ജില്ലാ കലോത്സവം: അപ്പീലുകള്‍ 207; അവസരം 21 എണ്ണത്തിന് മാത്രം
ജംഷീര്‍ പള്ളിക്കുളം
പാലക്കാട്: ജില്ലാ കലോത്സവം രണ്ടു ദിനങ്ങള്‍ കഴിഞ്ഞപ്പോള്‍ വേദികളില്‍ അപ്പീലുകളുടെ പെരുമഴ. ജില്ലയില്‍ നിന്ന് സംസ്ഥാന കലോത്സവത്തിലേക്ക് 207ല്‍ പരം അപ്പീലുകളാണ് നല്‍കിയിട്ടുള്ളതെന്ന് സൂചന. എന്നാല്‍ ആകെ ലഭിച്ച അപ്പീലുകളുടെ പത്ത് ശതമാനം അപ്പീലുകള്‍ മാത്രമേ സ്വീകരിക്കുകയുള്ളു എന്ന സര്‍ക്കാര്‍ തീരുമാനം നിലവിലിരിക്കെ 21 അപ്പീലുകള്‍ മാത്രമെ പരിഗണിക്കപ്പെടുകയൊള്ളു.
ഓരോ അപ്പീലുകള്‍ക്കും 2000 രൂപയാണ് മത്സരാര്‍ഥികളില്‍ നിന്ന് ഈടാക്കുന്നത്. അംഗീകരിക്കപ്പെടുന്ന അപ്പീലുകള്‍ക്ക് മാത്രമേ 2000രൂപ തിരികേ ലഭിക്കുക. ബാക്കി വരുന്ന ഫണ്ട് സര്‍ക്കാരിലേക്കാണ് പോകുന്നത്. കേരളത്തിലുണ്ടായ മഹാപ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കലോത്സവം തന്നെവേണ്ടെന്ന് വെക്കാന്‍ അധികൃതര്‍ ആലോചിച്ചിരുന്നു.
എന്നാല്‍ കലോത്സവം നടത്തണമെന്ന ആവശ്യം പലകോണില്‍ നിന്നും ഉയര്‍ന്നതിനെ തുടര്‍ന്ന് ആര്‍ഭാടങ്ങള്‍ കുറച്ചുകൊണ്ട് കലോത്സവം നടത്താന്‍ തീരുമാനിക്കുകയും ചെയ്യുകയായിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് അപ്പീലുകളുടെ എണ്ണം കുറക്കാനായി അപ്പീല്‍ ഫീസ് 2000 രൂപയാക്കി ഉയര്‍ത്തുകയും രജിസ്റ്റര്‍ ചെയ്യപ്പെടുന്ന അപ്പീലുകളില്‍ നിന്ന് പത്ത് ശതമാനം മാത്രമേ അംഗീകരിക്കപ്പെടുകയുള്ളുവെന്ന തീരുമാനവും അധികൃതര്‍ എടുത്തത്. എന്നാല്‍ ഉയര്‍ന്ന അപ്പീല്‍ ഫീസ് നല്‍കാന്‍ മത്സരാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും തയാറായതോടെയാണ് അപ്പീലുകളുടെ പെരുമഴയായത്.
വിധി നിര്‍ണയത്തില്‍ അപാകത ചൂണ്ടി കാണിച്ചുകൊണ്ട് മത്സരാര്‍ഥികള്‍ സമര്‍പിച്ച അപീലുകള്‍ തീര്‍ത്തും വിധികര്‍ത്താക്കളുടെ അലംഭാവം ഉയര്‍ത്തിപ്പിടിക്കുന്നതാണെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. കലോത്സവം തുടങ്ങുന്നതിന് മുമ്പുതന്നെ വിധികര്‍ത്താക്കളുടെ അലംഭാവം ചൂണ്ടിക്കാട്ടി ഒരു രക്ഷിതാവ് വിജിലന്‍സ് ഡിവൈ.എസ്.പിക്ക് പരാതി നല്‍കിയിരുന്നു.
ചില വിധികര്‍ത്താക്കള്‍ തിരുമറി കാണിക്കാന്‍ സാധ്യതയുണ്ടെന്നും അവര്‍ക്ക് താല്‍പര്യമുള്ളവര്‍ക്ക് മാത്രമേ വിജയം ഉണ്ടാവുകയുള്ളു എന്നും പറഞ്ഞായിരുന്നു പരാതി. ഇയാളുടെ പരാതിയില്‍ വസ്തുതയുണ്ടെന്ന് തെളിയിക്കും വിധമായിരുന്നു അതുമായി ബന്ധപ്പെട്ട വിധികളും.
ഇങ്ങനെ നിരവതി ആക്ഷേപങ്ങളാണ് വിധിനിര്‍ണയവുമായി ബന്ധപ്പെട്ടുകൊണ്ട് കലോത്സവ വേദികളില്‍ നിന്ന് ഉയര്‍ന്നു വന്നത്. അപ്പീലുകളുടെ ഈ വര്‍ദ്ധനവ് സംസ്ഥാനതലത്തില്‍ കലോത്സവത്തിനുമേലുള്ള നിയന്ത്രണങ്ങളെ പ്രതികൂലമായി ബാധിക്കുകയും സംസ്ഥാന തല മത്സരം കൂടുതല്‍ സങ്കീര്‍ണമാക്കുന്നതിനും കാരണമാകും. എന്നാല്‍ 98ല്‍ പരം അപ്പീലുകളാണ് ആകെ ലഭിച്ചിരിക്കുന്നതെന്നും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇത് കുറവാണെന്നും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ എം.ആര്‍ മഹേഷ് കുമാര്‍ അഭിപ്രായപ്പെട്ടു.
മികച്ച സംഘാടനമാണ് ജില്ലാ കലോത്സവത്തില്‍ ഉണ്ടായതെന്നും വിധികര്‍ത്താക്കള്‍ സൂക്ഷ്മതയും കൃത്യതയും കാണിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒറ്റപ്പാലവും പാലക്കാടും ചാംപ്യന്‍മാരായി
ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 394 പോയിന്റു നേടി വ്യക്തമായ മേല്‍ക്കൈയോടെയാണ് പാലക്കാട് ഉപജില്ലാ ചാംപ്യന്‍പട്ടമണിഞ്ഞത്
പാലക്കാട് : 59ാമത് ജില്ലാ കലോത്സവം സമാപിച്ചപ്പോള്‍ സബ്ജില്ലകളില്‍ ഒറ്റപ്പാലവും പാലക്കാടും ചാംപ്യന്‍മാരായി. സ്‌കൂളുകളില്‍ പതിവ്‌തെറ്റിക്കാതെ ആലത്തൂര്‍ ഗുരുഗുലം സ്‌കൂള്‍ ഒന്നാമതെത്തി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 352 പോയിന്റുമായി ഒറ്റപ്പാലം സബ് ജില്ലയാണ് ഒന്നാമതെത്തിയത്. 347 പോയിന്റോടെ ചെര്‍പ്പുളശ്ശേരിയും 346 പോയിന്റുമായി പാലക്കാടും യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി.
ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 394 പോയിന്റു നേടി വ്യക്തമായ മേല്‍ക്കൈയോടെയാണ് പാലക്കാട് ഉപജില്ലാ ചാംപ്യന്‍പട്ടമണിഞ്ഞത്. 352 പോയിന്റ് സ്വന്തമാക്കി പട്ടാമ്പി ഉപജില്ലാ രണ്ടാമതെത്തിയപ്പോള്‍ ബി.എസ്.എസ്.എച്ച്.എസ്.എസ് ഗുരുഗുലത്തിന്റെ കരുത്തില്‍ ആലത്തൂര്‍ ഉപജില്ല 318 പോയിന്റുകള്‍ അക്കൗണ്ടിലാക്കി മൂന്നാംസ്ഥാനം നേടി കരുത്തുതെളിയിച്ചു.
സംസ്‌കൃതോത്സവത്തില്‍ 89 പോയിന്റുനേടി ചെര്‍പ്പുളശേരി ഉപജില്ലയാണ് ഒന്നാമതെത്തിയത്. തൃത്താലയും ആലത്തൂരും രണ്ടും മൂന്നും സ്ഥാനത്തെത്തി. അറബിക് കലോത്സത്തില്‍ 108 പോയിന്റോടെ പട്ടാമ്പി ഉപജില്ലയാണ് ചാമ്പ്യന്‍മാരായത്. മണ്ണാര്‍ക്കാടും ചെര്‍പ്പുളശ്ശേരിയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."