ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്ക് മാപ്പുപറയും
ലണ്ടന്‍: നൂറു വര്‍ഷം മുന്‍പ് അമൃത്സറിലെ ജാലിയന്‍ വാലാബാഗില്‍ ബ്രിട്ടിഷ് പട്ടാളം നടത്തിയ കൂട്ടക്കുരുതി ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍. ഡിസംബര്‍ 12നു നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിജയിക്കുകയാണെങ്കില്‍ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയുടെ പേരില്‍ ഔപചാരികമായി ബ്രിട്ടന്‍ മാപ്പുപറയുമെന്നാണ് മാനിഫെസ്റ്റോയില്‍ പറയുന്നത്. 107 പേജുള്ള പ്രകടന പത്രികയുടെ തലക്കെട്ട് യഥാര്‍ഥ മാറ്റത്തിനുള്ള സമയമായി എന്നാണ്. ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ പ്രകാശനം ചെയ്ത മാനിഫെസ്റ്റോയില്‍ ഫലപ്രദമായ നയതന്ത്രം എന്ന ഉപശീര്‍ഷകത്തിനു താഴെ 1984ല്‍ നടന്ന ഓപറേഷന്‍ ബ്ലൂസ്റ്റാറുള്‍പ്പെടെ കഴിഞ്ഞ കാലത്ത് ബ്രിട്ടനു പങ്കുള്ള സംഭവങ്ങളില്‍ ഒരു ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തുമെന്നും വ്യക്തമാക്കുന്നു.
നേരത്തെ അമൃത്സര്‍ കൂട്ടക്കൊലയില്‍ ഖേദം പ്രകടിപ്പിച്ച മുന്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ പക്ഷേ മാപ്പു പറയില്ലെന്ന് തുറന്നുപറഞ്ഞിരുന്നു. 2014ല്‍ രഹസ്യപ്പട്ടികയില്‍ നിന്നു നീക്കിയ ഔദ്യോഗിക രേഖകളില്‍ അമൃത്സറിലെ സുവര്‍ണക്ഷേത്രത്തില്‍ ഇന്ദിരാഗാന്ധിയുടെ ഭരണത്തില്‍ ഇന്ത്യന്‍ സേന നടത്തിയ കൂട്ടക്കൊലയ്ക്ക് മാര്‍ഗരറ്റ് താച്ചറുടെ ബ്രിട്ടിഷ് സേന വിദഗ്‌ധോപദേശം നല്‍കിയതായി വെളിപ്പെടുത്തിയിരുന്നു.
ബ്രിട്ടനിലെ സിഖ് സംഘടനകള്‍ വര്‍ഷങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നതാണ് സിഖ് കൂട്ടക്കൊലയെ കുറിച്ച് പുനരന്വേഷണം നടത്തണമെന്നത്. 2017ലെ പ്രകടന പത്രികയില്‍ അതിലെ ബ്രിട്ടന്റെ പങ്ക് സംബന്ധിച്ച് സ്വതന്ത്ര അന്വേഷണം നടത്തുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.
കശ്മിരുള്‍പ്പെടെ ലോകത്തെ മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പരാജയപ്പെട്ടെന്ന് കുറ്റപ്പെടുത്തുന്ന മാനിഫെസ്റ്റോ പക്ഷേ കശ്മിര്‍ വിഷയത്തിലെ ലേബര്‍ പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കുന്നില്ല. അതേസമയം സെപ്റ്റംബറില്‍ ലേബര്‍ പാര്‍ട്ടിയുടെ വാര്‍ഷികസമ്മേളനത്തില്‍ പാസാക്കിയ പ്രമേയത്തില്‍ കശ്മിര്‍ പ്രശ്‌നത്തില്‍ അന്താരാഷ്ട്ര ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് ബ്രിട്ടനിലെ 15 ലക്ഷംവരുന്ന ഇന്ത്യന്‍ വംശജരുടെ കടുത്ത എതിര്‍പ്പിന് ഇടയാക്കിയിരുന്നു.
ബ്രിട്ടനില്‍ 15 അസംബ്ലി മണ്ഡലങ്ങളില്‍ ഇന്ത്യന്‍ വംശജരുടെ വോട്ട് നിര്‍ണായകമാണ്. ഇന്ത്യക്കാരുള്‍പ്പെടെയുള്ള ഏഷ്യക്കാര്‍ ബ്രിട്ടനിലെ ജനസംഖ്യയുടെ 40 ശതമാനം വരും. 46 മണ്ഡലങ്ങളില്‍ അവര്‍ക്ക് 20 ശതമാനം വോട്ടുണ്ട്. 122 മണ്ഡലങ്ങളില്‍ 10 ശതമാനം വോട്ടുമുണ്ട്. ഇതാണ് ഇന്ത്യയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ബ്രിട്ടനിലെ പ്രമുഖ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികകളില്‍ സ്ഥാനംപിടിക്കാന്‍ കാരണം.
ലേബര്‍ പാര്‍ട്ടിയുടെ പ്രകടനപത്രിക കൊളോണിയല്‍ കാലത്തെ ബ്രിട്ടിഷ് സൈന്യത്തില്‍ സേവനമനുഷ്ഠിച്ച കറുത്തവരും ഏഷ്യക്കാരുമായ പട്ടാളക്കാരോട് മാപ്പു പറയുകയും തുല്യ തസ്തികയിലെ വെളുത്ത വര്‍ഗക്കാരായ സൈനികര്‍ക്കു ലഭിച്ചതിനെക്കാള്‍ എത്രയോ കുറച്ച് ശമ്പളമാണ് ഇവര്‍ക്ക് ലഭിച്ചതെന്നതിനാല്‍ അതിനു നഷ്ടപരിഹാരം നല്‍കുന്നതിനു ശ്രമിക്കുമെന്നും പറയുന്നുണ്ട്. ശ്രീലങ്കയിലെ തമിഴ്-മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമിക്കുമെന്നും മാനിഫെസ്റ്റോ ഉറപ്പുനല്‍കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."