പൊട്ടുവെള്ളരി ദേശസൂചക സംരക്ഷണ പദവിയിലേക്ക്
കൊടുങ്ങല്ലൂര്‍: തീരമേഖലയുടെ സ്വന്തം വിളയായ പൊട്ടുവെള്ളരി ദേശസൂചക സംരക്ഷണ പദവിയിലേക്ക്. കാര്‍ഷിക സര്‍വകലാശാലയുടെ ഭൗതിക സ്വത്തവകാശവിഭാഗം മേധാവി ഡോ. എല്‍സിയുടെ നേതൃത്വത്തിലാണു കൊടുങ്ങല്ലൂര്‍ പൊട്ടുവെള്ളരി എന്ന പേരില്‍ തനത് ജൈവ ബ്രാന്‍ഡ് ഒരുക്കാനുള്ള ഉദ്യമം തുടങ്ങിയിട്ടുള്ളത്. പുതിയ കണ്ടുപിടുത്തങ്ങള്‍ക്കു ലഭിക്കുന്ന പേറ്റന്റിനു തുല്യമായ ദേശ സൂചക സംരക്ഷണ പദവി ലഭിക്കുന്നതോടെ കൊടുങ്ങല്ലൂര്‍ പൊട്ടുവെള്ളരിക്കു അന്താരാഷ്ട്ര തലത്തില്‍ പോലും വിപണി ലഭിക്കും. ചെന്നൈ ആസ്ഥാനമായുള്ള ഭൗമ സൂചക രജിസ്ട്രിയുടെ അംഗീകാരം ലഭിക്കാന്‍ നിരവധി കടമ്പകള്‍ കടക്കേണ്ടതുണ്ട്. പ്രാഥമിക പഠനം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇനി പൊട്ടുവെള്ളരിയുടെ ഗുണമേന്മ ശാസ്ത്രീയമായി തെളിയിക്കണം. ഒപ്പം പൊട്ടുവെള്ളരിയുടെ ജനിതക ചരിത്രവും കണ്ടെത്തി രേഖയാക്കേണ്ടതുണ്ട്. തുടര്‍ന്നുവേണം പഠന റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍. പ്രകൃതിദത്ത ഉല്പന്നങ്ങള്ക്കു നല്കുന്ന ദേശ സൂചക സംരക്ഷണ പദവി നേടുന്നതോടെ കൊടുങ്ങല്ലൂര്‍ പൊട്ടുവെള്ളരി തനത് ഉല്പന്നമായി മാറും. കൊടുങ്ങല്ലൂരിന്റെ സ്വന്തം കൃഷിയായ പൊട്ടുവെള്ളരി ഇപ്പോള്‍ ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളിലേക്കും എറണാകുളം ജില്ലയിലും വ്യാപിച്ചിട്ടുണ്ട്. കൊയ്ത്തു കഴിഞ്ഞ പാടത്തു കാലമേറെയായി നടത്തിവന്നിരുന്ന വേനല്‍ക്കാല കൃഷിയാണു പൊട്ടുവെള്ളരി. നെല്‍കൃഷി ഇല്ലാതായെങ്കിലും മേഖലയില്‍ പൊട്ടുവെള്ളരി കൃഷി മുടങ്ങാതെ നടക്കുന്നുണ്ട്. പ്രാദേശിക വിപണിയില്‍ ജനപ്രിയമായ പൊട്ടുവെള്ളരി മികച്ച ദാഹശമനിയാണ്. പുതിയ പദവി ലഭിക്കുന്നതോടെ കൊടുങ്ങല്ലൂരിന്റെ വിള ലോകത്തിന്റെ ദാഹമകറ്റും. പദ്ധതിയുടെ ഭാഗമായുള്ള ശില്പശാല ഇന്നു കൊടുങ്ങല്ലൂരില്‍ നടക്കും. ഉച്ചതിരിഞ്ഞു 3.30ന് പണിക്കേഴ്സ് ഹാളില്‍ നടക്കുന്ന ശില്‍പ്പശാല കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. വി.ആര് സുനില്‍ കുമാര്‍ എം.എല്‍.എ അധ്യക്ഷനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."