തി ഇതില്‍നിന്ന് ഏതെങ്കിലും വിദ്യാര്‍ഥിയെ ഒഴിവാക്കിയാല്‍ ആരോപണങ്ങള്‍ ഉയരുമെന്നതിനാലാണ് എല്ലാ മാര്‍ക്ക് ലിസ്റ്റും റദ്ദാക്കാന്‍ തീരുമാനിച്ചത്. ഇതോടെ തുടര്‍പഠനം നടത്തുന്ന കുട്ടികളള്‍ക്ക് പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ട സ്ഥിതിയുണ്ടാകും.2016 മുതല്‍ കേരള സര്‍വകലാശാല നടത്തിയ 16 പരീക്ഷകളുടെ മോഡറേഷന്‍ മാര്‍ക്കാണ് തിരുത്തിയത്. പരീക്ഷാ ചുമതലയുണ്ടായിരുന്നു ഡെപ്യൂട്ടി രജിസ്റ്റാറുടെ രഹസ്യ പാസ്‌വേഡ് ഉപയോഗിച്ച് സോഫ്റ്റ്‌വെയറില്‍ കയറി മാര്‍ക്കുകള്‍ തിരുത്തി എന്നായിരുന്നു പ്രാഥമിക റിപ്പോര്‍ട്ട്. എന്നാല്‍ എല്ലാം സോഫ്റ്റ് വെയറിന്റെ പിഴവെന്നാണ് പ്രോ വൈസ് ചാന്‍സിലറുടെ നേതൃത്വത്തില്‍ നടന്ന സാങ്കേതിക വിദഗ്ധരുടെ കണ്ടെത്തല്‍.
സോഫ്റ്റ്‌വെയറിലെ അപാകതകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടും നടപടി സ്വീകരിക്കാത്തതിനാണ് കംപ്യൂട്ടര്‍ സെല്‍ മേധാവി ഡോ. വിനോദ് ചന്ദ്രനെ സസ്‌പെന്‍ഡ് ചെയ്യാന്‍ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചത്. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് സിന്‍ഡിക്കേറ്റ് തീരുമാനം.
പരീക്ഷാ ചുമതലയുള്ളവര്‍ സ്ഥലം മാറുകയോ വിരമിക്കുകയോ ചെയ്താല്‍ പാസ്‌വേഡുകള്‍ നശിപ്പിക്കണമെന്നാണ് ചട്ടം. ഇക്കാര്യത്തില്‍ കംപ്യൂട്ടര്‍ സെല്ലിന് വീഴ്ചപറ്റിയെന്നാണ് സിന്‍ഡിക്കേറ്റിന്റെ വിലയിരുത്തല്‍. പാസ്‌വേഡ് ഉപയോഗിച്ചതില്‍ വീഴ്ച സംഭവിച്ചതായി കേരള യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ മഹാദേവന്‍ പിള്ള സമ്മതിച്ചു. 390 കുട്ടികള്‍ക്കാണ് മാര്‍ക്ക് കൂടിയത്. പി.വി.സിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടരും. സുരക്ഷ കൂട്ടാന്‍ സിഡാക്കിനോട് ആവശ്യപ്പെട്ടു. നിലവിലെ പാസ് വേഡുകള്‍ റദ്ദാക്കും. സോഫ്റ്റ് വെയര്‍ അപ്‌ലോഡ് ചെയ്തതില്‍ വീഴ്ചയുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."