പാലക്കാട്-കോഴിക്കോട് ദേശീയപാത; അപകട മരണങ്ങള്‍ തുടര്‍ക്കഥ
കല്ലടിക്കോട്: പാലക്കാട് -കോഴിക്കോട് ദേശീയപാതയില്‍ അപകടങ്ങള്‍ തുടര്‍കഥയാവുമ്പോഴും നിരീക്ഷണ സംവിധാനങ്ങള്‍ പ്രഹസനമാകുന്നു. ഒലവക്കോട് മുതല്‍ നാട്ടുകല്‍ വരെയുള്ള ഭാഗത്ത് പതിനാറോളം വളവുകളുള്ളതിനാല്‍ താണാവ് വളവുമാത്രമാണ് ഇതുവരെ നിവര്‍ത്തിയിട്ടുള്ളത്.
അപകടങ്ങള്‍ക്ക് പ്രസിദ്ധിയാര്‍ജിച്ച പന്നിയംപാടം, എടായ്ക്കല്‍ വളവുകള്‍ നിവര്‍ത്തല്‍ ഇപ്പോഴും കടലാസിലാണ്. നാട്ടുകല്‍ മുതല്‍ താണാവു വരെയുള്ള ദേശീയ പാതാവികസനം നീളുന്നതാണ് വളവുകള്‍ നിവരാത്തതും അപകടങ്ങള്‍ പതിവാകുന്നതും. ദേശീയ പാത 266-ല്‍ നാട്ടുകല്‍ 53-ാം മൈലിനു സമീപത്ത് സ്ഥാപിച്ച നിരീക്ഷണ ക്യാമറ കാടുപിടിച്ചിട്ട് മാസങ്ങളായത് അധികൃതര്‍ അറിഞ്ഞിട്ടില്ല. ദേശീയ പാതയിലൂടെ കടന്നു പോകുന്ന വാഹനങ്ങളുടെ അമിതവേഗത തടയാനും അപകടങ്ങള്‍ക്കു ശേഷം നിര്‍ത്താതെ പോകുന്ന വാഹനങ്ങള്‍ പിടിക്കാനുമാണ് ദേശീയ -സംസ്ഥാന നിരീക്ഷണ ക്യാമറകള്‍, റഡാറുകള്‍ എന്നിവ സ്ഥാപിച്ചിരിക്കുന്നതെന്നിരിക്കെ ഇത്തരത്തില്‍ സ്ഥാപിച്ചിരിക്കുന്നവയൊക്കെ നാളുകള്‍ കഴിയുന്നതോടെ കാടുപിടിക്കുകയോ പ്രവര്‍ത്തനരഹിതമാവുകയോ ആണ് പതിവ്. 53-ാം മൈലിനു പുറമെ മുള്ളത്തുപ്പാറ, പുതുപ്പരിയാരം, താഴെക്കാട് എന്നിവടങ്ങളിലേയും കാടുകയറിയ നിലയിലാണ്. മുന്‍കാലങ്ങളില്‍ ഇത്തരത്തില്‍ കാടുകയറിയ ക്യാമറകളെ നേരെയാക്കുമായിരുന്നു. പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ അപകടവളവും തകര്‍ന്ന റോഡുകളും അപകടത്തിന് മറ്റൊരു കാരണമാണ്. മിക്കയിടത്തും സിഗ്നല്‍ സംവിധാങ്ങളോ ഗതാഗത വേഗതാ നിയന്ത്രണത്തിനോ മതിയായ സംവിധാനങ്ങളില്ലാത്തതും അപകടത്തിന്റെ തോത് വര്‍ധിച്ചിരിക്കുകയാണ്.
കോഴിക്കോട് ദേശീയ പാതയിലെ ഒലവക്കോടുമുതല്‍ നാട്ടുകല്‍ വരെയുള്ളഭാഗത്തെ കവലകളിലും അപകടമേഖലകളിലും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കണമെന്നും പ്രവര്‍ത്തന രഹിതമായവ നേരെയാക്കണമെന്നുമാണ് ജനകീയാവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."