വയോധികയെ കബളിപ്പിച്ചു വീടും ഭൂസ്വത്തും തട്ടിയെടുത്തതായി പരാതി
വടക്കാഞ്ചേരി: അവിവാഹിതയായ വയോധികയെ ജീവിതകാലം മുഴുവന്‍ സംരക്ഷിക്കാമെന്നു വാഗ്ദാനം ചെയ്തു വീടും ഭൂസ്വത്തും തട്ടിയെടുത്തതായി പരാതി.
കുമ്പളങ്ങാട് കുറ്റിക്കാടന്‍ വീട്ടില്‍ പരേതനായ ദേവസിയുടെ മകള്‍ കൊച്ചന്ന (കത്രീന 83) യാണ് ജില്ലാ കലക്ടര്‍ ടി.വി അനുപമക്ക് പരാതി നല്‍കിയത്. സഹോദരന് പൊറിഞ്ചുവും സഹോദരി മര്ത്തയുമായിരുന്നു കൊച്ചന്നത്തിന്റെ കൂട്ട്. രണ്ടു പേരും മരണമടഞ്ഞതോടെ വയോധിക തീര്‍ത്തും ഒറ്റപ്പെട്ടു.
ജീവിതമാര്‍ഗം അടഞ്ഞു. ഈ സമയത്താണു പുതുരുത്തിയില്‍ താമസിയ്ക്കുന്ന ജ്യേഷ്ഠത്തിയും മക്കളും ചേര്‍ന്നു സംരക്ഷണം ഏറ്റെടുത്തു കൊണ്ടുപോയതെന്നു കൊച്ചന്നം പറയുന്നു. ഒരു വര്‍ഷം പുതുരുത്തിയില്‍ താമസിച്ചു. ഇതിനിടെ വീടും ഭൂസ്വത്തും ജ്യേഷ്ഠത്തി തട്ടിയെടുത്തുവെന്നാണു പരാതിയില്‍ പറയുന്നത്. സ്വത്തു കൈക്കലാക്കിയതോടെ തനിക്കെതിരേ പീഡനവും ആരംഭിച്ചു.
സഹിക്കാതായപ്പോള്‍ പുതുരുത്തിയില്‍ നിന്നു കുമ്പളങ്ങാടില് തിരിച്ചെത്തി. ഇപ്പോള്‍ ഏതു നിമിഷവും തകര്‍ന്നു വീഴാറായ വീട്ടില്‍ വളര്‍ത്തു നായയാണ് ഈ വയോധികയ്ക്കു കൂട്ട്.
തന്റെ സ്വത്തുവഹകള്‍ തട്ടിയെടുത്തവര്‍ക്കെതിരേ നടപടി വേണമെന്നും തിരിച്ചു ലഭിയ്ക്കാന്‍ വഴിയൊരുക്കണമെന്നുമാണു വയോധികയുടെ പ്രധാന ആവശ്യം. വടക്കാഞ്ചേരി പൊലിസ് ഹൗസ് സ്റ്റേഷന് ഓഫിസര്‍ പി.എസ് സുരേഷ്, വടക്കാഞ്ചേരി വില്ലേജ് ഓഫിസര്‍, തലപ്പിള്ളി താലൂക്ക് ഓഫിസര്‍, വനിതാ കമ്മിഷന്, വനിതാ സെല്‍, നഗരസഭ കൗണ്‍സിലര്‍ എന്നിവര്‍ക്കും കൊച്ചന്നം പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."