മരട്: കൂടുതല്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഹരജി തുറന്ന കോടതിയില്‍ വാദംകേള്‍ക്കും
ന്യൂഡല്‍ഹി: ബില്‍ഡര്‍മാരില്‍ നിന്ന് കൂടുതല്‍ നഷ്ടപരിഹാരം കിട്ടണമെന്നാവശ്യപ്പെട്ട് മരടിലെ ഫ്ളാറ്റുടമകള്‍ നല്കിയ പുനഃപരിശോധനാ ഹരജിയില്‍ സുപ്രിംകോടതി തുറന്നകോടതിയില്‍ വാദംകേള്‍ക്കും.
ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുക. ഫ്ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്കാന് കൂടുതല്‍ സമയം വേണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് കെ.ബാലകൃഷ്ണന് നായര്‍ സമിതിയെ സമീപിക്കാമന്നും സുപ്രിംകോടതി വ്യക്തമാക്കി.
ഫ്ളാറ്റ് പൊളിക്കാനുള്ള നടപടികള്‍ തുടര്‍ന്നുവരുന്നതായും ഇതുസംബന്ധിച്ച സുപ്രിംകോടതി ഉത്തരവ് ഭാഗികമായി നടപ്പാക്കിയതായും സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന് ഇന്നലെ കോടതിയെ അറിയിച്ചു. ഇതുസംബന്ധിച്ച തല്‍സ്ഥിതി വിവര റിപ്പോര്‍ട്ടും സര്‍ക്കാര്‍ സമര്‍പ്പിച്ചു. 25 ലക്ഷം രൂപ വീതം ഫ്ളാറ്റുടമകള്‍ക്ക് നല്‍കാനായിരുന്നു ഒക്ടോബര്‍ 25ലെ ഉത്തരവില്‍ കോടതി നിര്‍ദേശിച്ചിരുന്നത്. ഫ്ളാറ്റുടമകള്‍ക്ക് ഇടക്കാല നഷ്ടപരിഹാരമായി 27.99 കോടി നല്‍കിയതായി സര്‍ക്കാര്‍ അറിയിച്ചു.
33.51 കോടി കൂടി വൈകാതെ നല്‍കുമെന്നും സര്‍ക്കാര്‍ അഭിഭാഷകന് വ്യക്തമാക്കി. ഇതിന് സാവകാശം വേണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം കെ.ബാലകൃഷ്ണന് നായര്‍ സമിതിക്ക് മുന്‍പാകെ ഉന്നയിക്കാന്‍ കോടതി നിര്‍ദേശിച്ചു. ജനുവരി 11ന് ഹോളി ഫെയ്ത്ത്, ആല്‍ഫാ സറീന് ഫ്ളാറ്റുകള്‍ സ്ഫോടനത്തിലൂടെ പൊളിക്കും.
12ന് ഗോള്‍ഡന്‍ കായലോരവും ജെയിന് കോറലും പൊളിക്കുമെന്നും തല്‍സ്ഥിതി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ഫ്ളാറ്റ് പൊളിക്കുന്നതുള്‍പ്പടെയുള്ള ഉത്തരവ് പൂര്‍ണമായും നടപ്പാക്കാന്‍ ബെഞ്ച് സര്‍ക്കാരിന് നിര്‍ദേശം നല്കി.
നഷ്ടപരിഹാര തുക നല്കാന് വസ്തുക്കള്‍ വില്ക്കണമെങ്കില് അനുമതിക്കായി സമിതിയെ സമീപിക്കാന്‍ കെട്ടിട നിര്‍മാതാക്കള്‍ക്കും കോടതി അനുമതി നല്കി. നഷ്ടപരിഹാരം നല്‍കുന്നതിന് സമിതി മുന്‍പാകെ 20 ലക്ഷം രൂപ ഒരു മാസത്തിനുള്ളില്‍ സമര്‍പ്പിക്കാന്‍ കോടതി ബില്ഡര്മാരോടും നിര്‍ദേശിച്ചിരുന്നു. ഇതിനായി കണ്ടുകെട്ടിയ ബാങ്ക് അക്കൗണ്ട് വിടുതല്‍ നല്‍കുകയും ചെയ്തു. ചീഫ് സെക്രട്ടറി ടോം ജോസിനെതിരേ മേജര്‍ രവി നല്കിയ കോടതിയലക്ഷ്യ ഹര്‍ജി പിന്നീട് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.
കേരളത്തില്‍ തീരദേശ നിയമങ്ങള്‍ ലംഘിച്ച് പണിത കെട്ടിടങ്ങളുടെ പട്ടിക ചീഫ് സെക്രട്ടറി കോടതിക്ക് കൈമാറിയില്ലെന്ന് ആരോപിച്ചാണ് കോടതിയലക്ഷ്യ ഹരജി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."